നന്തന്‍കോട് കൂട്ടക്കൊല: ഒളിവിലായിരുന്ന കേദല്‍ പിടിയില്‍; ചെകുത്താന്‍ സേവ നടത്തി കൊലപ്പെടുത്തിയതെന്നു മൊഴി

കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാള്‍ പിടിയിലാവുകയായിരുന്നു

നന്തന്‍കോട് കൂട്ടക്കൊല: ഒളിവിലായിരുന്ന കേദല്‍ പിടിയില്‍; ചെകുത്താന്‍ സേവ നടത്തി കൊലപ്പെടുത്തിയതെന്നു മൊഴി

നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജീന്‍സണ്‍ രാജ പിടിയിലായി. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് കേദല്‍.മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് താനാണെന്ന് കേദല്‍ സമ്മതിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്നു വൈകിട്ട് 6.45നാണ് ഇയാള്‍ പിടിയിലായത്. സാത്താന്‍ സേവയാണ് താന്‍ നടത്തിയതെന്ന് കേദല്‍ മൊഴി നല്‍കി. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പ്പെടുന്ന പരീക്ഷണം നടത്തുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശമെന്നും ഇയാള്‍ പറഞ്ഞു. എല്ലാ കൊലപാതകങ്ങളും നടത്തിയത് ഒരേ ദിവസമാണെന്നും കേദല്‍ വ്യക്തമാക്കി.

നന്തന്‍കോട് ബെയിന്‍സ് കോമ്പൌണ്ട് എന്‍ബിസിആര്‍എ 117ല്‍ ഡോ. എ രാജ തങ്കം (60), ഭാര്യ ഡോ. സി ജീന്‍ പത്മ (58), മകള്‍ കരോള്‍ പത്മ തങ്കം (26), ഡോക്ടറുടെ ബന്ധു ലളിത ജെയിന്‍ (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം മഴു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അന്നു തന്നെയാണ് ബന്ധുവിനെയും കൊലപ്പെടുത്തിയത്.

പിടികൂടി മണിക്കൂറുകള്‍ക്കകമാണ് കേദലിന്റെ കുറ്റസമ്മതം. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേദല്‍ മൊഴി നല്‍കി.ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ വീടിന്റെ മുകളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസിയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഫയര്‍ഫോഴ്സെത്തി തീയണച്ചശേഷം വീടിന്റെ താഴത്തെ നിലയിലെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മരിച്ച ലളിതയ്ക്ക് കാഴ്ചശേഷിയില്ലായിരുന്നു. രാത്രി കിടക്കാന്‍ മാത്രമാണ് ഇവര്‍ ഇവിടേക്ക് വരാറുള്ളത്. കേദലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വയം വിരമിച്ച ഡോക്ടര്‍ ജീന്‍ പത്മ നേരത്തെ സൗദി അറേബ്യ, ബ്രൂണെ എന്നിവിടങ്ങളിലും ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിരുന്നു. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജിലെ റിട്ട. ചരിത്രാധ്യാപകനാണ് രാജ തങ്കം. കരോലിന്‍ ചൈനയില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. കേദല്‍ ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇയാള്‍ 2009ല്‍ നാട്ടിലെത്തുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള- തമിഴ്നാട് അതിർത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.