കണ്ണൂരിലെ പുലിക്കു പിന്നാലെ നാരദ; പുലി വന്നത് എങ്ങനെയെന്ന് ഉത്തരമില്ലാതെ വനംവകുപ്പ്: തീവണ്ടിക്കഥ തള്ളി റെയില്‍വെ

കേരളത്തിലെ ഒരു നഗരത്തില്‍ പുലിയിറങ്ങിയത് നിസ്സാരമായി തള്ളാനാവില്ല. ശാസ്ത്രീയമായി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു- കണ്ണൂരിലിറങ്ങിയ പുലിക്കു പിന്നാലെ നാരദ.

കണ്ണൂരിലെ പുലിക്കു പിന്നാലെ നാരദ; പുലി വന്നത് എങ്ങനെയെന്ന് ഉത്തരമില്ലാതെ വനംവകുപ്പ്: തീവണ്ടിക്കഥ തള്ളി റെയില്‍വെ

കണ്ണൂരിൽ ഇറങ്ങിയ പുലിയെ ന്യൂജൻ ഭാഷയിൽ ട്രോളർമാരുടെ പുലിയെന്ന് വിളിക്കേണ്ടിവരും. നരേന്ദ്ര മോഡിയും പിണറായി വിജയനുമടക്കം നാട്ടിലെ സകലമാന പുലികളിയും നിർഭയം ട്രോളുന്ന ഫെയ്‌സ്ബുക്ക് പിള്ളാർ കാട്ടിൽ നിന്നെത്തിയ ഒറിജിനൽ പുലിയെയും വെറുതെവിട്ടില്ല.

ട്രോളുകൾ സൃഷ്ടിച്ച ചിരിയും പുലി സൃഷ്ടിച്ച ഭീതിയും അവസാനിക്കുമ്പോഴും പുലി കടന്നെത്തിയ പാതയെക്കുറിച്ചുള്ള കഥകൾ വളരുകയാണ്. പുലിപ്പാതയെക്കുറിച്ച് കൃത്യമായി വിശദീകരിക്കാൻ ആവാതെ വനംവകുപ്പ് അന്വേഷണം തുടരുമ്പോഴും 'ശാസ്ത്രീയ വിശദീകരണം' ഉള്ള കെട്ടുകഥകൾക്ക് കണ്ണൂരിൽ പഞ്ഞമില്ല.

അനേകായിരം കഥകൾ; ഒരേ ഒരു പുലി

നഗരഹൃദയത്തിൽ പുലി എങ്ങനെയാവും എത്തിയത് എന്നത് സംബന്ധിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്. ആദ്യം പ്രചരിച്ച കഥ ജില്ലാതിർത്തിയോട് തൊട്ടുകിടക്കുന്ന കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ കാട്ടുതീ ഉണ്ടായതിനെത്തുടർന്ന് ഓടിവന്ന പുലിയാകാം എന്നാണ്. പുലിയെത്തിയ സമയത്ത് കാട്ടുതീയെ തുടർന്ന് ആയിരത്തോളം ഹെക്ടർ വനം കത്തി നശിച്ചുകൊണ്ടിരുന്നതിനാൽ ഇത് തന്നെയാണ് സത്യം എന്ന് കഥയിൽ വിശ്വസിക്കുന്നവർ നെഞ്ചത്തടിച്ചു പറയുന്നു.

പിന്നെയുള്ളത് ഒരു തീവണ്ടിക്കഥയാണ്. മംഗളുരു - ഷൊർണുർ റെയിൽവേ ലൈനിനോട് ചേർന്നുള്ള കസാനക്കോട്ട ദേശത്താണ് പുലിയെ കണ്ടത് എന്നതിനാൽ തന്നെ ഈ കഥയ്ക്ക് വിശ്വാസതയുണ്ടെന്നാണ് 'തീവണ്ടിക്കഥ'പറച്ചിലുകാരുടെ മതം. മംഗളുരുവിനപ്പുറത്ത് കൊങ്കൺ റെയിൽ താണ്ടി വന്ന ഏതോ ഒരു ഗുഡ്സ് ട്രെയിനിനകത്ത് കർണാടകയിലെ വനങ്ങളിൽ നിന്ന് കയറിയതാകാം പുലിയെന്നാണ് ഇവരുടെ വിശ്വാസം. പുലി വാഗണിൽ കയറിയപ്പോൾ വാതിൽ അടഞ്ഞു കാണുമത്രേ പിന്നീട് കണ്ണൂരിൽ എത്തിയപ്പോൾ 'യാദൃശ്ചികമായി' വാതിൽ തുറന്നു കാണുമെന്നും പുലി പുറത്ത് ചാടിയിരിക്കുമെന്നും ഇവർ വാദിക്കുന്നു.

