വിദ്യഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയുടെ ഓര്‍മ്മയില്‍ ഇന്നു പ്രവേശനോത്സവം; സര്‍ക്കാര്‍ സ്‌കൂളിലെ മികവുതേടി കുരുന്നുകള്‍

കീഴ്ജാതിക്കാരിയെന്നതിന്റെ പേരില്‍ ജന്മിമാരാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയെന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . 1910 കാലയളവില്‍ പഠിക്കാനെത്തിയ പഞ്ചമിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ട്, അവളിരുന്ന ബഞ്ച് കത്തിക്കുകയായിരുന്നു.

വിദ്യഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയുടെ ഓര്‍മ്മയില്‍ ഇന്നു പ്രവേശനോത്സവം; സര്‍ക്കാര്‍ സ്‌കൂളിലെ മികവുതേടി കുരുന്നുകള്‍

സംസ്ഥാനത്തു പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ഇന്ന് ആരംഭിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളില്‍ മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പഠനത്തിനാണ് ഇന്നു തുടക്കം കുറിച്ചത്. ഒന്നാം ക്ലാസിലേക്കു മൂന്നര ലക്ഷത്തോളം കുട്ടികള്‍ ഇപ്രാവശ്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 3,04,000 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഇതില്‍ 2.44 ലക്ഷം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണു പഠിക്കാനെത്തിയത്. ഇത്തവണ സര്‍ക്കാര്‍ സ്‌കൂളില്‍ എത്തിയ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി. ഔദ്യോഗികക്കണക്കുകൾ ലഭ്യമായിട്ടില്ല.

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടന്പലം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നടന്നു. കീഴ്ജാതിക്കാരിയെന്നതിന്റെ പേരില്‍ ജന്മിമാരാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയെന്ന പെണ്‍കുട്ടികയുടെഓര്‍മ്മയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 1910 കാലയളവില്‍ പഠിക്കാനെത്തിയ പഞ്ചമിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ട്, അവളിരുന്ന ബഞ്ച് കത്തിക്കുകയായിരുന്നു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അവിടെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് സ്വീകരിച്ചത്.