തുഷാർ കേരളത്തിൽ പരാതി നൽകാൻ സാധ്യത; നാസിൽ അബ്ദുല്ല കുടുങ്ങും

ചെക്ക് തുഷാർ തനിക്ക് നൽകിയതാണെന്നതിനുള്ള തെളിവുകൾ അജ്‌മാൻ കോടതിയിൽ നാസിൽ ഹാജരാക്കിയിരുന്നെങ്കിലും കോടതി തള്ളി.

തുഷാർ കേരളത്തിൽ പരാതി നൽകാൻ സാധ്യത; നാസിൽ അബ്ദുല്ല കുടുങ്ങും

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെ പരാതിക്കാരനായ നാസിൽ അബ്ദുല്ല കുടുങ്ങും. നേരത്തെ തുഷാറിനെ നിയമനടപടികളിൽ കുടുക്കാൻ ഉപയോഗിച്ച ചെക്ക് നാസില്‍ പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. കേരളത്തിലെ ഒരു സുഹൃത്തിന് അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന കൃത്യമായ വിവരങ്ങളാണ് ശബ്ദ സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നാണ് ചെക്ക് സംഘടിപ്പിച്ചത് എന്നത് പുറത്തു വന്നതിനാൽ തുഷാർ മടങ്ങിയെത്തി പരാതി നൽകിയാൽ നാസിലിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. ശബ്ദരേഖ പുറത്തുവന്ന സമയത്ത്, തുഷാർ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം നടപടികൾ ഉണ്ടാകുമെന്ന് പിതാവ് വെള്ളാപ്പള്ളി നടേശൻ നാരദാ ന്യൂസിനോട് പ്രതികരിച്ചിരുന്നു.

പുറത്തു വന്ന സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് നാസിൽ അബ്ദുല്ല മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. തുഷാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകൾ താൻ പണം നല്കാനുണ്ടായിരുന്ന ഒരു വ്യക്തിയുടെ കൈവശമാണ് ഉണ്ടായിരുന്നതെന്നും അത് പണം നൽകി വാങ്ങുകയാണ് ഉണ്ടായതെന്നുമാണ് നാസിൽ പറഞ്ഞത്. ചെക്ക് തുഷാർ തനിക്ക് നൽകിയതാണെന്നതിനുള്ള തെളിവുകൾ അജ്‌മാൻ കോടതിയിൽ നാസിൽ ഹാജരാക്കിയിരുന്നെങ്കിലും കോടതി തള്ളി.

തുഷാർ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നുള്ളതാണ് ശബ്ദരേഖയിൽ നാസിൽ ആവശ്യപ്പെടുന്നത്. തുഷാറിനെ കുടുക്കിയാൽ വെള്ളാപ്പള്ളിയിൽ നിന്നും ഉറപ്പായും പണം കിട്ടുമെന്നും ഇത് പാതി വീതം പങ്കുവെക്കാമെന്നും നാസില്‍ വാഗ്‌ദാനവും നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നൽകിയാൽ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നതും കേസ് നൽകിയാൽ തുഷാർ കുടുങ്ങുമെന്നതും താൻ ഉറപ്പുവരുത്തിയെന്നും നാസിൽ വ്യക്തമാക്കുന്നു.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നുമാണ് നാസില്‍ പദ്ധതിയിടുന്നത്. തുഷാർ അകത്തുപോയാൽ ഉടൻ തന്നെ ഒത്തുതീർപ്പു ശ്രമങ്ങളുണ്ടാകും ആറ് ദശലക്ഷം ദിർഹമെങ്കിലും ഒത്തുതീർപ്പിലൂടെ ലഭിക്കുമെന്നുമാണ് നാസിൽ പറയുന്നത്. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല എന്നും തുഷാറിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വ്യക്തമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും നാസിൽ സൂചിപ്പിക്കുന്നുണ്ട്.