സൗജന്യ ഭൂമി ഏറ്റെടുത്തില്ല, ലക്ഷങ്ങള്‍ നൽകി ഭൂമി വാങ്ങാനൊരുങ്ങി പാലക്കാട് നഗരസഭ; ഇടപാടിലൂടെ വൻ അഴിമതിയ്ക്കു ശ്രമം

റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇടതുപക്ഷ കൗണ്‍സിലര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സൗജന്യമായി ലഭിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ തടസ്സമായതെന്നും ഭൂമി പണം കൊടുത്ത് വാങ്ങാനുള്ള നീക്കത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

സൗജന്യ ഭൂമി ഏറ്റെടുത്തില്ല, ലക്ഷങ്ങള്‍ നൽകി  ഭൂമി വാങ്ങാനൊരുങ്ങി പാലക്കാട് നഗരസഭ; 
ഇടപാടിലൂടെ വൻ അഴിമതിയ്ക്കു ശ്രമം

സൗജന്യമായി ലഭിച്ച ഭൂമി സ്വീകരിക്കാതെ ലക്ഷങ്ങള്‍ കൊടുത്ത് ഭൂമി വാങ്ങാൻ പാലക്കാട് നഗരസഭയുടെ നീക്കം. സൗജന്യമായി ഏറ്റെടുത്ത സ്ഥലം വേണ്ടെന്ന് വെച്ച് എന്തിനാണ് ലക്ഷങ്ങള്‍ കൊടുത്ത് ഭൂമി വാങ്ങുന്നതെന്ന ചോദ്യത്തിന് പോലും ഒരു ഉത്തരം നല്‍കാനാവാതെയാണ് പാലക്കാട് നഗരസഭയുടെ ഈ നീക്കം. ബിജെപി ഭരിക്കുന്ന നഗരസഭ, സിപിഐഎമ്മിന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു ഭൂമി വാങ്ങലിന് ഒരുങ്ങുന്നത്. ഭൂമി വാങ്ങല്‍ ഇടപാടിലൂടെ വൻ അഴിമതിയ്ക്കു ശ്രമിക്കുന്നതായാണ് വിവരം. ഇടതുപക്ഷ കൗണ്‍സിലര്‍മാരാണിതിന് പിന്നിലെന്ന് ആരോപണമുണ്ട്.

പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ കുണ്ടുകാട് അംഗന്‍വാടി നിര്‍മാണത്തിനു വേണ്ടി ജയശ്രീഹരിദാസാണ് 3 സെന്റ് ഭൂമി നഗരസഭക്ക് സൗജന്യമായി പതിച്ചു നല്കിയത്. കഴിഞ്ഞ വര്‍ഷമാണ് പാലക്കാട് 2 വില്ലേജിലെ വാര്‍ഡ് 1 ല്‍ ഉള്‍പ്പെട്ട ബ്ലോക്ക് 72 ലെ 2978/1 സര്‍വ്വേ നമ്പറിലുള്ള ഭൂമി ഒലവക്കോട് സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ 966/16 നമ്പറായി നഗരസഭക്ക് ജയശ്രീ രജിസ്ട്രര്‍ ചെയ്തു നല്കിയത്. ഭൂമി സൗജന്യമായി നല്‍കാമെന്ന ജയശ്രീയുടെ നിര്‍ദ്ദേശം 13.6.2016 ലെ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. സ്ഥലത്ത് അങ്കണവാടി നിര്‍മ്മിക്കാന്‍ കഴിയുമെന്നും സമീപപ്രദേശങ്ങളോട് ചേര്‍ന്ന് മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയ ശേഷമാണ് ഭൂമി നഗരസഭ ഏറ്റെടുത്തത്.

ജയശ്രീ നല്‍കുന്ന ഭൂമിക്ക് ആറര ലക്ഷം രൂപ വിലവരുമെന്നും വിലയിരുത്തിയിരുന്നു. പക്ഷെ ഭൂമി ഏറ്റെടുത്ത് അങ്കണവാടി നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന സമയത്താണ് എതിര്‍പ്പുമായി ഒരു സിപിഐഎം നേതാവ് രംഗത്തെത്തിയത്. പത്തോളം സിപിഐഎം കൗണ്‍സിലര്‍മാര്‍ ഇതിന് പിന്തുണ നല്‍കി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നല്‍കിയ ഭിന്നാഭിപ്രായ കുറിപ്പിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. അങ്കണവാടിക്കു വേണ്ടിയുള്ള സ്ഥലം എന്ന ബോര്‍ഡ് സ്ഥലത്ത് വെച്ച ശേഷമാണ് നഗരസഭയുടെ പിന്‍മാറ്റം ഉണ്ടായത്.

നഗരസഭ സെക്രട്ടറിക്ക് രജിസ്ട്രര്‍ ചെയ്തു നല്‍കിയ സ്ഥലം നഗരസഭ ഏറ്റെടുത്ത് അങ്കണവാടി നിര്‍മ്മിക്കുന്നില്ലെങ്കില്‍ ഭൂമി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ജയശ്രീ വീണ്ടും നഗരസഭയെ സമീപിച്ചെങ്കിലും ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നാണ് നഗരസഭ മറുപടി നല്‍കിയത്. ജയശ്രീയുടെ ഭൂമി വേണ്ടെന്നു വെച്ച നഗരസഭ ഇതെ ആവശ്യത്തിന് ആറരലക്ഷം രൂപ ചെലവിട്ട് മൂന്നുസെന്റ് സ്ഥലം വാങ്ങാന്‍, പദ്ധതി വിഹിതത്തില്‍ ആറരലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. സൗജന്യമായി കിട്ടിയ ഭൂമി വേണ്ടെന്ന് പറയാന്‍ മുന്നില്‍ നിന്ന സിപിഐഎം കൗണ്‍സിലറുടെ വാര്‍ഡിലാണ് ഭൂമി വാങ്ങുന്നത്. വളരെ കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു സ്ഥലം ഉയര്‍ന്ന വിലക്ക് വാങ്ങിയെന്ന് കാണിച്ച് നഗരസഭയുടെ ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആരോപണം. എന്തു കൊണ്ടാണ് ജയശ്രീ സൗജന്യമായി നല്‍കിയ ഭൂമി വേണ്ടെന്ന് വെച്ച് പണം കൊടുത്ത് ഭൂമി വാങ്ങുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇടതുപക്ഷ കൗണ്‍സിലര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സൗജന്യമായി ലഭിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ തടസ്സമായതെന്നും ഭൂമി പണം കൊടുത്ത് വാങ്ങാനുള്ള നീക്കത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത ആരോപിച്ചു.

Read More >>