പുതുവർഷമായിട്ട് ഫേസ്ബുക്കിലെന്താ വിശേഷം?

ഫേസ്ബുക്കിൽ പുതുവത്സരമായി പ്രചാരത്തിലുള്ള ഒരു കളിയുണ്ട്. പേര് 'കുത്തിപ്പൊക്കൽ'. ഒരാൾ ഫേസ്ബുക്കിൽ പണ്ട് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ കമന്റടിച്ച് വീണ്ടും ആളുകളെ കാണിക്കുക എന്നതാണ് ഈ കളിയുടെ അടിസ്ഥാന നിയമം.

പുതുവർഷമായിട്ട് ഫേസ്ബുക്കിലെന്താ വിശേഷം?

ലോകത്താകമാനം 2 ലക്ഷം കോടിക്കടുത്ത് വ്യക്തികളെ ഉൾക്കൊള്ളുന്ന ഒരു വിർച്വൽ സമൂഹമാണ് ഫേസ്ബുക്ക്. ലോകത്താകമാനം രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം , പൂർവ്വവിദ്യാർഥിസംഗമം, താരാരാധന, സ്പോർട്സ് വിവരങ്ങൾ കൈമാറൽ അങ്ങനെ സിനിമ കാസ്റ്റിംഗ് വരെ നടക്കുന്നത് ഈ സമൂഹത്തിനെ ആശ്രയിച്ചാണ്. ഇന്ത്യയിൽ, പ്രധാനമായി കേരളത്തിൽ ഈ ആപ്ലിക്കേഷനുള്ള സ്വാധീനം വളരെ വലുതാണ്. ഒരാൾ മറ്റൊരാളുടെ ജന്മദിനം അറിയുന്നത്/ ആഘോഷിക്കുന്നത് തന്നെ ഈയൊരു ആപ്പുള്ളതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന ഒരു തലമുറ വളർന്നുവരുകയാണ് നമ്മുടെ നാട്ടിലും.

ഫേസ്ബുക്കിൽ പുതുവത്സരമായി പ്രചാരത്തിലുള്ള ഒരു കളിയുണ്ട്. പേര് 'കുത്തിപ്പൊക്കൽ'. ഒരാൾ ഫേസ്ബുക്കിൽ പണ്ട് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ കമന്റടിച്ച് വീണ്ടും ആളുകളെ കാണിക്കുക എന്നതാണ് ഈ കളിയുടെ അടിസ്ഥാന നിയമം. ഒരാളുടെ അഞ്ചും പത്തും കൊല്ലം മുൻപത്തെ ചിത്രങ്ങളിലെ രൂപം കണ്ട് നിലവിലെ സുഹൃത്തുക്കൾ അന്തം വിടുകയും ആൾ നാണം കെടുകയും ചെയ്യുന്നു. ഇങ്ങനെ കുത്തിപ്പൊക്കുന്ന ചിത്രങ്ങൾക്ക് കമന്റിടുന്ന മറ്റ് സുഹൃത്തുക്കളെയും കുത്തിപ്പൊക്കികൾ വെറുതെ വിടില്ല. ഇതേനാണയത്തിൽ പ്രതികാരനടപടികളും ഫേസ്ബുക്കിൽ സുലഭമാണ്. സെറ്റിങ്സിലെ കമന്റ് ഓപ്‌ഷൻ ഇല്ലാതെയാക്കിയിട്ടാണ് പല കുത്തിപ്പൊക്കൽ വിദഗ്ധരും ഈ പണിക്കിറങ്ങുക. അവരെ പൂട്ടാൻ മൊബൈലിലെ സ്ക്രീൻഷോട്ട് സംവിധാനം ഫലപ്രദമാണെന്ന് കുത്തിപ്പൊക്കികൾ പറയുന്നു. നമ്മൾ കുത്തിപ്പൊക്കികൾ എന്നപേരിൽ ഒരു ഗ്രൂപ്പ് വരെ ഫേസ്ബുക്കിൽ ഉണ്ടെന്നത് ഈ കളിയുടെ സാധ്യതകളെ കാട്ടുന്നു. തികച്ചും മാന്യമായ രീതിയിലാണ് ഈ കുത്തിപ്പൊക്കലിന് മറുപടി നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് എന്ന വിർച്വൽ ഇടം വർഗീയ വിദ്വെഷം പടർത്താനും താരാരാധനയടക്കമുള്ള വൃത്തികെട്ട പോരുകൾ നടത്താനും ഉപയോഗിക്കുന്ന കാലമാണിത്. ഫേസ്ബുക് വഴി അപമാനിച്ചതിന് ആളുകൾ അറസ്റ്റിലാവുന്ന നാടാണ് നമ്മുടെ കേരളം. മരിയ ഷറപ്പോവയെവരെ തെറിപ്പാട്ടിൽ കുളിപ്പിച്ച മലയാളികൾ ഇത്തരം ആരോഗ്യകരമായ കളികളിലൂടെ ഫേസ്ബുക്കിൽ ഇടപെടുന്നത് പ്രതീക്ഷ നൽകുന്ന കാഴ്ചയാണ്.


Read More >>