അഭിമുഖം: മാധ്യമങ്ങളുടെ വിമർശനങ്ങൾക്കും ഗോസിപ്പുകൾക്കും ജിഷയുടെ അമ്മയുടെ മറുപടി

വളരെ ലളിതമായി ജീവിക്കുന്നവരാണ് നമ്മൾ. ലളിതമായി എന്ന് പറഞ്ഞാൽ അത്ര മാത്രം ലളിതമായി ജീവിക്കുന്നവരാണ്. ഇനിയിപ്പോ അവിടെ ക്യാമറ ഓക്കേ ഉണ്ടാകുമല്ലോ അങ്ങനെ വല്ലതും ആണോ എന്ന് നമുക്കറിയില്ല

അഭിമുഖം: മാധ്യമങ്ങളുടെ വിമർശനങ്ങൾക്കും ഗോസിപ്പുകൾക്കും ജിഷയുടെ അമ്മയുടെ മറുപടി


ബാബു എം ജേക്കബ്, മൃദുല ഭവാനി"ഞാൻ പണിക്കു പോകാണ്ടിരുന്നാൽ എന്റെ വീട്ടിൽ അടുപ്പു പുകയില്ല. മുസ്ലീം പള്ളിയുടെ വാതക്കെ പോയി തെണ്ടി ഒരു നേരത്തെഭക്ഷണത്തിനുള്ള വക ഞാൻ ആശുപത്രീൽ കിടന്നപ്പോ മേടിച്ചിട്ടുണ്ട്"- ജിഷയുടെ അമ്മയുമായി നാരദ ന്യൂസ് അഭിമുഖം

ജിഷയുടെ മരണശേഷം ഒരുപാട് സാമ്പത്തിക സഹായം ലഭിച്ചോ?

മോൾക്കത്‌ സംഭവിച്ചതിന്റെ ചിന്തയിലായിരുന്നു നമ്മളപ്പോൾ. നമുക്ക് കൊച്ചായിരുന്നു വലുത്. ഒരുപാട് ആളുകളൊക്കെ വന്നിരുന്നു. സാമ്പത്തികമായി സഹായം ചെയ്യാം എന്നൊക്കെ പറയുകയും ചെയ്തു. സുധീരൻ സാറൊക്കെ വന്നിരുന്നു. എനിക്ക് ചെക്ക് ഒക്കെ തരുന്ന ഫോട്ടോ എടുത്തു. കാശിനെക്കുറിച്ചു ചിന്തിക്കാവുന്ന മനസികാവസ്ഥയിലായിരുന്നില്ലല്ലോ നമ്മളപ്പോൾ. ഞാൻ അപ്പോൾ അവരോടു പറഞ്ഞു എന്താണെന്ന് വെച്ചാ ചെയ്യൂ, എനിക്കിതിനെ പറ്റി ഒന്നും അറിയില്ലെന്ന്. അവര് പിന്നെ ആ കാശ് അർബൻ ബാങ്കിൽ ഇട്ടു എന്നാണ് പറഞ്ഞത്. നാളെ എപ്പോൾ വേണമെങ്കിലും ചേച്ചിക്ക് പൈസ എടുക്കാം എന്നാണവർ പറഞ്ഞത്.

പിന്നീട് ഈ കാശൊന്നും കിട്ടിയില്ലേ?

ഞാൻ ആശുപത്രിയിൽ കിടന്ന സമയത്ത് കോൺഗ്രസ്സുകാരുടെ അടുത്തു കാശിനായി ചോദിച്ചു. അവരത് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടേക്കുക ആണെന്നാണ് പറഞ്ഞത്. പെട്ടന്നങ്ങനെ എടുത്തു തരാൻ പറ്റില്ല എന്ന്. പിന്നെ ഞാൻ രാജാമണിക്യം സാറിന്റെ അടുത്തു കാശിനായി ചോദിച്ചു. അങ്ങനെയാണ് ആശുപത്രിയിലെ കാശ് കൊടുത്തത്.

