പ്രണയിക്കുന്നോ എന്ന ചോദ്യം പോലും അസഹിഷ്ണുക്കളാക്കുന്ന വിധമായോ ഇവിടം?

പുള്ളിക്കാരി ഈ ലോകത്ത് എന്തും പറയും. എന്തും ചെയ്യും. ആരുടെ മടിയില്‍ വേണമെങ്കിലും കയറിയിരിക്കും. ചെലപ്പോ നെഞ്ചത്തോ തോളത്തോ കയറിയിരിക്കും. അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരിക്ക്- ഷാരോണ്‍ റാണി പ്രതികരിക്കുന്നു

പ്രണയിക്കുന്നോ എന്ന ചോദ്യം പോലും അസഹിഷ്ണുക്കളാക്കുന്ന വിധമായോ ഇവിടം?

എകെജിയുടേയും സുശീലാ ഗോപാലന്റെയും വിവാഹത്തേയും പ്രണയത്തേയും കുറിച്ച് വി.ടി. ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പലരിലും പലതരം പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. പുള്ളിക്കാരിയും പ്രതികരിച്ചു. ചിത്രകാരിയായ ഷാരോണ്‍ റാണിയുടെ കഥാപാത്രമാണ് പുള്ളിക്കാരി. അഞ്ചുവര്‍ഷമായി ശക്തമായ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പുള്ളിക്കാരി. നോട്ട് നിരോധന സമയത്ത് വിമര്‍ശനകലയുടെ ശക്തമായ പ്രതികരണങ്ങള്‍ പുള്ളിക്കാരിയില്‍ നിന്നുണ്ടായി. ബല്‍റാമിന്റെ രൂപസാദൃശ്യമുള്ള കഥാപാത്രത്തിന്റെ മടിയില്‍ കയറിയിരുന്ന് നമുക്കൊന്ന് പ്രണയിച്ചാലോ എന്ന് ചോദിച്ച പുള്ളിക്കാരി പിന്നീട് സൈബര്‍ ആക്രമണത്തെ നേരിട്ടു.

സുശീലാ ഗോപാലന്‍ തന്നെ ആക്രമിച്ചവര്‍ക്കു നേരെ പ്രതികരിക്കുന്നതായടക്കം വായിക്കാമായിരുന്ന ആ ചിത്രീകരണത്തിനു നേരെ ബാലപീഡയാരോപിച്ചാണ് ആക്ഷേപവും വിദ്വേഷവും ഉയര്‍ന്നത്. ഷാരോണ്‍ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ആദ്യമായി പുള്ളിക്കാരിയെ പിന്‍വലിച്ചു. ഏതു സാഹചര്യമാണ് പിന്‍വലിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് പറയുകയാണ് ഷാരോണ്‍.

ഷാരോണ്‍ വരയ്ക്കുന്നു. പുള്ളിക്കാരി പ്രതികരിക്കുന്നു. സദാചാര ആക്രമണത്തെ തുടര്‍ന്ന് ആ ചിത്രീകരണം പിന്‍വലിക്കുന്നു- എന്താണ് സംഭവം?

പുള്ളിക്കാരി വളരെ തമാശയായി ചോദിക്കുന്ന ഒരു സംഭവമാണ്. എന്നാപ്പിന്നെ നമുക്കങ്ങ് പ്രണയിച്ചാലോന്ന്. മടിയില്‍ കയറിയിരിക്കുന്നു, അതില്‍ പീഡോഫീലിയ ഉണ്ടെന്നൊക്കെ പറയുന്നത് എന്റെ പ്രശ്‌നമല്ല. ഓരോ കാര്യങ്ങളും കാണുമ്പോള്‍ നമ്മുടെ പ്രതിഫലനം തന്നെയാണ് നമ്മള്‍ കാണുന്നത്. അത്തരത്തിലുള്ള മൈൻഡ്‌സെറ്റുള്ളവര്‍ക്കായിരിക്കാം... അനുഭവം ഉള്ളവര്‍ക്കായിരിക്കാം അതിനെ പറ്റി ഭയങ്കര രൂക്ഷമായി തോന്നിയത്. ഞാനതില്‍ വി.ടി ബല്‍റാമിനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.പുള്ളിക്കാരി കുട്ടിയാണോ അഡള്‍ട്ടാണോ എന്ന പ്രശ്‌നമാണ് മറ്റൊന്ന്. ഒരു കുട്ടിക്ക് ഇങ്ങനെ സംസാരിക്കാന്‍ പാടുണ്ടോ? അല്ലെങ്കില്‍ ഒരു കുട്ടിയെ അയാള്‍ മടിയിലെടുത്തു വെക്കാന്‍ പാടുണ്ടോ എന്നൊക്കെയുള്ളത് സദാചാര പ്രശ്‌നമല്ലേ?

