മിന്നൽ പണിമുടക്കും നോക്കുകൂലിയും കുറ്റകരം; മാറ്റങ്ങളുമായി പുതിയ തൊഴിൽ നയം

പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും ഉറപ്പാക്കും, ഏറ്റവും കുറഞ്ഞ ദിവസവേതനം 600 രൂപയായി നിശ്ചയിക്കുന്നതിനു നടപടി സ്വീകരിക്കും

മിന്നൽ പണിമുടക്കും നോക്കുകൂലിയും കുറ്റകരം; മാറ്റങ്ങളുമായി പുതിയ തൊഴിൽ നയം

മിന്നൽ പണിമുടക്ക് കുറ്റകരമാണെന്ന് പുതിയ തൊഴിൽ നയം.മിന്നല്‍ പണിമുടക്ക് നിരുത്സാഹപ്പെടുത്തുന്നതിനോടൊപ്പം നോക്കുകൂലി അവസാനിപ്പിക്കുകയും ചെയ്യുന്ന പുതിയ തൊഴില്‍ നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ചെയ്യാത്ത ജോലിയ്ക്ക് കൂലി വാങ്ങുക, അമിത കൂലി ഈടാക്കുക തുടങ്ങിയ പ്രവണത അവസാനിക്കേണ്ടതാണെന്ന് നയം വ്യക്തമാക്കുന്നു.

കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ നയമെന്ന് തൊഴില്‍-നൈപുണ്യ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ മേഖലകളിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും. കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും തുടങ്ങിയവയാണ് പുതിയ തീരുമാനങ്ങൾ.

സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കും. സ്ത്രീ തൊഴിലാളികള്‍ക്കു ലഭിക്കേണ്ടണ്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഇടപെടും. പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും ഉറപ്പാക്കും. സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ക്രഷ് സെസ് ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിട സൗകര്യം നിര്‍ബന്ധമാക്കും. ഒപ്പം ബാലവേല നിർമാർജനത്തിനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്യും. സ്വയംതൊഴില്‍ ചെയ്യുന്നവരും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ തൊഴില്‍ നയം. തൊഴിലാളികള്‍ക്കു സേവനകാലയളവിലും തുടര്‍ന്നും ന്യായമായ വേതനവും ആരോഗ്യ സുരക്ഷയും ലഭ്യമാക്കും. തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. സമസ്ത മേഖലകളിലും മാന്യമായ വേതനം ലഭിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടും.

മിനിമം വേതന നിയമത്തിന്റെ പട്ടികയിലുള്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും. വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും വേതന വ്യവസ്ഥയും പരിശോധിച്ച് ഏറ്റവും കുറഞ്ഞ ദിവസവേതനം 600 രൂപയായി നിശ്ചയിക്കുന്നതിനു നടപടി സ്വീകരിക്കും.ഉല്‍പാദനക്ഷമതയും പ്രൊഫഷനലിസവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തും. എന്നീ മാറ്റങ്ങളാണ് നയം മുന്നോട്ട് വെയ്ക്കുന്നത്


Read More >>