മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ന്യൂസ് 18 ചാനല്‍ അംഗമായ എസ്. ലല്ലു പ്രതികരിക്കുന്നു

ന്യൂസ് 18 ചാനലില്‍ സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ആരോപണവിധേയരിലൊരാളായ എസ്. ലല്ലു നാരദാ ന്യൂസിനോട് പ്രതികരിക്കുന്നു...

മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ന്യൂസ് 18 ചാനല്‍ അംഗമായ എസ്. ലല്ലു പ്രതികരിക്കുന്നു

ഞങ്ങള്‍ നാലുപേരും എഡിറ്റോറിയലില്‍ വര്‍ക്ക് ചെയ്യുന്നവരാണ്. പെര്‍ഫോമന്‍സ് നന്നാക്കണമെന്ന് ആ കുട്ടിയോട് പറഞ്ഞത് എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്. അങ്ങനെ പറഞ്ഞ ആ മീറ്റിംഗില്‍ ഞങ്ങളാരും പങ്കെടുത്തിട്ടില്ല. ഹൈദരാബാദില്‍ നിന്ന് വന്ന എച്ച് ആര്‍ ആണ് പെര്‍ഫോമന്‍സ് ഇംപ്രൂവ് ചെയ്യണമെന്ന് ആ കുട്ടിയോട് പറഞ്ഞത്. നിങ്ങള്‍ അന്വേഷിച്ചതിന് ശേഷം മാത്രം വാര്‍ത്ത കൊടുത്താല്‍ മതി. എച്ച് ആര്‍ പ്രതിനിധി പങ്കെടുത്ത മീറ്റിംഗില്‍ ഞങ്ങള്‍ ആരെങ്കിലും പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കണം.

ഞാന്‍ കഴിഞ്ഞ നവംബര്‍ 14 ന് ആണ് ആ സ്ഥാപനത്തില്‍ വന്നത്. എനിക്ക് കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ കിട്ടുന്നത് കഴിഞ്ഞ ആഴ്ചയാണ്. മാത്രമല്ല, ഞാന്‍ അവിടെയൊരു സറ്റയര്‍ പ്രോഗ്രാം ആണ് ചെയ്യുന്നത്. വാര്‍ത്തയില്‍ ഞാന്‍ ഇടപെടാറില്ല. എനിക്ക് അവിടുത്തെ ന്യൂസില്‍ ഇടപെടേണ്ട കാര്യമെന്താണ്? അങ്ങനെയുള്ള ഞാന്‍ ആ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞാല്‍ ഞാന്‍ അതിനെക്കുറിച്ച് എന്ത് പ്രതികരിക്കാനാണ്? എനിക്കത് മനസ്സിലാകുന്നില്ല.

പിന്നെ ഞാന്‍ പത്ത്പതിനാല് വര്‍ഷമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. പത്ത് വര്‍ഷം ഞാന്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. മൂന്നരവര്‍ഷം ഇന്ത്യാവിഷനില്‍ ജോലി ചെയ്തതാണ്. ഏതെങ്കിലും ഒരു മനുഷ്യന്‍, സ്ത്രീ പോട്ടെ, ഏതെങ്കിലും ഒരു പുരുഷന്‍ ഞാന്‍ മോശമായി പെരുമാറിയെന്നോ, മോശമായി സംസാരിച്ചെന്നോ ഒരു പരാതിയോ ഒരു കമന്റോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കില്‍ ഇവര്‍ പറയുന്ന കാര്യത്തില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് ഞാന്‍ സമ്മതിച്ചു തരാം. ചിലപ്പോള്‍ മാത്രം ന്യൂസിന്റെ കാര്യത്തില്‍ അഭിപ്രായം പറയാറുണ്ട്. വര്‍ക്ക് മോശമായാല്‍ ഷൗട്ട് ചെയ്യാറുണ്ട്. അത് ആരെയും വിളിച്ച് മൂലയ്ക്ക് മാറ്റി നിര്‍ത്തിയല്ല പറയുന്നത്. മീറ്റിംഗില്‍ വച്ച് തന്നെ പറയും. അത് എല്ലാ സ്ഥാപനത്തിലും നടക്കുന്ന കാര്യമല്ലേ? എന്റെ ഓര്‍മ്മയില്‍, ഈ പെണ്‍കുട്ടിയുമായി സംസാരിച്ചിട്ടുണ്ടോ എന്ന് പോലും എനിക്കോര്‍മ്മയില്ല. ആ കുട്ടിയുമായി ഞാന്‍ പേഴ്‌സണലായി സംസാരിച്ചിട്ടില്ല. പൊലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. അവര്‍ ചോദിക്കുന്ന എല്ലാ ഡോക്യുമെന്റ്‌സും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.

രാജീവ് ദേവരാജ്, ബി. ദിലീപ്കുമാര്‍, സി.എന്‍ പ്രകാശ് എന്നിവര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല

Read More >>