നടുവിരല്‍ ഉയര്‍ത്തി നിന്ന് നമുക്കൊന്ന് പ്രണയിച്ചാലോ എന്നല്ലേ ചോദ്യം?

നടുവിരലല്ല, ചൂണ്ടുവിരലുയര്‍ത്തി ചിന്തിക്കുകയാണ് പുള്ളിക്കാരി.

പ്രണയിച്ചാലോ എന്ന ചോദ്യം അത്ര പ്രശ്‌നമാണോ?

എനിക്കും അതു തന്നെയാണ് ചോദിക്കാനുള്ളത്- പ്രണയിക്കാമോ എന്ന ചോദ്യം അത്ര പ്രശ്‌നമാണോ...?

ഒരു കലാകാരി എന്ന നിലയില്‍ എല്ലാത്തരം സ്വാതന്ത്ര്യത്തിലുമായ വ്യക്തിയാണ് ഷാരോണ്‍. പ്രണയിക്കുന്നോ എന്ന ചോദ്യം പോലും അസഹിഷ്ണുക്കളാക്കുന്ന വിധമായോ ഇവിടം?

തീര്‍ച്ചയായും അതെ.വരച്ചതു മുതല്‍ പിന്‍വലിക്കുന്നതു വരെ ഏതു തരം ഘട്ടങ്ങളിലൂടെയാണ് കടന്നു പോയത്?

ഭ്രാന്തന്മാരേയും പട്ടികളേയും സൂക്ഷിക്കണമെന്നത് കൂടുതല്‍ വ്യക്തമായ സമയമായിരുന്നു അത്.

പുള്ളിക്കാരി എപ്പോള്‍ ആരംഭിച്ച കഥാപാത്രമാണ്?

ഞാന്‍ കുറേക്കാലം ഫോര്‍ട്ട് കൊച്ചിയിലായിരുന്നു. ഡബിള്‍ ബാരല്‍ സിനിമയുടെ ഗ്രാഫിക് നോവലിന്റെ വര്‍ക്കിലായിരുന്നു. ഐപാഡിലാണ് വരച്ചു തുടങ്ങിയത്. ഐപാഡ് കേടായപ്പോള്‍ സിസ്റ്റത്തില്‍ വരച്ചു തുടങ്ങി. അഞ്ചു വര്‍ഷത്തില്‍ ദിവസം ഒരെണ്ണം അല്ലെങ്കില്‍ രണ്ടെണ്ണം വീതം വരയ്ക്കാറുണ്ട്. അതൊരു വലിയ കളക്ഷനാണ്. അതിലെ തുടക്കം മുതല്‍ അത്രയും വയലന്‍സും സെക്ഷ്വാലിറ്റി കണ്ടന്റുമാണ് വരച്ചിരുന്നത്. പുള്ളിക്കാരിയുടെ ഉടുപ്പു ചെറുതാണ്. കുട്ടിയുടെ രൂപമാണ്. മൂന്നു വയസുള്ള പിഞ്ചു ശിശുവാണ് എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവുമില്ല. പുള്ളിക്കാരി വയസിന് അതീതമാണ്. അതെന്തും പറയും. അങ്ങനെ എന്തും പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് കല?

ഈ സദാചാര മനുഷ്യന്മാരുടെ ഇടയില്‍ വളര്‍ന്ന് ആര്‍ട്ടിസ്റ്റായി പരിണമിക്കുന്ന ഷാരോണുണ്ട്?