ഞാനാ ക്യാമറ വാങ്ങിച്ചുകൊടുത്തത്, എന്റെ കൊച്ചിന്. ഞാന്‍ രാവിലെ പോകുമ്പോ ആ ക്യാമറ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ടാണ് പോയത്. ഈ കള്ളത്തരം പറയുംപോലെ ഒരുപാട് കള്ളത്തരങ്ങള്‍ ആള്‍ക്കാര് പറയുന്നുണ്ട്. അതില്‍ നിന്ന് എന്താണ് കിട്ടിയതെന്ന് എനിക്കറിയില്ല. അതിൽ ഒന്നും ഉണ്ടാവാതെ ഇരിക്കുമോ?കളക്ടറുടെ അടുത്തു നിന്ന് കൂടെക്കൂടെ കാശ് മേടിക്കുന്നു എന്നൊക്കെയാണ് മാധ്യമ വാർത്തകൾ?

എനിക്ക് ഷുഗറും പ്രഷറും ഒക്കെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ ഷുഗര്‍ 700 വരെ വന്നു. ആദ്യം ഈ സാൻജോയിൽ ആണ് കാണിച്ചത്. പിന്നെ ഇത്രേം ഷുഗർ ഉള്ളത് കൊണ്ട് അവർക്കു നോക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു. എറണാകുളത്തിന് പോയി. നമ്മടേൽ പൈസ ഒന്നും ഇല്ലാലോ. ഞാനപ്പോൾ കാശിനായി അർബൻ ബാങ്കിൽ പോയി. അപ്പോഴാണറിയുന്നത് അത് ഫിക്സഡ് ഡെപ്പോസിറ്റാണ്‌ നമുക്കിടുക്കാൻ പറ്റൂല്ലാന്ന്. അങ്ങനെയാണ് രാജമാണിക്യം സാറിനെ പോയി കാശൊക്കെ മേടിക്കുന്നത്. മരുന്ന് വാങ്ങിക്കാന്‍ വേണ്ടി നാല് ലക്ഷം രൂപ രാജമാണിക്യം സാറിന്റെ അക്കൗണ്ടിൽ നിന്ന് എനിക്ക് തന്നിട്ടുണ്ട്. പല തവണകളായി എടുത്തതാണത്. ഈ പുരയ്ക്കു വേണ്ട കാശും രാജാമണിക്യം സാറിന്റെ അക്കൗണ്ടിൽ നിന്നുമാണ് എടുത്തിട്ടുള്ളത്.

എന്താണ് അസുഖം?

ബിപിയും കൊളസ്ട്രോളും ഒക്കെ കൂടുതലാണ്. ഷുഗറും പ്രഷറും ഉണ്ട്. രണ്ടാഴ്ച നിന്നു ചൊമയ്ക്കണ ചൊമ ഞാന്‍ ചൊമച്ചു. അത്രയ്ക്കും വയ്യായിരുന്നു എനിക്ക്. ഈയടുത്തായി അടുപ്പിച്ചടുപ്പിച്ച് എനിക്ക് വയ്യാണ്ടാകുന്നു. വീട്ടില്‍ ഒരു മാസം ഇരിക്കണംന്ന് പറഞ്ഞു, ടൈഫോയ്ഡ് പനിയുടെ തുടക്കമാണെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്നിനോ മറ്റുകാര്യത്തിനോ പുറത്തുപോകാന്‍ ഞാന്‍ തന്നെ പോകാതെ മറ്റാരും ഇല്ല എനിക്ക്. ഇങ്ങനെയൊക്കെ വല്യ ബുദ്ധിമുട്ടിലും വിഷമത്തിലുമാണ് ഞങ്ങള്‍ ജീവിക്കുന്നത്. ദാരിദ്രരേഖയില്‍ താഴെ ബുദ്ധിമുട്ടില്‍ ജീവിച്ചവരാണ് ഞാനും എന്റെ കുട്ടീം. ആ എനിക്ക് റേഷന്‍ കാര്‍ഡ് തന്നപ്പൊ, വരുമാനം കൂടുതലുള്ള ആളാണ് എന്നും പറഞ്ഞാണ് റേഷന്‍ കാര്‍ഡ് പോലും അടിച്ചിറക്കിയത്.

ഇപ്പോഴത്തെ റേഷന്‍ കാര്‍ഡ് എപിഎല്‍ ആണോ?

എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് കൊടുത്തു ഞങ്ങള്‍ക്ക് തന്നിട്ടില്ല. ഇത്രയും മാസങ്ങളായിട്ടും റേഷന്‍ കാര്‍ഡ് എല്ലാവര്‍ക്കും പബ്ലിഷ് ചെയ്ത് കൊടുത്തിട്ട് പോലും എന്റെ വീട്ടില്‍ എനിക്കെന്റെ റേഷന്‍ കാര്‍ഡ് കിട്ടിയിട്ടില്ല. ആ കാര്‍ഡ് വെച്ച് ഉപയോഗിച്ച് ഞങ്ങള്‍ തിന്നുന്ന ചോറും കൂടെ വിറ്റ് അവര്‍ കാശ് മേടിക്കുന്നുണ്ട്. ഇതിനുമുമ്പ് ഒരു കാര്‍ഡ് അവര്‍ ഒളിച്ചുവെച്ചു. ഇങ്ങനെയൊക്കെയുള്ള ഏറ്റവും ബുദ്ധിമുട്ടിലും വിഷമത്തിലും ജീവിച്ച ഞങ്ങള്‍ വല്യ ക്ലാസില്‍പ്പെട്ട ആള്‍ക്കാരാണെന്നാണ്. കാര്‍ഡിന്റെ നിറം മാറ്റി.

കേസിന്റെ കാര്യം എന്തായി?

വിചാരണ ഇതുവരെ പൂർത്തിയായില്ല. അച്ഛനെയും ഞങ്ങളെയും വീണ്ടും വിസ്തരിക്കണമെന്നു പറഞ്ഞിരുന്നു. പക്ഷെ അതിനെപ്പറ്റിയുള്ള അറിയിപ്പൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല. ഇനിയിപ്പം വേറെന്തെങ്കിലും കാര്യം കൊണ്ടാണോ എന്നറിയില്ല. ഞങ്ങളാരോടും വെറുപ്പും വിദ്വേഷവും വെച്ച് ജീവിക്കുന്നവരല്ല ആ ഞങ്ങൾക്കാണ് ഇത്തരത്തിൽ പറ്റിയത്.

ജിഷേടെ കയ്യില്‍ ക്യാമറാ ഉണ്ടായിരുന്നല്ലേ? അതിൽ റെക്കോർഡ് ചെയ്ത വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ലേ?

ഞാനാ ആ ക്യാമറ വാങ്ങിച്ചുകൊടുത്തത്, എന്റെ കൊച്ചിന്. ഞാന്‍ രാവിലെ പോകുമ്പോ ആ ക്യാമറ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ടാണ് പോയത്. ഈ കള്ളത്തരം പറയുംപോലെ ഒരുപാട് കള്ളത്തരങ്ങള്‍ ആള്‍ക്കാര് പറയുന്നുണ്ട്. അതില്‍ നിന്ന് എന്താണ് കിട്ടിയതെന്ന് എനിക്കറിയില്ല. അതിൽ ഒന്നും ഉണ്ടാവാതെ ഇരിക്കുമോ?

അമീറുല്‍ ഇസ്‌ലാം തന്നെയാണ് പ്രതി എന്ന് ഉറപ്പാണോ?

പൊലീസുകാരാണല്ലോ ഇതെല്ലാം പറയുന്നത്. അവർ പറയുന്നതാലോ നമ്മൾ വിശ്വസിക്കുന്നത്. ഡിഎൻഎ ടെസ്റ്റിലൊക്കെ അയാൾ തന്നെയാണ് എന്നാ പറയുന്നത്.

നിങ്ങൾ ആർഭാട ജീവിതമാണ് നയിക്കുന്നത്, ഷോപ്പിംഗിനു പോകുന്നു എന്നൊക്കെ വാർത്ത കൊടുക്കുന്നുണ്ടല്ലോ?

എന്റെ കുഞ്ഞു മരിച്ച മാനസിക അവസ്ഥയിൽ നിന്ന് ഇപ്പോഴും പുറത്തു വന്നട്ടില്ല. നമ്മൾ ഷോപ്പിംഗിനു ഓക്കേ പോകാൻ പറ്റുന്ന ഒരു മനസികാവസ്ഥയിലാണോ? പഴയ വീട്ടിൽ നിന്ന് വന്നപ്പോൾ നമ്മളൊന്നും കൊണ്ട് വന്നിരുന്നില്ല. അപ്പൊ അത്യാവശ്യം വേണ്ട വസ്ത്രങ്ങളൊക്കെ മേടിച്ചട്ടുണ്ട്. എങ്ങനെയാണ് ഈ വാർത്തകൾ വരുന്നതെന്ന് ഞങ്ങൾക്കറിയില്ല.

