പിണറായിക്കു പുതിയ തലവേദന; മഹാരാജാസിലെ വിവാദ പ്രിന്‍സിപ്പൽ ബീന സിപിഐഎം ജില്ലാക്കമ്മറ്റിയുടെ പ്രിയ തോഴി

സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമായ മഹാരാജാസ് കോളേജില്‍ കണ്ടെത്തിയെന്നു പറയുന്ന ആയുധ ശേഖരം മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാകും സൃഷ്ടിക്കുക. സിപിഎം എറണാകുളം ജില്ലാക്കമ്മറ്റിയിടെ തണലില്‍ സംരക്ഷിക്കപ്പെടുന്ന പ്രിന്‍സിപ്പൽ ബീനയുടെ ഗൂഢനീക്കമാണോ സംഭവത്തിനു പിന്നെലെന്ന സംശയം ഉയരുന്നു

പിണറായിക്കു പുതിയ തലവേദന; മഹാരാജാസിലെ വിവാദ പ്രിന്‍സിപ്പൽ ബീന സിപിഐഎം ജില്ലാക്കമ്മറ്റിയുടെ പ്രിയ തോഴി

മഹാരാജാസിന്റെ പൈതൃകത്തെ കൊഞ്ഞനം കുത്തി സ്വയം പ്രഖ്യാപിത റാണിയായി കോളേജിനെ വിവാദങ്ങളിലേയ്ക്ക് തള്ളിവിടുന്ന പ്രിന്‍സിപ്പള്‍ ബീന സിപിഎം എറണാകുളം ജില്ലാക്കമ്മറ്റിയുടെ പ്രിയ തോഴി. കോളേജില്‍ ചുമതലയേറ്റ നാള്‍ മുതല്‍ എസ്എഫ്‌ഐ നേതാക്കളെ പ്രതികാരബുദ്ധിയോടെ ഇല്ലാതാക്കുന്ന പ്രിന്‍സിപ്പലിന്റെ ലക്ഷ്യം കോളേജിലെ എസ്എഫ്‌ഐയെ വോരോടെ പിഴുതെറിയുക എന്നത് വ്യക്തം. കോളേജിലെ എസ്എഫ്‌ഐയുടെ ശക്തി ഇല്ലാതാക്കിയാല്‍ മാത്രമേ തന്ത്രപ്രധാനമായ സ്ഥാനത്തിരിക്കുന്ന മഹാരാജാസിന്റെ മണ്ണില്‍ വിദ്യാഭ്യാസ കച്ചവടം ലാക്കാക്കുന്ന ഗൂഢസംഘത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനാവു.

അക്കാഡമിക്കായി ഉന്നത നിലവാരം പുലര്‍ത്തുന്ന ക്യാംപസിലെ വിദ്യാര്‍ത്ഥികളെ കഞ്ചാവു കച്ചവടക്കാരും ക്രിമിനലുകളും ആക്കി ചിത്രീകരിക്കുക എന്ന ലക്ഷ്യം ഏതാണ്ട് നടപ്പായി കഴിഞ്ഞു. കുട്ടികള്‍ മടങ്ങി പോയ ശേഷം ഹോസ്റ്റല്‍ റൂമിനുള്ളില്‍ നിന്ന് ആയുധ ശേഖരം മാധ്യമങ്ങളേയും പൊലീസിനേയും വിളിച്ചു വരുത്തി പിടിച്ചെടുത്ത് ക്യാംപസിനെ ജനമധ്യത്തില്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ സാധിച്ചു കഴിഞ്ഞു. ഈ ആയുധങ്ങള്‍ ഹോസ്റ്റല്‍ റൂമില്‍ എത്തിയത് എങ്ങനെയെന്നത് സംശയകരമാണ്. ആയുധ നിയമം ചുമത്തിയാണ് കേസ്.