പുള്ളിക്കാരിയുടെ അംശം എന്നത് എന്റേതു തന്നെയാണ്. എന്റെ മനസ് അല്ലെങ്കില്‍ ഞാനെന്ന ആളുടെ നേച്ചര്‍ ചിലപ്പോള്‍ കുട്ടിയുടേതാകാം. അപ്പോ, ഞാന്‍ കാണുന്ന കാഴ്ചകളില്‍ നിന്നാണ് പുള്ളിക്കാരിയുടെ പ്രതികരണങ്ങള്‍ രൂപപ്പെടുന്നത്. എനിക്ക് പ്രതികരിക്കണം എന്നു തോന്നുന്നതിനോടാണ് പുള്ളിക്കാരി പ്രതികരിക്കുന്നത്. കഥാപാത്രത്തെ കാണേണ്ട രീതിയെന്നത് പ്രായത്തിന്റെയോ, സദാചാരത്തിന്റെയോ, നിങ്ങളുദ്ദേശിക്കുന്ന നിഷ്‌കളങ്കതയുടെ കണ്ണിലൂടെയോ അല്ല. അബോധവും കഴിഞ്ഞു വരുന്ന തലത്തില്‍ നിന്നുള്ളതാണ് പുള്ളിക്കാരിയുടെ സംസാരങ്ങള്‍.
നിഷ്‌കളങ്കത ചില പ്രത്യേക പ്രായത്തില്‍ മാത്രമാണെന്നു കരുതുന്നു ചിലര്‍?

അല്ല. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് നിഷ്‌കളങ്കതയുമുണ്ട്. അതേ സമയം കുട്ടികളെല്ലാവരും നിഷ്‌കളങ്കരുമല്ല. കള്ളത്തരം കാണിക്കുന്നവരും മുട്ടായി മോഷ്ടിച്ചു വെക്കുന്നവരുമെല്ലാം കുട്ടികളിലുണ്ട്.

ഒപ്പമൊരു ചോദ്യമുണ്ട്- എന്താണപ്പോള്‍ കളങ്കമെന്ന്?

ഉള്ളിലുള്ളതിനെ മറച്ച് വെച്ച് പുറമേയ്ക്ക് വേറെ കാണിക്കുന്നതാണ് കളങ്കം.

സദാചാരത്തിനു വേണ്ടി ബോധപൂര്‍വ്വം പുള്ളിക്കാരി പെരുമാറണം എന്നു പറയുന്നതിനെ പുരോഗമന കേരളം എന്നൊക്കെ പറയാനാകുമോ?

അങ്ങനെ പെരുമാറുന്ന കഥാപാത്രമല്ലത്. ബോധമണ്ഡലത്തിലോ അബോധമണ്ഡലത്തിലോ പോലും നില്‍ക്കുന്ന കഥാപാത്രമല്ലത്. പുള്ളിക്കാരി ഈ ലോകത്ത് എന്തും പറയും. എന്തും ചെയ്യും. ആരുടെ മടിയില്‍ വേണമെങ്കിലും കയറിയിരിക്കും. ചെലപ്പോ നെഞ്ചത്തോ തോളത്തോ കയറിയിരിക്കും. അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരിക്ക്.

പുള്ളിക്കാരിക്ക് ജെന്ററുണ്ടോ?

പലപ്പോഴും സ്ത്രീയായാണ് വരച്ചിരിക്കുന്നതെങ്കിലും ലിംഗാതീതമായും വരച്ചിട്ടുണ്ട്.

ഇത്രയും വലിയൊരു ആക്രമണം ഷാരോണിന്റെ കല മുന്‍പ് നേരിട്ടുണ്ടോ?

ഇല്ല.ഷാരോണ്‍ റാണി

എന്താണ് ഈ ആക്രമം?

പലരും പറയുന്നത് ആ പടം കണ്ടിട്ട് പലരും ഡിസ്റ്റര്‍ബ്ഡായി. പീഡോഫയില്‍ ടെന്റന്‍സി ഉള്ളവരെ പ്രചോദിപ്പിക്കുന്നതാണെന്ന വിമര്‍ശനമുണ്ടായി. അങ്ങനെ വ്യാഖ്യാനിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യം.

പുള്ളിക്കാരി നോട്ട് നിരോധനത്തെയും മോദിയേയും വിമര്‍ശിക്കുന്നുണ്ട്. അന്നു കിട്ടിയ കയ്യടി ഓര്‍ക്കുന്നുണ്ടോ?

ആ കയ്യടിച്ചവര്‍ പലരും ഇപ്പോള്‍ പുള്ളിക്കാരിയെ വിമര്‍ശിക്കുന്നുണ്ട്.