മേൽപ്പറഞ്ഞ രണ്ടു കഥകളാണ് കൂടുതലായും പറഞ്ഞു കേൾക്കുന്നതെങ്കിലും രസകരമായ മറ്റു ചില കഥകളും പ്രചരിക്കുന്നുണ്ട്. 'തീവണ്ടിക്കഥ' പോലെ 'നാഷണൽ പെർമിറ്റ് ലോറികഥയും' ഉണ്ട് ചിലർക്കെങ്കിലും പറയാൻ. കർണാടകയിലെ വീരാജ്പേട്ടയിൽ നിന്നും ബ്രഹ്മഗിരി റിസർവ് വനത്തിലൂടെയുള്ള റോഡിലൂടെ പച്ചക്കറിയടക്കം കയറ്റി നിരവധി നാഷണൽ പെർമിറ്റ് ലോറികൾ ഓരോ ദിവസവും കണ്ണൂർ നഗരത്തിൽ എത്തുന്നുണ്ട്. ഇതിലൊന്നിൽ കയറിയാവാം പുലിയെത്തിയത് എന്നാണ് കഥ! വില്ലന്റെയോ പോലീസിന്റെയോ കണ്ണുവെട്ടിച്ച് നാഷണൽ പെർമിറ്റ് ലോറിക്ക് മുകളിൽ മലർന്നു കിടന്നു രക്ഷപ്പെടുന്ന സിനിമാകഥകളിലെ നായകനെ വെല്ലും ഈ പുലിക്കഥ!

Related image

നഗരത്തിൽ നിന്ന് അത്രയൊന്നും അകലെയല്ലാതെ ഒഴുകുന്ന വളപട്ടണം പുഴയും അതിൽ ചേരുന്ന കൈവഴികളും ഉത്ഭവിക്കുന്നത് ബ്രഹ്മഗിരി - വയനാടൻ കാടുകളിൽ നിന്നാണ്. 'മൃഗയ' സിനിമയെ മാതൃകയാക്കി പുലി വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തിയതായിരിക്കുമത്രേ!

ന്യൂജൻ പിള്ളാരുടെ ട്രോളുകഥകൾ മാരകമാണ്‌. 'മെക്സിക്കൻ അപാരത' കണ്ട് കണ്ണൂരെന്നൊരു നാടുണ്ടെന്നറിഞ്ഞാണ് പുലി കണ്ണൂരെത്തിയത് എന്നതുമുതൽ വിശന്നപ്പോൾ ഹോട്ടൽ തേടിയിറങ്ങിയതാണെന്നും തലശ്ശേരി ബിരിയാണി കഴിക്കാനെത്തിയതാണെന്നും വരെ ട്രോളുകൾ നിറഞ്ഞു. കണ്ണൂരുകാരുടെ ഭാഷാകേട്ട് വണ്ടറടിച്ച പുലിയെക്കുറിച്ചുള്ള ട്രോൾ കഥകൾക്കും പഞ്ഞമില്ല.

കഥയിൽ കാര്യമില്ല!

എന്നാൽ വിദഗ്ധർ ഈ കഥകളെ നിഷേധിക്കുന്നു. കുടക് വനങ്ങളിൽ നിന്നും കുറഞ്ഞത് 60 കിലോമീറ്ററെങ്കിലും ദൂരമുണ്ട് കണ്ണൂരിലേക്ക്. നഗരത്തിന്റെ അമ്പതു കിലോമീറ്റർ പരിധിയിലാകട്ടെ പുലിക്ക് മറഞ്ഞിരിക്കാൻ സാധിക്കുന്ന തരത്തിൽ കാടുകളും ഇല്ല.

