സർക്കാർ വാക്ക് പാലിച്ചില്ല; സനൽകുമാറിന്റെ ഭാര്യ വീണ്ടും സമരത്തിന്

സനൽകുമാറിനെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് രണ്ടും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല.

സർക്കാർ വാക്ക് പാലിച്ചില്ല; സനൽകുമാറിന്റെ ഭാര്യ വീണ്ടും സമരത്തിന്

ജോലിയും നഷ്ടപരിഹാരവും വാ​ഗ്ദാനം ചെയ്ത സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടു കൊന്ന സനൽകുമാറിന്റെ ഭാര്യ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സർക്കാർ വാ​ഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലാണ് വിജി സമരത്തിനൊരുങ്ങുന്നത്.

സനൽകുമാറിനെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് രണ്ടും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി വീണ്ടും രം​ഗത്തിറങ്ങാൻ വിജി നിർബന്ധിതയായത്.

ജോലിയും നഷ്ടപരിഹാരവും കിട്ടുന്നതു വരെ സമരം നടത്താനാണ് വിജിയുടെയും കുടുംബത്തിന്‍റെയും തീരുമാനം. സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വിജി പ്രതികരിച്ചു.

സനൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ പിന്നീട് ജീവനൊടുക്കിയിരുന്നു. സംഭവത്തിനു ശേഷം ദിവസങ്ങളോളം ഒളിവിലായിരുന്ന ഇയാളെ പിടികൂടാൻ പൊലീസിനും ആയിരുന്നില്ല. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജി സമരം തുടങ്ങിയ ദിവസം തന്നെയാണ് ഹരികുമാർ വീടിനുള്ളിൽ ജീവനൊടുക്കിയത്.