നിങ്ങൾ ഭക്ഷണം കഴിച്ചോ, എങ്ങോട്ടൊക്കെ പോയി, എന്തൊക്കെ മേടിച്ചു എന്ന് ഈ മാധ്യമങ്ങൾ എങ്ങനെയാണ് അറിയുന്നത്?

അതെങ്ങനെയാണ് ഇവരറിയുന്നത് എന്ന് നമുക്കറിയില്ല. വല്ലപ്പോഴും നമ്മൾ പുറത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കും. വളരെ ലളിതമായി ജീവിക്കുന്നവരാണ് നമ്മൾ. ലളിതമായി എന്ന് പറഞ്ഞാൽ അത്രമാത്രം ലളിതമായി ജീവിക്കുന്നവരാണ്. ഇനിയിപ്പോ അവിടെ ക്യാമറ ഓക്കേ ഉണ്ടാകുമല്ലോ അങ്ങനെ വല്ലതും ആണോ എന്ന് നമുക്കറിയില്ല. തുണിക്കടയിൽ കയറി എന്നൊക്കെ പറയുന്നുണ്ട്. ശരിയാണ് നമുക്ക് വേണ്ട വസ്ത്രങ്ങൾ എന്തെങ്കിലും മേടിക്കണ്ടേ? അവിടെയൊക്കെ ക്യാമറ കൊണ്ട് വന്നു വെച്ചിരിക്കുകയാണ്. ആ ക്യാമറ വഴിയാണ് പുറത്തു പോകുന്നത് എന്നൊക്കെയാണ് മോള് പറയുന്നത്. പിന്നെ നമ്മുടെ കൂടെ എപ്പോഴും പോലീസും ഉണ്ടാകുമല്ലോ. അങ്ങനെയാണോ എന്നതും അറിയില്ല.

പൊലീസുകാരാണോ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്? ഇവിടന്നുള്ള വിവരങ്ങള്‍ പുറത്തെത്തിക്കുന്നത്?

എനിക്കറിയില്ല, പൊലീസുകാരാണോ എന്ന്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ എന്റെ കൂടെ അന്നും ഇന്നും പൊലീസുകാരുണ്ട്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. സ്വർണ്ണത്തോടൊന്നും എനിക്കൊരു കമ്പവുമില്ല. ഈ കെടക്കണതൊക്കെ ചെമ്പാ. ഇത് ഈയടുത്ത ദിവസം ഞാന്‍ ആശുപത്രീല്‍ കെടന്നപ്പോ ബാങ്കില്‍ നിന്ന് എടുത്തതാ.

ഈ കാശൊക്കെ എന്താണ് ചെയ്തത്?

നിങ്ങൾ ചോദിച്ചില്ലേ ഈ കാശൊക്കെ എന്താ ചെയ്യുന്നത് എന്ന്. എന്റെ പൈസ എങ്ങനെയാണ് ചിലവാക്കുന്നത് എന്നും എന്തിനാണ് ചിലവാക്കുന്നതും എന്നും നിങ്ങൾ ചോദിച്ചില്ലേ നിങ്ങൾ ഇത് കാണ്. ദേ ഇതിലുണ്ട് എന്റെ കാശ് മുഴുവൻ ചിലവാക്കിയ ബില്ലുകൾ. എല്ലാ ബില്ലുകളും ഇതിലുണ്ട്. ചിലവാക്കിയ മുഴുവൻ ബില്ലുകളും ഇതിലുണ്ട്. ഞാനെന്റെ പെൻഷൻ കാശ് കൊണ്ടാണ് ജീവിക്കുന്നത്. ഈ ആശുപത്രി ചിലവുകളും എല്ലാം നടത്തുന്നത് ഈ പെൻഷൻ കാശ് കൊണ്ട് കൂടിയാണ്. ദേ ചേച്ചി കിടന്ന ആശുപത്രിയിലെ ബില്ലാണ്. നോക്കിക്കേ. എല്ലാ ബില്ലുകളും ഇതിലുണ്ട്. ഞങ്ങൾക്ക് എന്തിനാ ഒരുപാട് കാശ്? കഞ്ഞി കുടിച്ച് പോകാനുള്ള വരുമാനം ഈ ജോലി കൊണ്ട് കിട്ടുന്നുണ്ട്. ഈ അലമാരി നിറച്ചും ബില്ലുകളാണ്.