ജനവാസമേഖലയിൽ കൂടി ഇത്രയും ദൂരം പുലിക്ക് സഞ്ചരിക്കാൻ കഴിയുക പ്രായോഗികമായ കാര്യമല്ലെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു. വഴിയിൽ വച്ച് ഏതെങ്കിലും സാഹചര്യത്തിൽ പുലിയെ ആരെങ്കിലും കാണുമായിരുന്നു. വീട്ടിൽ വളർത്തുന്ന ജീവികളെ പുലി വേട്ടയാടുന്ന സന്ദർഭം ഉണ്ടാവും. ജനവാസമേഖലകളിൽ കുറ്റിക്കാട്ടിലോ മറ്റോ പതുങ്ങിയിരുന്നാൽ പട്ടികൾ മണത്തുകണ്ടുപിടിക്കാനും ബഹളമുണ്ടാക്കാനുമുള്ള സാധ്യതകൾ ഏറെയാണ്. 'കാട്ടുതീ ഭയന്നെത്തിയ പുലി' എന്ന ശ്രവണ സുന്ദരമായ കഥയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ധർ അടിവരയിടുന്നു.'തീവണ്ടിക്കഥ' അനൗദ്യോഗികമായി പറഞ്ഞു തുടങ്ങിയത് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ്. കഥയ്ക്ക് പിൻബലമേകാനായി ശക്തമായ തെളിവുകളോ ശാസ്ത്രീയമായ വാദങ്ങളുടെ പിന്ബലമോ അവരുടെ കൈകളിൽ ഇല്ലെന്നതാണ് യാഥാർഥ്യം.
വെള്ളമോ ഭക്ഷണമോ കൂടാതെ പുലിക്ക് മൂന്നു ദിവസത്തിലധികം ജീവിക്കാൻ കഴിയില്ലെന്നാണ് വസ്തുത. ശരിയായ വിധത്തിൽ വായു പോലും ലഭിക്കാത്ത ഒരു വാഗണിൽ പുലി വെള്ളവും ഭക്ഷണവും ഇല്ലാതെ സഞ്ചരിക്കുക എന്നതൊക്കെ വസ്തുതകൾക്ക് നിരക്കാത്തതാണ്. വാഗണിൽ കുടുങ്ങിപ്പോയ പുലി രക്ഷപ്പെടാനായി പെടാപ്പാടുപെടുമെന്നു തീർച്ച. തീവണ്ടിയുടെ ശബ്ദവും കൂടിയായാൽ ഇതിനുള്ള ആക്കം കൂടും. കൃത്യമായ ഇടവേളകളിൽ വാഗണുകളും അവ കൂട്ടിയോജിപ്പിക്കുന്ന സംവിധാനങ്ങളും ചക്രങ്ങളും പരിശോധിക്കാറുണ്ടെന്നും പുലിയുടെ പരാക്രമത്തിന്റെ ശബ്ദം അങ്ങനെയെങ്കിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകുമായിരുന്നുവെന്നും റെയിൽവേ ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു. 'തീവണ്ടിക്കഥ' അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിച്ച് പറയുകയാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ റെയിൽവേ ഉദ്യോഗസ്ഥൻ.

'പുലിപ്പാത' കണ്ടെത്തേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്തം

ലൈവ് ടെലികാസ്റ്റിംഗും സോഷ്യൽ മീഡിയയും ചേർന്ന് ആഘോഷമാക്കിയതിനാലാണ് കണ്ണൂർ സിറ്റിയിലിറങ്ങിയ പുലി സെലിബ്രിറ്റിയായത്. യഥാർത്ഥത്തിൽ നഗരത്തിലിറങ്ങുന്ന ആദ്യത്തെ പുലിയൊന്നുമല്ല ഇത്. 1991ലാണ് ആദ്യ പുലിയെത്തുന്നത്. കണ്ണൂർ നഗരത്തിൽ നിന്നും വിളിപ്പാടകലെ കക്കാട് പ്രദേശത്താണ് പുലിയിറങ്ങിയത്. പ്രദേശവാസികളെയാകെ വിറപ്പിച്ച പുലി അത്താഴക്കുന്നിലെ ഒരു വീട്ടിൽ കയറി ഇരിപ്പുറപ്പിച്ചു. അവിടെവച്ചാണ് തൃശൂരിൽ നിന്നെത്തിയ വനവകുപ്പിന്റെ വിദഗ്ധസംഘം പുലിയെ മയക്കുവെടി വച്ച് പിടികൂടിയത്.
Image result for kannur leopard

