നിലപാട് കടുപ്പിച്ച് സബ് കലക്ടര്‍; മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഇന്ന് പുനരാരംഭിക്കും

വന്‍കിട കയ്യേറ്റക്കാരുടെ പിടിയിലമര്‍ന്ന ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ന് ഒഴിപ്പിക്കുക

നിലപാട് കടുപ്പിച്ച് സബ് കലക്ടര്‍; മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഇന്ന് പുനരാരംഭിക്കും

മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കല്‍ ഇന്ന് പുനരാരംഭിക്കും. വന്‍കിട കയ്യേറ്റക്കാരുടെ പിടിയിലമര്‍ന്ന ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ന് ഒഴിപ്പിക്കുക. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗംചേര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക ശേഖരിച്ചശേഷമാകും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുക.

മുന്‍ ആര്‍ഡിഒ സബിന്‍ സമീദ് പള്ളിവാസല്‍ പഞ്ചായത്തിലെ 139 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടികളും ഇന്നാരംഭിക്കും. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റവും ഒഴിപ്പിക്കും.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂസംഘത്തെ സഹായിക്കാന്‍ ഏഴംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി പി വിജയനാണ് പ്രത്യേകസംഘത്തെ കയ്യേറ്റമൊഴിപ്പിക്കലിനെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട സംഘത്തെ സബ് കലക്ടര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കളടങ്ങിയ സംഘം മര്‍ദിച്ചതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിനെ വിട്ടുനല്‍കിയത്. കയ്യേറ്റമൊഴിപ്പിക്കല്‍ പുനരാരംഭിക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നാല്‍ വീണ്ടും മൂന്നാര്‍ വീണ്ടും സംഘര്‍ഷഭരിതമാകും.