ഈ കൊച്ചിന് പന്ത്രണ്ടു വയസ്സായി. അവനു എവിടെയും കൂട്ടില്ല. ഒരാളിൽ നിന്നും അവനു സഹകരണവും സ്നേഹവും കിട്ടുന്നില്ല. ഇവനെ ഒന്ന് കളിയ്ക്കാൻ പോലും പേടികൊണ്ടു ഞങ്ങൾ വിടുന്നില്ല. അങ്ങനെയുള്ള വാർത്തകളല്ലേ എല്ലാ ദിവസവും നമ്മൾ കാണുന്നതും കേൾക്കുന്നതും. അവനങ്ങനെ ഇപ്പൊ ആരോടും മിണ്ടാറുമില്ല. എനിക്ക് പേടിയുണ്ട് കൊച്ചിന്റെ കാര്യത്തിൽ. ഞങ്ങൾക്ക് ഒരു ദിവസം പോലും സമാധാനമായിട്ടു ഉറങ്ങാൻ പറ്റാറില്ല.


പിപി തങ്കച്ചനെയും നിങ്ങളെയും ചേർത്ത് അഭ്യൂഹങ്ങൾ പരന്നിരുന്നല്ലോ? അറിയുമോ തങ്കച്ചനെ?

സ്‌പീക്കർ ആയിരുന്നെന്ന് അറിയാം. എന്റെ ഭര്‍ത്താവ് അവരുടെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് പണ്ട്. അദ്ദേഹത്തെപ്പറ്റി ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള അറിവുകളേ എനിക്കുള്ളൂ. പിന്നെ പണ്ടുകാലത്ത് ഭാര്യേം ഭര്‍ത്താവും ഇലക്ഷന് വേണ്ടി വോട്ടുചോദിച്ച് എല്ലാ നാട്ടിലും ഇറങ്ങിയപ്പോ ഞങ്ങടെ നാട്ടിലും വന്നിരുന്നു. അങ്ങനെയുള്ള പരിചയമല്ലാതെ വേറെ പരിചയമില്ല.

ജിഷയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം കിട്ടിയോ?

എന്റെ ജിഷാ മോള് ബിഎ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് കോളേജില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമേ തന്നിട്ടുള്ളൂ. ജിഷ ഇതുവരെ പഠിച്ച സ്ഥലങ്ങളില്‍ നിന്നൊന്നും അവളുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. കൊച്ചിന്റെ പേപ്പറുകള്‍ വീട്ടിലെത്തിച്ചു തരുമോന്ന് പോലീസുകാരോടും ഡിഎസ്പിയോടും എല്ലാവരോടും ചോദിച്ചിരുന്നു. അന്നവർ തരാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നെ ഒന്നും അതിനെക്കുറിച്ച് കേട്ടില്ല. കെട്ടിയോന്‍ മുക്കട കുടി കുടിക്കും. കിട്ടുന്ന കാശ് മൂടിവെക്കും കള്ള് കുടിക്കാന്‍. തിരിച്ചറിവാകുന്ന വരെ ചേച്ചി നിന്നു, തിരിച്ചറിവായ ശേഷം അവിടന്ന് ഇറങ്ങി. അങ്ങനെയാണ് ഈ പുള്ളേരെ പഠിപ്പിച്ചത്. ആ സർട്ടിഫിക്കറ്റെങ്കിലും നമുക്ക് വേണ്ടേ മക്കളെ?

കുട്ടികളെ ദത്തെടുക്കാന്‍ പോകുന്നു എന്ന് കേട്ടിരുന്നല്ലോ?

എന്റെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ എന്നെ നോക്കീട്ടില്ല. കുട്ടികളെ ദത്തെടുക്കുന്ന കാര്യം എസ്പി സാറിനോടൊക്കെ പറഞ്ഞിരുന്നു. ഞാനൊറ്റപ്പെടും പോലെ എനിക്ക് തോന്നിപ്പോകുകയാണ്. എന്റെ അവസ്ഥ, എനിക്ക് ഇപ്പോൾ ആരുമില്ല. അത് കൊണ്ടാണ് കുഞ്ഞിനെ ദത്തെടുക്കണമെന്നു തോന്നിയത്. എന്റെ മെഡിക്കൽ ചെക് അപ്പ് പൊലീസ് അന്വേഷണം ഇതൊക്കെ കഴിഞ്ഞു കുഴപ്പം ഇല്ലെങ്കിൽ ചേച്ചിക്ക് കുട്ടികളെ തരാമെന്ന് അവിടന്ന് പറഞ്ഞു. എനിക്ക് ഷുഗർ ഒക്കെ 700 ഉള്ളതാണ്. ഞാനീ കിടപ്പു കിടന്നാൽ എന്നെ ആര് നോക്കും? 9 വയസ്സായ കുട്ടികളെ തരാമെന്നാണ് അവര് പറഞ്ഞത്. ഒരു കൊച്ചു മരിച്ച കുടുംബം ആണിത്. പുറത്തു നിന്ന് ഒരാൾ വന്നാൽ ഞാനിവിടന്നു മാറില്ല. എന്റെ കൊച്ചു എന്റെ കണ്മുന്നിൽ വേണം.

