ജിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങള്‍ നാരദ പുറത്തുവിടുന്നു; കൊല്ലപ്പെട്ടത് വിദ്യാർത്ഥികളെ സംഘടിപ്പിച്ചതിന്

ജിഷ്ണു പ്രണോയിയോട് സാങ്കേതിക സര്‍വ്വകലാശാലയ്ക്കും കോളേജ് മാനേജ്മെന്റിനും മുന്‍വൈരാഗ്യമുണ്ട്. ജിഷ്ണു സര്‍വ്വകലാശാലയ്ക്കെതിരെ സമരം നയിച്ചു. ജിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങള്‍ നാരദ പുറത്തുവിടുന്നു.

ജിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങള്‍ നാരദ പുറത്തുവിടുന്നു; കൊല്ലപ്പെട്ടത് വിദ്യാർത്ഥികളെ സംഘടിപ്പിച്ചതിന്

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനും സംഘത്തിനുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്. സാങ്കേതിക സര്‍വ്വകലാശാലയ്ക്കെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സമരം നടത്താൻ ജിഷ്ണു ശ്രമിച്ചിരുന്നു. ജിഷ്ണുവിന്റെ ഇടപെടലിനെയും പരാതിയേയും തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് നാരദയോട് പറഞ്ഞു.


ജിഷ്ണുവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് ശബ്ദരേഖയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ലഭിച്ചത്. പരീക്ഷ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ജിഷ്ണു നടത്തിയ ഇടപെടലാണ് കൃഷ്ണദാസിനെ ചൊടിപ്പിച്ചത്. പഠിക്കാന്‍ ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വകലാശാലയ്ക്കും വിദ്യാഭ്യാസ വകുപ്പിനും ജിഷ്ണു പരാതികള്‍ നല്‍കിയിരുന്നു. ഇതുകൂടാതെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ സമീപിച്ചെങ്കിലും അവരും മുഖം തിരിച്ചു.

വിഷയം കൈരളി ചാനലിനെ അറിയിച്ചപ്പോള്‍ സാങ്കേതിക സര്‍വകലാശാല തീയിട്ടുകളയാനാണ് കൈരളി ടി വി നിര്‍ദ്ദേശിച്ചതെന്ന് പൊലീസ് കണ്ടെത്തിയ ശബ്ദരേഖയില്‍ ജിഷ്ണു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലേക്കു വിളിച്ചപ്പോള്‍ ഇരുന്നു പഠിച്ചോ, ഇതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇത് മുപ്പതാമത്തെ ആളാണ് കെടിയുവിനെതിരെ വിളിക്കുന്നത്. ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. മീഡിയ വണ്‍ ചെയ്യാമെന്ന് പറഞ്ഞു. എസ്.എഫ്.ഐയുടെ ആള്‍ക്കാരെ വിളിച്ചിട്ടും തീരുമാനമായില്ലെന്ന് ജിഷ്ണു പറയുന്നത് കേള്‍ക്കാം.

രണ്ടു ദിവസമായി ഈ പരിപാടിയുമായി നടക്കുന്നതെന്നും മടുത്തുവെന്നും നമുക്കെല്ലാവര്‍ക്കും ഇരുന്നു പഠിക്കാമെന്നും ജിഷ്ണു പറയുന്നു. ചാനലായ ചാനലൊക്കെ വിളിച്ച് വെറുത്തിരിക്കുകയാണെന്നും ജിഷ്ണുവിന്റെ ശബ്ദരേഖയില്‍ പറയുന്നു. സ്റ്റഡി ലീവിന്റെ കുറവായതുകൊണ്ട് ഒരു ചാന്‍സ് ഉണ്ട്, പരിശോധിക്കാമെന്നാണ് പറഞ്ഞത്. മീറ്റിങ് ഒക്കെ കഴിഞ്ഞുവെന്ന് മറ്റൊരു ശബ്ദരേഖയില്‍ കേള്‍ക്കാം. ജിഷ്ണു സുഹൃത്തുക്കളോട് പറയുന്നതായിട്ടാണ്. വാട്ട്‌സാപ്പിലയച്ച വോയിസ് മെസേജുകളാണിവ.

സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സെക്രട്ടറി വിജിന്‍ എന്നിവര്‍ക്ക് അയച്ച മെസേജുകളും പുറത്തുവന്ന തെളിവുകളുടെ കൂട്ടത്തിലുണ്ട്.

ജിഷ്ണുവിന്റെ പരാതി ലഭിച്ചിരുന്നതായി ജെയ്ക് സി തോമസ് സ്ഥിരീകരിച്ചു. അക്കാലത്ത് ഈ വിഷയം ഉന്നയിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ജെയ്ക് പറഞ്ഞു. ഡിയര്‍ കോമ്രേഡ് എന്ന് അഭിസംബോധന ചെയ്തായിരുന്നു മെയിലിന്റെ തുടക്കം. ഞാനും വിജിനും ഇക്കാര്യം അന്വേഷണ സംഘത്തിനു മുന്നില്‍ പറഞ്ഞിരുന്നു. ജിഷ്ണു ഉന്നയിച്ച പ്രശ്‌നത്തില്‍ എസ്.എഫ്.ഐ ഇടപെട്ട് പരീക്ഷ മാറ്റിവെപ്പിച്ചതായും ജെയ്ക് നാരദ ന്യൂസിനോടു പറഞ്ഞു.


ജിഷ്ണുവിന്റെ ഇടപെടല്‍ മാനെജ്മെന്റിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥികളെ ജിഷ്ണു സംഘടിപ്പിച്ച് പരീക്ഷ മാറ്റിവെയ്ക്കാന്‍ ശ്രമിച്ചത് മാനെജ്മെന്റില്‍ വൈരാഗ്യം ഉണ്ടായതായാണ് പൊലീസ് നിഗമനം.