കൃഷിക്കോ ഗാര്‍ഹിക ആവശ്യത്തിനോ ഉപയോഗിക്കാത്ത ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്- ഇതിനു വിരുദ്ധമായാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്. പ്രിന്‍സിപ്പലിന് അനുകൂലമായി ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും പൊലീസും ഗുഢവേല ചെയ്യുന്നത് മഹാരാജാസിലെ കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്ന സംഭവങ്ങളില്‍ വ്യക്തമാണ്. ആ സംഭവങ്ങള്‍ വളര്‍ന്ന് ഒടുവില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ആയുധം സംഭരിച്ചത് എസ്എഫ്‌ഐയാണ് എന്നു വരുത്തിതീര്‍ക്കാനും പ്രിന്‍സിപ്പലിന് സാധിച്ചിട്ടുണ്ട്.

വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന വാര്‍ക്ക കമ്പിയാണ് കണ്ടെത്തിയതെന്നുമാണ് പിണറായി നിയമസഭയില്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മഹാരാജാസ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് പി.ടി തോമസ് നിയമസഭയില്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 30ന് ഹോസ്റ്റല്‍ വിട്ട ശേഷമാണ് ആയുധങ്ങള്‍ ഇവ കണ്ടെത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'മഹാരാജാസിനെ വെടക്കാക്കല്‍' നീക്കത്തിലെ അവസാനത്തെ സംഭവമായി ഇത്. സ്വയംഭരണ കോളേജായി മാറിയ ശേഷം പ്രിന്‍സിപ്പള്‍ ബീന അടിച്ചമര്‍ത്തല്‍ ഭരണം ആരംഭിക്കുന്നത്

1. 2016 മെയ് മാസം ഒന്നിനാണ്. അന്ന് പ്രശസ്തമായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ അടച്ചു പൂട്ടി. പിഡബ്ല്യുഡിയോട് അങ്ങോട്ട് ആവശ്യപ്പെട്ട് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ഹോസ്റ്റല്‍ പൂട്ടിയത്.

2. പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നു എന്ന വൈരാഗ്യമാണ് ഹോസ്റ്റല്‍ പൂട്ടലില്‍ കലാശിച്ചത്. മൂന്ന് അന്ധവിദ്യാര്‍ത്ഥികള്‍, 32 ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍, ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍, ജനറല്‍ കാറ്റഗറിയുള്ള നാലു പേര്‍ എന്നിങ്ങനെ 40 വിദ്യാര്‍ത്ഥികളെയാണ് കൊച്ചി നഗരത്തിലേയ്ക്ക് ഇറക്കി വിട്ടത്- പ്രതികാരം മാത്രമായിരുന്നു ലക്ഷ്യം.

3. ഹോസ്റ്റല്‍ ഇല്ലാതായതോടെ സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ പഠനം മതിയാക്കി തിരിച്ചു കാടുകയറി.

4. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മൂന്നു മാസത്തിനു ശേഷം പ്രൈവറ്റ് ഹോസ്റ്റല്‍ അനുവദിക്കുന്നു. എന്നാല്‍ പ്രിന്‍സിപ്പൽ വാടക അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് അവിടെ നിന്നും വീണ്ടും വിദ്യാര്‍ത്ഥികള്‍ തെരുവിലാകുന്നു.

5. ഹോസ്റ്റല്‍ സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ പൊലീസിനെ ക്യാംപസിലേയ്ക്ക് വിളിച്ചു വരുത്തി. വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും പ്രചരിപ്പിച്ചു.

6. ക്യാംപസിലെ ചുവരുകളില്‍ കവിതയെഴുതിയത് മതസ്പര്‍ദ്ധ പരത്തുന്നതാണെന്നു കാണിച്ച് ഇവരതേ പോസ്റ്ററുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. മാധ്യമങ്ങളെ വിളിച്ചു വരുത്തി ദുഷ്പ്രചരണം തുടര്‍ന്നു.