കാശിനോട് ആർത്തിയാണ് എന്നൊക്കെയാണ് പ്രചാരണം?

എനിക്കെന്റെ കൊച്ചാണ് വലുത്. അത് കൊണ്ട് എന്റെ കൊച്ചിന്റെ ശരീരത്തിലേ എനിക്ക് നോട്ടം ഉണ്ടായിരുന്നുള്ളു. ഞാൻ പണിക്കു പോകാണ്ടിരുന്നാൽ എന്റെ വീട്ടിൽ അടുപ്പു പുകയില്ല. മുസ്ലീം പള്ളിയുടെ വാതക്കെ പോയി തെണ്ടി ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക ഞാൻ ആശുപത്രീൽ കിടന്നപ്പോ മേടിച്ചട്ടുണ്ട്. ഇവരാരും ഉണ്ടാരുന്നില്ല അന്ന്. ഇതെല്ലാം ഇവരറിഞ്ഞതാണ്. എന്റെ തീട്ടവും മൂത്രവും കോരാൻ അന്നും ആ കൊച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ കുറച്ചു സ്വർണ്ണം മേടിച്ചട്ടുണ്ട്. അതിൽ ഒരു മോതിരം എന്റെ കൊച്ചിന്റെ പേരിൽ മേടിച്ചതാണ്. പലപ്രാവശ്യങ്ങളിൽ ആയി ആശുപത്രിയിൽ കിടന്നു ഏകദേശം നാലു ലക്ഷത്തോളം രൂപയുണ്ട്. ഇതിനൊക്കെ തെളിവുണ്ട്. ഒരാളുമില്ലായിരുന്നു ഞാനീ ആശുപത്രിയിൽ കെടന്നപ്പോളും എന്റെ കാര്യം അന്വേഷിക്കാൻ. നാട്ടുകാര് എന്തൊക്കെ ഉണ്ടാക്കിയാലും സത്യം ഇതാണ്.

അപ്പന് കൊടുത്തില്ല അപ്പനെ നോക്കില്ല എന്നൊക്കെ ആളുകൾ പറയുന്നുണ്ട് ?

അതെങ്ങനെയാണ് മക്കളെ അപ്പന് കൊടുക്കാൻ പറ്റുന്നത് ഞങ്ങൾക്ക് തന്നെ ആവശ്യത്തിന് കാശ് കിട്ടുന്നില്ല. സർക്കാർ കാര്യമല്ലേ അങ്ങനെ അപ്പനാണ് എന്നൊക്കെ പറഞ്ഞു എടുത്തു കൊടുക്കുന്നത് എങ്ങനെയാ? കളക്റ്ററുടെയും അമ്മയുടെയും ജോയിന്റ് അക്കൗണ്ടിൽ ആണ് കാശ് കിടക്കുന്നത്. അതിൽ കുറച്ചു കാശ് സുഖമില്ലായെന്ന് പറഞ്ഞു ഞങ്ങൾ ആശുപത്രിൽ കിടന്നപ്പോൾ മേടിച്ചട്ടുണ്ട്. അല്ലാണ്ട് ഈ കാശൊന്നും ഞങ്ങൾ എടുത്തു പിടിച്ചു നടക്കുന്നില്ല. ഈ പോലീസുകാരൊക്കെ ആശുപത്രീൽ കിടന്നപ്പോൾ ഉണ്ടായിരുന്നു. അവരോടു ചോദിച്ചു നോക്ക് ഞാൻ എങ്ങനെയാ നടന്നത് എന്ന്.

വീട് പോരാ, താമസിക്കാൻ ഇടമില്ല, തുണി ഇടാൻ സ്ഥലമില്ല എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ?

