ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

അന്വേഷണത്തോട് സഹകരിക്കുമെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ കൃഷ്ണദാസിനെ ചോദ്യം ചെയ്യുകയാണ്. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. അന്വേഷണത്തോട് സഹകരിക്കുമെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിനെതിരെ പ്രധാന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. കൃഷ്ണദാസിനെതിര പ്രേരണാകുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും കേസ് ഡയറിയില്‍നിന്നും കിട്ടിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൃഷ്ണദാസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.