തുടർച്ചയായ പ്രതിപക്ഷ ബഹളം: സഭ രണ്ടാംദിവസവും നിർത്തിവച്ചു; ചോദ്യോത്തരവേളയിൽ മണിയെ ബഹിഷ്കരിച്ച് പ്രതിഷേധം

എം എം മണി രാജിവച്ച് പുറത്തുപോകൂ എന്ന പ്ലക്കാർഡുകളും ബാനറുകളും മുദ്രാവാക്യവും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പെമ്പിളൈ ഒരുമൈ സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സമരക്കാരെ അടിച്ചമർത്താൻ പൊലീസിനെ ഉപയോ​ഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വി ഡി സതീശൻ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. എം എം മണിയുടേത് നാട്ടുഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കു പറയാൻ പറ്റാത്ത ചില കാര്യങ്ങൾ പറയിക്കാനാണ് മണിയെ സംരക്ഷിക്കുന്നതെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തുടർച്ചയായ പ്രതിപക്ഷ ബഹളം: സഭ രണ്ടാംദിവസവും നിർത്തിവച്ചു; ചോദ്യോത്തരവേളയിൽ മണിയെ ബഹിഷ്കരിച്ച് പ്രതിഷേധം

പെമ്പിളൈ ഒരുമൈക്കെതിരായ എം എം മണിയുടെ വിവാദ പ്രസം​ഗത്തെ തുടർന്ന് രണ്ടാംദിവസവും പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടങ്ങി.

ചോദ്യോത്തരവേളയിൽ മണി മറുപടി പറയാനെത്തിയപ്പോൾ പ്രതിപക്ഷാം​ഗങ്ങൾ ബഹളം വയ്ക്കുകയായിരുന്നു. എം എം മണിയെ സഭയിൽ ബഹിഷ്കരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. അതിനാലാണ് മറുപടി പറയാൻ മണിയെ അനുവദിക്കാതെ പ്രതിപക്ഷം ബഹളം വച്ചത്.

എം എം മണി രാജിവച്ച് പുറത്തുപോകൂ എന്ന പ്ലക്കാർഡുകളും ബാനറുകളും മുദ്രാവാക്യവും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പെമ്പിളൈ ഒരുമൈ സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സമരക്കാരെ അടിച്ചമർത്താൻ പൊലീസിനെ ഉപയോ​ഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വി ഡി സതീശൻ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. എം എം മണിയുടേത് നാട്ടുഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കു പറയാൻ പറ്റാത്ത ചില കാര്യങ്ങൾ പറയിക്കാനാണ് മണിയെ സംരക്ഷിക്കുന്നതെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എന്നാൽ സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചും എം എം മണി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുമാണ് സമരം. ഇതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തത്. സമരത്തെ സംഘടനാ നേതാക്കള്‍ തളളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ വിവാദ പ്രസംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമാണെന്നു പറഞ്ഞ് സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെയാണ് സഭ നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചത്.