അത് സത്യാ, മക്കള് ഒന്ന് നോക്കിയേ ദേ ഈ മുറിയിലാ ദീപയും കുഞ്ഞും കിടക്കുന്നത്. അവിടെത്തന്നെയാണ് തുണി വിരിച്ചിടുന്നത്. കണ്ടില്ലേ ഇട്ടേക്കണത്. അവിടല്ലാതെ വേറെ ഇടാൻ സ്ഥലമില്ല. ഒരു മുറിയിൽ പോലീസുകാരും ആണ് കിടക്കുന്നത്. ഞാൻ ഈ ഹാളിൽ ആണ് കിടക്കുന്നത്. ഞങ്ങൾ കിടക്കുമ്പോൾ മുഴുവൻ തുണിയിൽ നിന്ന് വെള്ളമൊഴുകും.

ദീപയ്ക്ക് ജോലിയില്ലേ?

ഈ കുഞ്ഞിന് അസുഖം വന്നപ്പോ എംആർഐ സ്കാൻ ചെയ്യാൻ പറഞ്ഞു 4500 രൂപയായി. കാശ് ഇങ്ങനെ ചെലവാകുന്നില്ലേ. മോൾക്ക് ജോലി കിട്ടുന്നതിൽ പിഎഫും പെൻഷനും ഓക്കേ പിടിച്ചു കിട്ടുന്നതിൽ മിച്ചം വെച്ചാണ് കുടുംബം കഴിക്കുന്നത്. ഈ കൊച്ചിനെ സ്‌കൂളിലും വീടണ്ടേ. 16000 രൂപയാണ് മൊത്തം ശമ്പളം. അതിൽ നിന്ന് ഈ കിട്ടുന്നതൊക്കെ കഴിഞ്ഞു എന്ത് മിച്ചം കിട്ടാനാണ്?

ഇനി അങ്ങോട്ടേക്കെന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ കൊച്ചിന് പന്ത്രണ്ടു വയസ്സായി. അവനു എവിടെയും കൂട്ടില്ല. ഒരാളിൽ നിന്നും അവനു സഹകരണവും സ്നേഹവും കിട്ടുന്നില്ല. ഇവനെ ഒന്ന് കളിയ്ക്കാൻ പോലും പേടികൊണ്ടു ഞങ്ങൾ വിടുന്നില്ല. അവനങ്ങനെ ഇപ്പൊ ആരോടും മിണ്ടാറുമില്ല. ഞാൻ കൊച്ചു പുറത്തേക്കിറങ്ങുമ്പോൾ അവനെ വിടൂല്ല, അങ്ങനെയുള്ള വാർത്തകളല്ലേ എല്ലാ ദിവസവും നമ്മൾ കാണുന്നതും കേൾക്കുന്നതും. എനിക്ക് പേടിയുണ്ട് കൊച്ചിന്റെ കാര്യത്തിൽ. ഞങ്ങൾക്ക് ഒരു ദിവസം പോലും സമാധാനമായിട്ടു ഉറങ്ങാൻ പറ്റാറില്ല. എന്റെ കൊച്ചിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ട്.

ഏതെങ്കിലും സംഘടനയിൽ പ്രവർത്തിക്കണം എന്നാണോ?

എനിക്ക് ഏതെങ്കിലും സംഘടനയിൽ പ്രവർത്തിക്കണം എന്നൊക്കെ ഉണ്ട്. അതിനു നമ്മൾക്ക് വിശ്വസിക്കാവുന്ന ഒരിടം കിട്ടണം . നല്ല കാര്യങ്ങളിലൊക്കെ പ്രവർത്തിക്കണം എന്നൊക്കെ ഉണ്ട്. വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതിനോ, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസമോ താമസമോ അങ്ങനെ ഏതെങ്കിലും രീതിയിൽ ഉള്ള കുട്ടികളെ ഒക്കെ നോക്കണം എന്നുണ്ട്. അതാകുമ്പോ എനിക്ക് ഒറ്റപെട്ടു എന്നുള്ള തോന്നലുകളും ഉണ്ടാവില്ല. സമൂഹത്തിനു നമുക്കൊക്കെ എന്തേലും ചെയ്യാനും പറ്റും. എവിടെ നിന്ന് തുടങ്ങണം എങ്ങനെ മുന്നോട്ടു പോണം എന്നാണു ഞാൻ ആലോചിക്കുന്നത്.

Read More >>