അയച്ച തുണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് വിടും എന്ന് ഷാരോണ്‍ പറയുന്നൊരു പോസ്റ്റ് കണ്ടിരുന്നു. കേരളത്തിലെ ആണുങ്ങള്‍ ഇന്‍ബോക്‌സില്‍ വന്നു നടത്തുന്ന പെരുമാറ്റങ്ങളാണല്ലോ ആ പോസ്റ്റിനു പിന്നില്‍?

തുണ്ടൊക്കെ അയക്കുന്നവര്‍ അറിയാത്ത പ്രൊഫൈലുകളില്‍ നിന്നാണ്. ഞാനത് മൈന്‍ഡ് ചെയ്യാറുപോലുമില്ല.

മലയാളി എങ്ങനെയാണ് ലൈംഗികതയെ കാണുന്നത്?

എന്റെ അനുഭവത്തില്‍ പലര്‍ക്കും അതിനെക്കുറിച്ച് ഒരു ധാരണയില്ലെന്നതാണ് സത്യം. ഒരു തരത്തിലും വികസിച്ചിട്ടില്ല അത്.

പുള്ളിക്കാരി മലയാളിയാണോ?

അപ്പോഴത്തെ മൂഡനുസരിച്ച് രൂപവും വേഷവും മാറും പുള്ളിക്കാരി.

മലയാളിയെ പോലെ ചിന്തിക്കണം എന്ന വാശിപിടിച്ചിട്ടപ്പോള്‍ കാര്യമില്ല?

ചിലപ്പോള്‍ മലയാളികളെ പോലെ ചിന്തിക്കും. മെക്‌സിക്കന്‍സിനെ പോലെയും ചിന്തിക്കും.

പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തി എന്നത് നമുക്ക് വലിയ വേദനയാണ്. അതിനോട് ഐക്യപ്പെടുന്നവരാണ്. അതേ ആളുകളുടെ കൂട്ടം ഷാരോണിന്റെ ആര്‍ട്ട് പിന്‍വലിപ്പിച്ചപ്പോള്‍ എന്തു തരം ഫീലിലൂടെയാണ് ഷാരോണ്‍ കടന്നു പോയത്?

നമുക്ക് പറയാനുള്ള കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അത് മറ്റെന്തോ ആക്കി തീര്‍ത്തതിലുള്ള വിഷമമുണ്ട്. പിന്‍വലിച്ചത്, എനിക്ക് ഇത്തരം കേസുകളുടെ പിന്നാലെ പോയി മനഃ സമാധാനം കളയാന്‍ സമയമില്ലാത്തതിനാലാണ്.

പീഡോ എന്നു വിളിച്ച് എതിരാളികളെ ആക്രമിക്കുന്ന തുടര്‍ച്ചയിലാണ് എകെജിക്ക് നേരെയും ആരോപണമുയര്‍ന്നത്. ഇത്തരത്തില്‍ എന്തു വടിയും എടുത്ത് ആക്രമിക്കുകയാണ്. അതൊരു പീഡോഫയില്‍ ചിത്രമായിരുന്നോ?

ഒരിക്കലുമല്ല. ആ ചിത്രത്തില്‍ എങ്ങനെ ഒരു പീഡോഫൈല്‍ ആരോപണം ഉണ്ടാകുന്നു? അതവരുടെ മനസില്‍ ഉള്ളതു തന്നെയാകും. അല്ലാതെ കൂടുതലൊന്നും അറിയില്ല.

പിന്‍വലിച്ച ചിത്രത്തിനു ശേഷം വരച്ചതില്‍, ബിക്കിനിയിട്ട് പുള്ളിക്കാരി പറയുന്നത് ഫ്രഷ് എയര്‍ വേണമെന്നാണ്?

ആശ്വസിക്കണമെന്നാണ്.

ഒന്നു മാറി നില്‍ക്കു, ഇത്തിരി കാറ്റ് കിട്ടട്ടേ എന്നു പറയേണ്ടി വരുന്നത്ര ആള്‍ക്കൂട്ടം ആക്രമിക്കാന്‍ വന്നുവെന്നാണോ?

ഒരു ആള്‍ക്കുട്ടം ഉണ്ടായി. പീഡോഫീലിയ എന്നു പറഞ്ഞ് കൂട്ടം ചേര്‍ന്നു.

