മൂന്നാറിൽ കൈയേറ്റക്കാരോട് ദയയുണ്ടാവില്ലെന്നു മുഖ്യമന്ത്രി; മുന്നണിയിൽ ഭിന്നതയില്ല

വീടും ഭൂമിയുമില്ലാതെ അവിടെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രമായ നിയമ നിര്‍മാണം ആലോചനയിലാണെന്നും പ്രായോ​ഗിക പ്രശ്നങ്ങൾ നോക്കി ചില നിയമങ്ങളിൽ ഭേദ​ഗതി വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാര്‍ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കേണ്ടെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിൽ കൈയേറ്റക്കാരോട് ദയയുണ്ടാവില്ലെന്നു മുഖ്യമന്ത്രി; മുന്നണിയിൽ ഭിന്നതയില്ല

മൂന്നാറിൽ കൈയേറ്റക്കാരോട് ദയയുണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സർവകക്ഷിയോ​ഗത്തിനു മുന്നോടിയായുള്ള മാധ്യമപ്രവർത്തകരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീടും ഭൂമിയുമില്ലാതെ അവിടെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രമായ നിയമ നിര്‍മാണം ആലോചനയിലാണെന്നും പ്രായോ​ഗിക പ്രശ്നങ്ങൾ നോക്കി ചില നിയമങ്ങളിൽ ഭേദ​ഗതി വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാര്‍ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കേണ്ടെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് സര്‍ക്കാരിനറിയാമെന്നു പറഞ്ഞ മുഖ്യമന്ത്രി, രാഷ്ട്രീയ ജീര്‍ണത ഇടുക്കിയില്‍ മാത്രമായി ഇല്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, മൂന്നാറിലെ ഭൂമി വനം വകുപ്പിനു കീഴില്‍ കൊണ്ടുവരണമെന്ന നിർദേശം 11 മണിക്കു നടന്ന യോ​ഗത്തിൽ പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടുവച്ചു. ഒപ്പം, മൂന്നാറിലെ തർക്കഭൂമികൾ വന നിയമത്തിനു കീഴിൽ കൊണ്ടുവരണമെന്നും അങ്ങനെവന്നാൽ യാതൊരുവിധത്തിലും പരിസ്ഥിതിയെ നശിപ്പിക്കാനോ റിസോർട്ടുണ്ടാക്കാനോ ആർക്കും കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കു ദോഷകരമായ കെട്ടിടങ്ങളും കൈയേറ്റങ്ങളും പൊളിച്ചുനീക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

ഉച്ചകഴിഞ്ഞു മൂന്നിന് മതമേലധ്യക്ഷന്മാരുമായുള്ള യോ​ഗം നടക്കും. വൈകീട്ട് അ‍ഞ്ചിനാണ് സർവ്വകക്ഷിയോ​ഗം. മുഖ്യമന്ത്രിയെ കൂടാതെ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, നിയമ മന്ത്രി എ കെ ബാലന്‍, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്.

യോഗത്തിനു മുന്നോടിയായി കൈയേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ 154 കൈയേറ്റക്കാരുടെ പട്ടികയില്‍ മന്ത്രി എം എം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷ് ലംബോധരന്റെയും സിപിഐഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം ആല്‍ബിന്റേയും പേരുണ്ട്. ഈ റിപ്പോര്‍ട്ടും സർവ്വകക്ഷിയോ​ഗത്തിൽ ചര്‍ച്ച ചെയ്യും.

മാത്രമല്ല, മൂന്നാറിൽ എസ് രാജേന്ദ്രൻ എംഎൽഎയുടെ പേരിലുള്ള ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന് റവന്യു മന്ത്രി ഇന്നലെ നിയസമഭയിൽ വ്യക്തമാക്കിയതും ചർച്ചയുടെ ഭാ​ഗമാകും. കൈയേറ്റവിഷയത്തിൽ റവന്യൂ വകുപ്പ് കൈയാളുന്ന സിപിഐയും പ്രതിപക്ഷവും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. പാർട്ടിക്കാർ തന്നെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിതിക്ക് മുഖ്യമന്ത്രി എന്തു നിലപാടെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ എങ്ങനെ പുനരാരംഭിക്കും എന്നു ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗം വിളിച്ചുചേർത്തത്.