ഏഴിമല നാവിക അക്കാദമിക്കെതിരെ ​ഗ്രീൻ ട്രൈബ്യൂണൽ: അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പ്രത്യേക അധികാരമില്ല; മലിനീകരണനിയന്ത്രണ ബോർഡിനും വിമർശനം

കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് 2013ലും 2017ലും ഇറക്കിയ നോട്ടീസില്‍ പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് മലിനീകരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തതെന്ന് ട്രൈബ്യൂണൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ചോദിച്ചു. ഇതിന്റെ വിശദമായ കാരണം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഏഴിമല നാവിക അക്കാദമിക്കെതിരെ ​ഗ്രീൻ ട്രൈബ്യൂണൽ: അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പ്രത്യേക അധികാരമില്ല; മലിനീകരണനിയന്ത്രണ ബോർഡിനും വിമർശനം

ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റിനെതിരെ സമരം ചെയ്യുന്നവർക്ക് ആശ്വാസമായി ​ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ്. അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാദമിക്ക് പ്രത്യേക അധികാരമില്ലെന്ന് ​ഗ്രീൻ ട്രൈബ്യൂണൽ വ്യക്തമാക്കി. ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റേതാണ് സുപ്രധാന ഇടപെടൽ.

കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് 2013ലും 2017ലും ഇറക്കിയ നോട്ടീസില്‍ പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് മലിനീകരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തതെന്ന് ട്രൈബ്യൂണൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ചോദിച്ചു. ഇതിന്റെ വിശദമായ കാരണം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

രാമന്തളിയിലെ ജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ​കേസില്‍ മെയ് 12 ന് ഗ്രീന്‍ ട്രൈബ്യൂണല്‍ തുടര്‍വാദം കേള്‍ക്കും.

ജനവാസകേന്ദ്രത്തിനു സമീപം സ്ഥാപിച്ച മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി രാമന്തളലിയിൽ ജനകീയ ആരോഗ്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. സമീപത്തെ കിണറുകളില്‍ നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെ അരിച്ചിറങ്ങുന്നത് ജനങ്ങളെ പലവിധത്തിൽ ദുരിതത്തിലാക്കിയിരുന്നു. ഇതാണ് നാവിക അക്കാദമിക്കെതിരെ സമരവുമായി ജനം രം​ഗത്തുവരാൻ കാരണം.