7. ആണും പെണ്ണും ഒന്നിച്ചിരുന്നതിന് ആണുങ്ങളുടെ ചൂട് പറ്റാനാണോ ക്യാംപസില്‍ വരുന്നത് എന്ന് പെണ്‍കുട്ടിയെ അപമാനിച്ചത് വിവാദമാകുന്നു. എസ്എഫ്‌ഐ ഇടപെട്ട് പ്രിന്‍സിപ്പലിനെ കൊണ്ട് മാപ്പ് എഴുതിക്കുന്നു.

8. ക്യാപസിലെ മുതലുകള്‍ നശിപ്പിച്ചു എന്ന പേരില്‍ പിഡിപിപി ചുമത്തി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് കൊടുത്ത് ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യിപ്പിക്കുന്നു. കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് നല്‍കിയ ഉത്തരവില്‍ പ്രിന്‍സിപ്പലിനെ രൂക്ഷമായി വിമര്‍ശിച്ചു.

9. പ്രിന്‍സിപ്പൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കെത്താമെന്ന് അറിയിച്ച ദിവസം മുങ്ങിക്കളഞ്ഞതില്‍ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നു.

10. വിദ്യാര്‍ത്ഥികളുടെ സമരം റോഡ് ഉപരോധമായി മാറിയപ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും കോളേജിന് ഉള്ളിലുള്ള സ്റ്റാഫ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

11. ഏപ്രില്‍ 30ന് പരീക്ഷ അവസാനിച്ചപ്പോള്‍ പ്രിന്‍സിപ്പലിന്റെ വിശ്വസ്തരായ രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ വിദ്യാര്‍ത്ഥികളുടെ ലഗേജുകള്‍ എടുത്ത് മാറ്റി വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നു. റൂമുകള്‍ പൂട്ടി കീ കയ്യില്‍ വെയ്ക്കുന്നു.

12. മെയ് മാസത്തിലും പരീക്ഷ ഉള്ളതിനാല്‍ ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ കാണുന്നു. എഴുതിക്കിട്ടിയ അവകാശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ ഉപരോധിക്കുന്നു.

13. ഈ ഉപരോധത്തിന്റെ പിറ്റേന്ന് വാര്‍ഡനും റെസിഡന്റ് ട്യൂട്ടറും താമസിക്കുന്ന മുറിയുടെ തൊട്ടടുത്തു നിന്നും പ്രിന്‍സിപ്പലും ഇതേ അധ്യാപകരും ആയുധം കണ്ടെത്തിയതായി അറിയിച്ച് മനോരമ ചാനലിനെ ആദ്യം വിളിച്ചു വരുത്തുന്നു. പിന്നാലെ പൊലീസും എത്തുന്നു.

ക്രമാനുഗതമായി മുകളില്‍ സൂചിപ്പിച്ചതാണ് സംഭവിച്ചതെന്ന് മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ വാട്ട്‌സപ്പിലൂടെ നടത്തുന്ന പ്രചാരണത്തില്‍ പറയുന്നു. സ്വയംഭരണം മൂലം അക്കാഡമിക്കായ യാതൊരു പ്രയോജനവും ക്യാംപസില്‍ ഉണ്ടായിട്ടില്ലെന്നും പദവി എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്ന സിപിഎം അനുകൂല അധ്യാപക സംഘടനയ്‌ക്കെതിരെയും പ്രിന്‍സിപ്പൽ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് എന്ന ആരോപണമുണ്ട്.

സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ കോളേജുകള്‍ സ്വയംഭരണ വിരുദ്ധ സമരം നടത്തി വിജയിച്ചപ്പോള്‍, സിപിഎം എറണാകുളം ജില്ലാക്കമ്മറ്റി ചില തല്‍പ്പര കക്ഷികള്‍ക്കു വേണ്ടി നടത്തിയ ഒത്തുതീര്‍പ്പാണ് മഹരാജാസിനെ സ്വയംഭരണത്തിലാക്കിയത്. അതേ ഗൂഢസംഘത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് പ്രിന്‍സിപ്പൽ എന്നാണ് ആരോപണം.