ആക്രമിക്കാന്‍ ഒരാള്‍ക്കൂട്ടം രൂപപ്പെടുന്നു എന്നു മനസിലായപ്പോഴാണ് പിന്‍വലിച്ചത്?

അതെ

പുള്ളിക്കാരി പേടിച്ചോ?

പുള്ളിക്കാരിക്ക് ഒരു കുഴപ്പവുമില്ല. ഇത്രയൊക്കെ പ്രശ്‌നമായ സ്ഥിതിക്ക് കുറച്ചു കൂടി ബെറ്ററായി വരയ്ക്കുമായിരിക്കും. അലസമായാണ് ഇതുവരെ വരച്ചിരുന്നത്. ഇനി കുറേക്കൂടി ശക്തമായി വരയ്ക്കാനാണ് തോന്നുന്നത്. വിമര്‍ശിച്ചവര്‍ എനിക്ക് തന്നത് ഒരു പുഷാണ്.

വിമര്‍ശനമായിരുന്നോ അത്?

അത് പിന്‍വലിക്കണം എന്നു തന്നെയായിരുന്നു ആവശ്യപ്പെട്ടത്. അത് തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉണര്‍ന്ന് എഴുന്നേറ്റ് വന്നപ്പോള്‍ അതേ ആവശ്യം ഉന്നയിച്ച് നിറയെ മെസേജുകള്‍. പിന്നെ ചറപറ മെസേജ്. ഇത് ആദ്യം പറഞ്ഞ ഒരുവന്‍ പ്രാന്ത് പിടിച്ച് എന്റെ വാളിലും അവന്റെ വാളിലും ഷെയര്‍ ചെയ്തവരുടെ വാളിലുമെല്ലാം പോയി എന്നെ പീഡോഫൈല്‍ എന്നു വിളിക്കുകയായിരുന്നു.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് സത്യമല്ലേ?

ബല്‍റാം അങ്ങനെ പറഞ്ഞിരുന്നു എന്ന വാര്‍ത്ത നമുക്കറിയാം. അപ്പോ അതിനോട് പുള്ളിക്കാരി എങ്ങനെ പ്രതികരിക്കും. ബല്‍റാമിന്റെ കമന്റിനോട് മാത്രമല്ല. മൊത്തത്തിലുള്ള ബഹളങ്ങളോട് പുള്ളിക്കാരിയുടെ ആറ്റിറ്റ്യൂഡ് അതാണ്. എന്തായാലും ബല്‍റാം അങ്ങനെ പറഞ്ഞല്ലോ. അങ്ങേര്‍ പറഞ്ഞതിനോട് യോജിപ്പൊന്നും എനിക്കില്ല.

വി.ടി. ബല്‍റാമിന്റെ മടിയിലിരുന്ന് ആ ചോദ്യം ചോദിക്കുന്നത് സുശീല ഗോപാലനായിരുന്നു എന്നും ചിന്തിച്ചു കൂടായിരുന്നോ. തന്നെ അപമാനിച്ചവരോട് ഒരു സ്ത്രീയുടെ പ്രതികരണമായും കാണാമായിരുന്നില്ലേ?

അത് വളരെ രസമുള്ള ഒരു തോന്നലാണ്. അങ്ങനെ തന്നെയുമാണല്ലോ അത്.

സ്ത്രീയുടെ, പുള്ളിക്കാരിയോ, സുശീലയോ ഒക്കെയായ സ്ത്രീയുടെ, 'പ്രണയിച്ചാലോ' എന്ന ചോദ്യത്തെയല്ലേ ഭയപ്പെടുന്നത്?

അതുകൊണ്ടാണ് ഇതൊരു സദാചാര ആക്രമണമായി മാറുന്നത്. അതൊരു സ്ത്രീ ചോദിക്കുന്നു എന്നു പോലുമല്ല വി.ടി ബല്‍റാം ചോദിക്കുന്നതായാണ് പലരും മനസിലാക്കിയിരിക്കുന്നത്. പുള്ളിക്കാരിയെ പീഡോഫീലികായി വ്യാഖ്യാനിച്ചതു കൊണ്ടു കൂടിയാണ് പിന്‍വലിച്ചത്.

Read More >>