നന്തൻകോട് കൂട്ടക്കൊല: ആസ്ട്രൽ പ്രൊജക്ഷനൊക്കെ കെട്ടുകഥ; കൊലയ്ക്കു കാരണം വീട്ടിലെ സാഹചര്യങ്ങൾ; ഇതിനായി മാസങ്ങൾ നീണ്ട ആസൂത്രണമെന്നു പൊലീസ്

വീട്ടിൽ നിന്നും നേരിട്ട അവ​ഗണനയാണ് കൊലയ്ക്കു കാരണമെന്നു പ്രതി സമ്മതിച്ചു. മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കാെലയ്ക്കു പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിവായത്. വിദ്യാഭ്യാസം കുറവായതിനാൽ വീട്ടിൽ നിന്നും വലിയ അവ​ഗണനയാണ് നേരിടേണ്ടിവന്നിരുന്നതെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും കേദൽ മൊഴി നൽകി. വീട്ടിലെ മറ്റുള്ളവർക്കെല്ലാം ഉന്നതവിദ്യാഭ്യാസമുണ്ട്. എന്നാൽ കേദലിനു പ്ലസ് ടു മാത്രമാണ് പാസ്സാകാൻ കഴിഞ്ഞത്. അതിനാൽ വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും തടസ്സം വന്നു. ഇതിൽ അച്ഛൻ രാജ തങ്കത്തിനു ദേഷ്യമുണ്ടായിരുന്നെന്നും അദ്ദേഹത്തിൽ നിന്നു വലിയ അവ​ഗണന നേരിടേണ്ടിവന്നതെന്നുമാണ് കേദലിന്റെ മൊഴി. ഇത് അച്ഛനോടുള്ള കടുത്ത പ്രതികാരത്തിനു വഴിവച്ചു. ആദ്യം അച്ഛനെയാണ് കൊല്ലാൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.

നന്തൻകോട് കൂട്ടക്കൊല: ആസ്ട്രൽ പ്രൊജക്ഷനൊക്കെ കെട്ടുകഥ; കൊലയ്ക്കു കാരണം വീട്ടിലെ സാഹചര്യങ്ങൾ; ഇതിനായി മാസങ്ങൾ നീണ്ട ആസൂത്രണമെന്നു പൊലീസ്

നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ ചുരുളഴിയുന്നു. പ്രതി കേദൽ ജിൻസൺ രാജ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് കൊല നടത്തിയതെന്നു പ്രതി സമ്മതിച്ചു. ആസ്ട്രൽ പ്രൊജക്ഷൻ (ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പിരിക്കല്‍) കഥകളൊക്കെ കൊലപാതകം മറയ്ക്കാനും കേസിൽ നിന്നു രക്ഷപെടാനുമുള്ള പ്രതിയുടെ തന്ത്രമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്നും നേരിട്ട അവ​ഗണനയാണ് കൊലയ്ക്കു കാരണമെന്നു പ്രതി സമ്മതിച്ചു. മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കാെലയ്ക്കു പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിവായത്. വിദ്യാഭ്യാസം കുറവായതിനാൽ വീട്ടിൽ നിന്നും വലിയ അവ​ഗണനയാണ് നേരിടേണ്ടിവന്നിരുന്നതെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും കേദൽ മൊഴി നൽകി. വീട്ടിലെ മറ്റുള്ളവർക്കെല്ലാം ഉന്നതവിദ്യാഭ്യാസമുണ്ട്. എന്നാൽ കേദലിനു പ്ലസ് ടു മാത്രമാണ് പാസ്സാകാൻ കഴിഞ്ഞത്. അതിനാൽ വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും തടസ്സം വന്നു. ഇതിൽ അച്ഛൻ രാജ തങ്കത്തിനു ദേഷ്യമുണ്ടായിരുന്നെന്നും അദ്ദേഹത്തിൽ നിന്നു വലിയ അവ​ഗണന നേരിടേണ്ടിവന്നതെന്നുമാണ് കേദലിന്റെ മൊഴി. ഇത് അച്ഛനോടുള്ള കടുത്ത പ്രതികാരത്തിനു വഴിവച്ചു.

ആദ്യം അച്ഛനെയാണ് കൊല്ലാൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നു മാസമെടുത്താണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും ആദ്യം അച്ഛനെയാണ് കൊലപ്പെടുത്തിയതെന്നുമാണ് കേദലിന്റെ പുതിയ മൊഴി. ശരീരത്തിൽ നിന്നും ആത്മാവിനെ വേർപ്പിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി 15 വർഷമായി താൻ പരിശീലിക്കുന്നുണ്ടെന്നും ഇത് പരീക്ഷിക്കുകയായിരുന്നു കാെലപാതകത്തിലൂടെ ചെയ്തതെന്നുമായിരുന്നു കേദലിന്‍റെ ആദ്യ മൊഴി, എന്നാല്‍ കൃത്യം മറച്ചുവയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ കേദലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേദൽ കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തിയെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായി. കൊടുംക്രിമിനലിന്റെ മനോനിലയാണ് കേദല്‍ ജിന്‍സണ്‍ രാജിനുള്ളതെന്ന് ചോദ്യം ചെയ്യലില്‍ പങ്കെടുത്ത മനഃശാസ്ത്ര വിദഗ്ധന്‍ വ്യക്തമാക്കി. ആത്മാക്കള്‍ക്കു വേണ്ടിയാണ് കൊല നടത്തിയതെന്നും ഒന്നും ഓർമയില്ലെന്നുമുള്ള കേദലിന്‍റെ മൊഴിയെ തുടർന്നാണ് മനഃശാസ്ത്ര വിദ​ഗ്ധന്റെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്തത്.

കേദൽ സ്ഥിരമായ വായിക്കുന്ന വെബ്സൈറ്റുകളും ബുക്കുകളുമെല്ലാം ചോദിച്ചറിഞ്ഞാണ് മനഃശാസ്ത്രവിദ​ഗ്ധൻ പരിശോധിച്ചത്. ആഭിചാര ക്രിയകളെയും ദുർമന്ത്രങ്ങളെയും കുറിച്ചുള്ള സൈറ്റുകളിൽ കേദൽ ആകൃഷ്ഠനായിരുന്നെന്നും മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്കു വഴിമാറുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നു കേദല്‍ ‌നേരത്തെ സമ്മതിച്ചിരുന്നു. ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോ​ഗിച്ചാണ് കൃത്യം നടത്തിയതെന്നും മൊഴി നൽകിയിരുന്നു. താന്‍ തയ്യാറാക്കിയ കംപ്യൂട്ടര്‍ ഗെയിം കാണാനായി വിളിച്ചുവരുത്തി അമ്മയെ ആദ്യം കൊലപ്പെടുത്തിയെന്നും പിന്നീട് മറ്റുള്ളവരെ കൊലപ്പെടുത്തിയെന്നുമായിരുന്നു നേരത്തെ കേദല്‍ പൊലീസിനോടു പറ‍ഞ്ഞിരുന്നത്.

റിട്ടയേര്‍ഡ് ആര്‍എം ഒ ഡോക്ടര്‍ ജീന്‍ പദ്മ , ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം ഒളിവിൽപോയ കേദലിനെ ഈ മാസം പത്തിന് വൈകീട്ട് 6.45ഓടെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്.

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം നടന്ന കൊലപാതകത്തെകുറിച്ച് ഈ മാസം ഒമ്പതിനാണ് പുറംലോകം അറിഞ്ഞത്. വീട്ടില്‍നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ഡോക്ടറുടേയും ഭര്‍ത്താവിന്റേയും മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ക്കു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.