മഹാരാജാസ് ഒരു മോശം ക്യാംപസാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഉദ്ദേശമത്രേ. തൊട്ടടുത്ത സ്വകാര്യ കോളേജടക്കം മൂന്ന് കോളേജുകള്‍ സ്വയം ഭരണത്തിലാണ്. ഇവയെല്ലാം മികച്ചതാണെന്ന് വരുത്തി തീര്‍ക്കുകയാണ് പ്രധാന ഉദ്ദേശം. മഹാരാജാസിലെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ ഏറ്റവും വിലയേറിയ ഈ സര്‍ക്കാര്‍ ഭൂമിയില്‍ മറ്റെന്തോ റിയല്‍ എസ്‌റ്റേറ്റ് ലക്ഷ്യങ്ങളുമുള്ളതായി സംശയമുണ്ട്.പ്രിന്‍സിപ്പലിനെ സംരക്ഷിക്കുകയും സ്വന്തം വിദ്യാര്‍ത്ഥി സംഘടനയെ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്ന ജില്ലാക്കമ്മറി നിലവില്‍ പുലിവാലു പിടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് എതിരെ പ്രിന്‍സിപ്പൽ വരുമെന്ന് ഇവര്‍ കരുതിയില്ല. ജില്ലയിലെ പാര്‍ട്ടിയായി വളര്‍ത്തി ഈ വിധത്തിലെത്തിച്ച പ്രിന്‍സിപ്പൽ അസാധാരണമായ വിധമാണ് വിദ്യാര്‍ത്ഥികളോട് ശത്രുത പുലര്‍ത്തുന്നത്. അധ്യാപികയ്ക്ക് യോജിക്കാത്ത വിധമുള്ള ശത്രുതയ്ക്കു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളുണ്ടോ എന്ന സംശയം പോലും ഉയരുന്നുണ്ട്. മാധ്യമങ്ങളിലൂടെ മഹാരാജാസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും നിലമറന്ന അവഹേളനമാണ് ഇവര്‍ നടത്തുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഉന്നതരുമായി ബന്ധമുള്ള പ്രിന്‍സിപ്പലെ സംരക്ഷിക്കുകയാണ് പരിഷത്തിനോട് കൂറുള്ള വിദ്യാഭ്യാസ മന്ത്രിയെന്ന ആരോപണവുമുണ്ട്. കുട്ടികളില്ലാതിരിക്കുകയും പ്രിന്‍സിപ്പളിന്റെ വിശ്വസ്തരുടെ കസ്റ്റഡിയില്‍ മുറികളുടെ താക്കോലിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ റൂമില്‍ ആയുധശേഖരം എന്ന് വിശേഷിപ്പിക്കുന്ന ഇരുമ്പു വടികളും സാധാവടികളും എത്തിയത് എങ്ങനെ എന്നാകും പൊലീസ് പരിശോധിക്കുക. ഇത് പ്രിന്‍സിപ്പലിനെ കേസില്‍ പ്രതിചേര്‍ക്കുന്ന സാഹചര്യം പോലും മുന്നിലുണ്ട്.

വിദ്യാഭ്യാസ രംഗത്തെ ഗൂഢസംഘത്തിന് സിപിഎം ജില്ലാക്കമ്മറ്റി പാലൂട്ടിയതിന്റെ തിക്തഫലമാണ് മുഖ്യമന്ത്രിക്കു മറുപടി പറയേണ്ടി വന്ന സാഹചര്യം.ആയുധം കണ്ടെത്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ആരോപിക്കുന്നു. വിഷയം അതിശക്തമായാണ് ഉയര്‍ന്നു വരുന്നത്. ക്യാംപസിനുള്ളില്‍ ആയുധ ശേഖരമുള്ള പ്രസ്ഥാനമാണ് എസ്എഫ്‌ഐ എന്നത് അവരെയും പ്രതിരോധത്തിലാക്കി.