പവർ കട്ട് ഉണ്ടാകില്ലെന്നു മന്ത്രി; കറണ്ടില്ലാതെ ജനങ്ങള്‍: കൈമലര്‍ത്തി വൈദ്യുതി ബോര്‍ഡും

സംസ്ഥാനത്തെ പല ജില്ലകളിലും രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്. പൊതുവായി ഒരുമണിക്കൂറില്‍ പത്തും പതിനഞ്ചും മിനിട്ടുകള്‍ വീതവും ചിലപ്പോള്‍ മണിക്കൂറുകളോളവും നീണ്ടു നില്‍ക്കുന്ന പവര്‍ക്കട്ടു മൂലം ഓഫീസ്- കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

പവർ കട്ട് ഉണ്ടാകില്ലെന്നു മന്ത്രി; കറണ്ടില്ലാതെ ജനങ്ങള്‍: കൈമലര്‍ത്തി വൈദ്യുതി ബോര്‍ഡും

സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്നായിരുന്നു വൈദ്യുതിമന്ത്രി എംഎം മണിയുടെ ഉറപ്പെങ്കിലും ജനങ്ങള്‍ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് മൂലം വലയുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്. പൊതുവായി ഒരുമണിക്കൂറില്‍ പത്തും പതിനഞ്ചും മിനിട്ടുകള്‍ വീതവും ചിലപ്പോള്‍ മണിക്കൂറുകളോളവും നീണ്ടു നില്‍ക്കുന്ന പവര്‍ക്കട്ടു മൂലം ഓഫീസ്- കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

കൊച്ചിയും കോഴിക്കോടുമുള്‍പ്പെടെയുള്ള നഗരങ്ങളിലുള്ളവര്‍ വലിയ തോതിലാണ് ഈ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് അനുഭവിക്കുന്നത്. ലൈനുകളിലെ അറ്റകുറ്റപ്പണികളുടെ പേരിലുള്ള വൈദ്യുതി വിച്‌ഛേദിക്കലിന് പുറമെയാണിത്. ഗ്രാമീണ മേഖലയില്‍ വോള്‍ട്ടേജ് വ്യതിയാനം വരുത്തിയാണ് വൈദ്യുതി വിതരണം നടത്തുന്നതെന്നും പരാതികള്‍ ഉയരുന്നുണ്ട്. സംസ്ഥാനത്ത് ചൂടു കടുത്തതോടെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.

കൈക്കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജില്ലാ ആശുപത്രി വാര്‍ഡിലടക്കം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ പിന്നീട് കറണ്ട് വരൂ എന്നതാണ് അവസ്ഥ. ഗ്രാമങ്ങളും മലയോര മേഖലകളും അപ്രതീക്ഷിതമായി പലപ്പോഴും ഇരുട്ടിലാകുന്നതോടെ ജനങ്ങളുടെ ആശങ്കയും ഇരട്ടിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് അധികൃതരോട് എത്ര പരാതിപ്പെട്ടാലും പരിഹാരമില്ലെന്ന് ജനങ്ങള്‍ പറയുന്നു.

ലൈനുകളിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ വിവിധ സ്ഥലങ്ങളിലെ ഫീഡറുകള്‍ സമയക്രമം മാറ്റി ഓഫ് ചെയ്ത് വൈദ്യുതി വിതരണം മുടക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‌ഫോര്‍മര്‍ തകരാറാണ് പലപ്പോഴും അധികൃതര്‍ കാരണമായി പറയുന്നത്. എന്നാല്‍ കാര്യമറിയാന്‍ കെഎസ്ഇബി ഓഫീസിലേയ്ക്കു വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ലെന്നുള്ള പരാതിയുമുണ്ട്.

കൊച്ചിയില്‍ പകല്‍സമയങ്ങളില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. കോഴിക്കോട് നഗരത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. മുമ്പ് വൈദ്യുതിയില്ലാത്തതിന് കാറ്റിനെയും മഴയെയും മുന്‍പു പഴിച്ചിരുന്ന ബോര്‍ഡ് അധികൃതര്‍ ഇതു രണ്ടുമില്ലാത്തപ്പോഴും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതെന്തിനാണെന്നുള്ള ചോദ്യത്തിന് കൈമലര്‍ത്തുകയാണ്. കുടിവെള്ള പദ്ധതികളെയടക്കം വൈദ്യുതിമുടക്കം ബാധിച്ചിരിക്കുന്നു. എന്നാല്‍ ഇതിനൊന്നും കൃത്യമായ വിശദീകരണം തരാന്‍ ബോര്‍ഡ് സന്നദ്ധറാകുന്നില്ല.

ഇപ്പോള്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തിനു പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിയുടെ കുറവു കൂടിയുണ്ടായതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ് . ഈ വേനല്‍ക്കാലത്ത് പവര്‍ക്കട്ട് ഉണ്ടാകില്ലെന്ന വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ പ്രതിസന്ധി മറികടക്കാന്‍ വകുപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാൽ ഇത്തരമൊരു ശ്രമമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈദുതി ബോർഡ് അധികൃതർ അറിയിച്ചു.

'സംസ്ഥാനത്ത് വൈദ്യുതിയുടെ കാര്യത്തില്‍ ഈ പറയുന്ന പ്രതിസന്ധിയൊന്നുമില്ല. വര്‍ഷകാലത്തിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ വൈദ്യുതി പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ ഷെഡിംഗ് നടക്കുന്നില്ല.'- വൈദ്യുതി വകുപ്പിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.