ജില്ലാ കളക്ടറുടെ ഉത്തരവിനു പുല്ലുവില; വെള്ളിപറമ്പിൽ അനധികൃതമായി ഭൂമി തരംമാറ്റി നിർമിച്ച എസ്എൻഡിപി കെട്ടിടം പൊളിക്കാൻ നടപടിയില്ല

2012ലാണ് വെള്ളിപറമ്പില്‍ കെട്ടിട നിര്‍മാണം തുടങ്ങിയത്. 2013ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് എം കെ രാഘവന്‍ എംപി ഉദ്ഘാടനവും നിര്‍വഹിച്ചു. 2008ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന മൂന്നു സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വെള്ളിപറമ്പ് ശ്രീനാരായണ ഗുരുദേവ കുടുംബസമിതി പ്രസിഡന്റ് പൂത്തലത്ത് ചാലില്‍ അശോകന്‍, കാനങ്ങാട്ട് ദേവന്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയിലാണ് കെട്ടിടം. തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 13 പ്രകാരം റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂവുടമകള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയാണ് ഇവിടെയുള്ള കെട്ടിടം പൊളിച്ച് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടത്

ജില്ലാ കളക്ടറുടെ ഉത്തരവിനു പുല്ലുവില; വെള്ളിപറമ്പിൽ അനധികൃതമായി ഭൂമി തരംമാറ്റി നിർമിച്ച എസ്എൻഡിപി കെട്ടിടം പൊളിക്കാൻ നടപടിയില്ല

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ വെള്ളിപറമ്പില്‍ ഭൂമി തരം മാറ്റി അനധികൃതമായി നിര്‍മിച്ച എസ്എന്‍ഡിപി ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനു പുല്ലുവില. 2016 ജൂലൈയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് ഇതുസംബന്ധിച്ച് ഉത്തവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പൊലീസ് അധികാരികള്‍ എന്നിവര്‍ക്കു നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും നടപടിയുണ്ടായിട്ടില്ല. വയല്‍ നികത്താന്‍ മണ്ണു കൊണ്ടുവന്ന കോട്ടൂളി സ്വദേശി സുബീഷിന്റെ ടിപ്പര്‍ ലോറി റവന്യു വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ഇതുവരെയുണ്ടായ നടപടി.

5.10 ലക്ഷം രൂപ ഫൈന്‍ അടച്ചാല്‍ മാത്രമേ ലോറി തിരികെ കിട്ടുകയുള്ളു. വായ്പയെടുത്ത് ടിപ്പര്‍ ലോറി വാങ്ങിച്ച സുബീഷ് തൊഴില്‍ രഹിതനായെങ്കിലും അനധികൃത കെട്ടിടത്തിനെതിരെ തുടര്‍നടപടിയൊന്നുമുണ്ടായില്ല. ഇതുസംബന്ധിച്ച് കോഴിക്കോട് തഹസീല്‍ദാറുമായി ബന്ധപ്പെട്ടെങ്കിലും അദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. മതസംഘടനയുടെ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനുള്ള ഭയമാണ് ഉദ്യോഗസ്ഥരുടെ പ്രശ്‌നമെന്ന് ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

2012ലാണ് വെള്ളിപറമ്പില്‍ കെട്ടിട നിര്‍മാണം തുടങ്ങിയത്. 2013ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് എം കെ രാഘവന്‍ എംപി ഉദ്ഘാടനവും നിര്‍വഹിച്ചു. 2008ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന മൂന്നു സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വെള്ളിപറമ്പ് ശ്രീനാരായണ ഗുരുദേവ കുടുംബസമിതി പ്രസിഡന്റ് പൂത്തലത്ത് ചാലില്‍ അശോകന്‍, കാനങ്ങാട്ട് ദേവന്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 13 പ്രകാരം റവന്യൂ വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് ഭൂവുടമകള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയാണ് ഇവിടെയുള്ള കെട്ടിടം പൊളിച്ച് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടത്. അതിനാണ് ഉദ്യോഗസ്ഥര്‍ പുല്ലുവില കല്‍പ്പിച്ചിട്ടുള്ളത്.

Read More >>