പിന്നീട് 2010 ഏപ്രിലിൽ നഗരത്തിൽ നിന്നും ഏറെയകലെയല്ലാത്ത തീരദേശപ്രദേശമായ അഴീക്കലിൽ പുലി വീണ്ടുമെത്തി. ചാൽ ബീച്ചിലെ ചവോക്ക് കാടുകൾക്കിടയിൽ വനം വകുപ്പ് ഒരുക്കിയ കെണിയിൽ വീഴ്ത്തിയാണ് ഒടുക്കം പുലിയെ പിടികൂടിയത്. പിന്നീടിപ്പോൾ 2017ൽ മൂന്നാം തവണയാണ് പുലിയെത്തിയിരിക്കുന്നത്.

ആനകളും കാട്ടുപന്നികളും വനംവിട്ടിറങ്ങുന്നതു പോലെ നിസ്സാരമായ കാരണങ്ങൾക്കൊന്നും പുലികൾ പുറത്തിറങ്ങില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ഏതായാലും നഗരത്തിലിറങ്ങിയ പുലികൾ താണ്ടിയ പാതകൾ ഏതെന്ന് ഉറപ്പിച്ചുപറയാനാകാത്ത നിലയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

'വീട്ടിലേക്ക്' മടങ്ങാനായി പുലിയുടെ കാത്തിപ്പ്

കണ്ണൂരിൽ വന്ന പുലി നെയ്യാർ സംരക്ഷണ കേന്ദ്രത്തിൽ കാട്ടിലേക്ക് മടങ്ങാനുള്ള ദിവസം കാത്ത് ഇരിപ്പാണ് ഇപ്പോൾ. ഇരയായി കൊടുക്കുന്ന മുയലുകളെയും ഭക്ഷിച്ച് സുഖമായിട്ടിരിക്കുന്നെന്ന് നെയ്യാർ സംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റൻഡ് വൈൽഡ് ലൈഫ് വാർഡൻ അനിഷ് കുമാർ നാരദാ ന്യൂസിനോട് പറഞ്ഞു. കൂട്ടിൽ മൂന്നു ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പുലി എപ്പോഴും നിരീക്ഷണത്തിലാണ്. ശാന്തനാണെങ്കിലും കമ്പികൾക്കിടയിലൂടെ എപ്പോഴും പുറത്തേക്കുള്ള വഴി അന്വേഷിക്കുകയാണ് - അനിഷ് പറയുന്നു.
Image result for കണ്ണൂരില് പുലി

ദിവസവും ഡോക്ടർ പുലിയെ പരിശോധിക്കുന്നുണ്ട്. കാലിലുണ്ടായിരുന്ന നിസ്സാര പരിക്ക് മാറ്റിനിർത്തിയാൽ പൂർണ ആരോഗ്യവാനാണ്. ഡോക്ടർമാരും വിദഗ്ധരും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും തീരുമാനിച്ചാൽ ഉടൻ പുലിക്ക് കാട്ടിലേക്ക് മടങ്ങാനാകും. നാട്ടിൽ നിന്ന് പിടികൂടുന്ന പുലികളെ ഉൾക്കാട്ടിലാണ് തിരികെ വിടുക. പൊതുവെ പിടികൂടിയ വനമേഖലയിൽ തന്നെയാണ് പുലിയെ തിരികെ വിടുക. എന്നാൽ നഗരത്തിൽ നിന്ന് പിടികൂടിയ സാഹചര്യത്തിൽ പുലിയെ ഏതു വനത്തിൽ തിരികെവിടണമെന്നത് സംബന്ധിച്ച് വനംവകുപ്പ് തീരുമാനമെടുക്കും.

Read More >>