അഭിമന്യു വധം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തില്ല; തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ

മുന്‍ കാലങ്ങളിലെ പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യുഎപിഎ ചുമത്തുന്നതിനോട് സിപിഐഎം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

അഭിമന്യു വധം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തില്ല; തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ

മഹാരാജാസ് കോളേജിലെ ആദിവാസി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഈ ഘട്ടത്തിൽ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം) ചുമത്തില്ലെന്ന് പൊലീസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുന്‍ കാലങ്ങളിലെ പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യുഎപിഎ ചുമത്തുന്നതിനോട് സിപിഐഎം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന നിയമോപദേശം പോലീസിന് ലഭിച്ചത്. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിനു പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യുഎപിഎ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.

കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍ഐഎ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ മുന്നോട്ട് വന്നാല്‍ എതിര്‍ക്കില്ലെന്നാണ് സൂചന. അതേസമയം, പ്രതികളെ പിടികൂടാനായി ഇതര സംസ്ഥാന പൊലീസിന്റെ സഹായവും പോലീസ് തേടി.

സംയുക്ത പരിശോധനയാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്കു കടന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. മുഖ്യപ്രതിയെന്ന് കരുതുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഉള്‍പ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവില്‍ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ കസ്റ്റഡിയിലുള്ള അഞ്ചു പേരില്‍ ചിലരുടെ അറസ്റ്റ് അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.



Read More >>