ആയിരം രൂപ കൈക്കൂലി കൊടുക്കാത്തതിന് ആര്‍ ടി ഓ ചെക്ക് പോസ്റ്റില്‍ സി പി എം നേതാവിന് നേരെ അക്രമം; മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിൽ നടപടിയില്ല

രശീതില്‍ കാണിച്ച 600 രൂപയ്ക്ക് പകരം ചോദിച്ചത് 1600 രൂപ, കൊടുക്കാത്തതിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ രണ്ടു മണിക്കൂറോളം പാലക്കാട് ഗോവിന്ദപുരം ചെക്ക് പോസ്റ്റില്‍ തടഞ്ഞിട്ട് വാഹനത്തിന്റെ രേഖകള്‍ തട്ടിയെടുത്തതായി കാണിച്ചാണ് തമിഴ്‌നാട് സി പി എം നേതാവ് മുഖ്യമന്ത്രിക്ക് പിണറായി വിജയന് പരാതി നല്‍കിയത്. എന്നാൽ പരാതിയിന്മേൽ നടപടികളില്ലാതെ അവസാനിപ്പിച്ചു.

ആയിരം രൂപ കൈക്കൂലി കൊടുക്കാത്തതിന്  ആര്‍ ടി ഓ ചെക്ക് പോസ്റ്റില്‍ സി പി എം നേതാവിന് നേരെ അക്രമം; മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിൽ നടപടിയില്ല

രശീതില്‍ 600 രൂപ, ചോദിച്ചത് 1600 രൂപ, അധികം ചോദിച്ച തുക കൊടുക്കാത്തതിന് രണ്ട് മണിക്കൂറിലകം തടഞ്ഞു വെച്ച് വാഹനത്തിന്റെ രേഖകള്‍ തട്ടിയെടുക്കുക, പാലക്കാട് ഗോവിന്ദപുരം ആര്‍ ടി ഓ ചെക്ക് പോസ്റ്റില്‍ നടന്ന ഈ ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സി പി എം നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതി നടപടികളില്ലാതെ അവസാനിപ്പിച്ചു.

പരാതി അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് തന്നെ നിര്‍ദ്ദേശം കിട്ടിയതോടെ ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന റിപ്പോര്‍ട്ടോടെയാണ് പരാതി തീര്‍പ്പാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ തുടര്‍നടപടികളെ കുറിച്ച് പരാതിക്കാരനായ സി പി എം നേതാവിനെ അറിയിച്ചിട്ടുമില്ല. ചെക്ക് പോസ്റ്റുകളില്‍ നിന്നും അഴിമതി കഥകള്‍ തുടര്‍കഥയാവുമ്പോഴാണ് ഉന്നതനായ ഒരു നേതാവ് അയച്ച പരാതി തന്നെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കാതെ ഒതുക്കിയത്.

ചെക്ക് പോസ്റ്റില്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തമിഴ്‌നാട്ടിലെ സി പി ഐ എം നേതാവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഫിബ്രുവരി രണ്ടിന് രാവിലെ ആറുമണിയോടെയാണ് തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട സി പി ഐ എം സെക്രട്ടറി വി രംഗനാഥന്‍ അടക്കം 12 പേരടങ്ങുന്ന സംഘം കൊച്ചിയില്‍ നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് വരുന്നത്. സംഘത്തില്‍ നാലു കുട്ടികള്‍ അടക്കം സ്ത്രീകളും ഉണ്ടായിരുന്നു. ഗോവിന്ദപുരം ചെക്ക് പോസ്റ്റില്‍ വെച്ച് സംഘത്തെ രണ്ടു മണിക്കൂറോളം തടഞ്ഞിട്ടു.

നികുതി ഇനത്തില്‍ 600 രൂപയുടെ രശീത് നല്‍കിയ ശേഷം 1600 രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതായിരുന്നു കാരണം. ഇത് എതിര്‍ത്തതിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ തടഞ്ഞിടുകയായിരുന്നു. പ്രദേശം അടക്കി വാഴുന്ന മാഫിയ സംഘം ഭീഷണിപ്പെടുത്തി വാഹനത്തിന്റെ രേഖകള്‍ തട്ടിയെടുത്തതായും രംഗനാഥന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

രശീതില്‍ കാണിക്കാത്ത തുക വാങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനത്തെ കേരളത്തിലേക്ക് കടത്തി വിട്ടതെന്നും ചെക്ക് പോസ്റ്റില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് മാസങ്ങളായെങ്കിലും പരാതി സംബന്ധിച്ച് ഒരു നടപടിയും തന്നെ അറിയിച്ചിട്ടില്ലെന്ന് രംഗനാഥന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

രംഗനാഥന്‍റെ പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശിച്ച് ട്രാൻസ്‍പോർട്ട് കമ്മീഷണർക്ക് കൈമാറി. എന്നാൽ ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

പുതിയ വിവരങ്ങള്‍ കൂടി കാണിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കുമെന്ന് രംഗനാഥന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.