എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന് രേഖകളില്ല; കെഎസ്ഇബിയുടേതെന്ന് റിപ്പോർട്ട്

കെഎസ്ഇബിയുടെ പേരിലുള്ള ഭൂമി കൈയേറി ഇക്കാ ന​ഗർ എന്ന ബോർഡ് സ്ഥാപിച്ചാണ് എംഎൽഎയും സംഘവും വീടും കെട്ടിടങ്ങളും പണിത് താമസിക്കുന്നതെന്ന് മുൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പി എൻ ബിജു കണ്ടെത്തിയിരുന്നു.

എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന് രേഖകളില്ല; കെഎസ്ഇബിയുടേതെന്ന് റിപ്പോർട്ട്

അനധികൃത നിർമാണം തടയാനെത്തിയ ദേവികുളം സബ് കളക്ടറെ അപമാനിച്ചുവിട്ട എസ് രാജേന്ദ്രൻ എംഎൽഎയുടെ വീടിരിക്കുന്ന സ്ഥലത്തിന് രേഖകളില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. സബ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് വില്ലേജ് ഓഫീസർ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം എംഎൽഎയുടെ വീടിനു സമീപത്തെ ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നത് സബ് കളക്ടർ രേണു രാജ് നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെ വിശദമായ റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു.

എംഎല്‍എയുടെ വീടിന് സമീപത്തുനിന്ന് മണ്ണെടുപ്പ് നടത്തിയ ഭൂമി കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സിപിഐഎം നേതാവ് ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അവകാശവാദം. ഇതിനിടെയാണ് എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയെക്കുറിച്ചും വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയത്. എംഎല്‍എയുടെ വീടിരിക്കുന്ന സ്ഥലം കെഎസ്ഇബി ഉടമസ്ഥതയിലുള്ളതാണെന്ന് സംശയമുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ട്.

എന്നാൽ, കെഎസ്ഇബിയുടെ പേരിലുള്ള ഭൂമി കൈയേറി ഇക്കാ ന​ഗർ എന്ന ബോർഡ് സ്ഥാപിച്ചാണ് എംഎൽഎയും സംഘവും വീടും കെട്ടിടങ്ങളും പണിത് താമസിക്കുന്നതെന്ന് മുൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പി എൻ ബിജു കണ്ടെത്തിയിരുന്നു. ഈ സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതിനിടെ ബിജുവിനെ മന്ത്രി എം എം മണിയടക്കമുള്ളവർ ഇടപെട്ട് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റുകയായിരുന്നു. ഈ രേഖകൾ അടക്കമുള്ളവ ഇപ്പോൾ മൂന്നാർ വില്ലേജ് ഓഫീസിൽ ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം.

മൂന്നാറിൽ കെഎസ്ഇബി അധീനതയിലുള്ള ഭൂമിയിൽ നിർമിച്ചിരിക്കുന്ന എസ് രാജേന്ദ്രൻ എംഎൽഎയുടെ വീട്


എംഎല്‍എയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം നേരത്തെ പഴയ കെഡിഎച്ച് വില്ലേജ് ഓഫീസിന് കീഴിലായിരുന്നു. പിന്നീട് മൂന്നാര്‍ വില്ലേജ് നിലവില്‍ വന്നതോടെ ഇതിനുകീഴിലായി. ഇതോടെയാണ് ഈ ഭൂമിയുടെ രേഖകൾ കാണാതായതന്നൊണ് വിലയിരുത്തൽ. വിഷയത്തില്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണെന്നും രേഖകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫീസര്‍ സബ് കളക്ടര്‍ രേണുരാജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നാറിൽ നടക്കുന്ന കൈയേറ്റങ്ങൾക്ക് അനുകൂലമായ നിലപാടാണ് എസ് രാജേന്ദ്രൻ എംഎൽഎ സ്വീകരിച്ചുവരുന്നതെന്ന ആരോപണം ശക്തമാണ്.

കൈയേറ്റ ഭൂമിയിലാണ് സ്വന്തം വീടിരിക്കുന്നതെന്നതു കൊണ്ടാണ് കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന സബ് കളക്ടർമാർക്കും ഉദ്യോ​ഗസ്ഥർക്കുമെതിരെ രം​ഗത്തുവരുന്നതും അവരെ മാറ്റാൻ സമ്മർദം ചെലുത്തുന്നതുമെന്നാണ് ആരോപണം.