എന്‍എസ്എസ്- കോജെപി സഖ്യത്തിന്റെ നായര്‍ ലഹള പൊളിഞ്ഞു; യുവതികള്‍ക്ക് സുസ്വാഗതം!

ചെന്നിത്തല- ശ്രീധരന്‍പിള്ള എന്നിവര്‍ സ്വന്തം പാര്‍ട്ടിയെ സുകുമാരന്‍ നായരുടെ കല്‍പ്പനയ്ക്ക് അനുസരിച്ച് തെരുവിലിറക്കി എന്നാണ് വ്യക്തമാകുന്നത്. വിശ്വാസികളുടെ സമരമല്ല നടന്നത് എന്നു വ്യക്തമായതോടെ രണ്ടാം വിമോചന സമരം പരാജയപ്പെട്ടു കഴിഞ്ഞു. തടികേടാകാതെ വേഗത്തില്‍ തലയൂരാനാകും ഇനി കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുക

എന്‍എസ്എസ്- കോജെപി സഖ്യത്തിന്റെ നായര്‍ ലഹള പൊളിഞ്ഞു; യുവതികള്‍ക്ക് സുസ്വാഗതം!

​അയ്യപ്പ ഭക്തര്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമരം എന്ന നിലയില്‍ എന്‍എസ്എസ്- കോജെപി സഖ്യം നടത്തിയ നായര്‍ ലഹള ശ്രീധരന്‍ നായരുടെ 'അയ്ന്റാള് ഞമ്മളാ' അവകാശ വാദത്തില്‍ പൊളിഞ്ഞു. അയ്യപ്പ ഭക്തര്‍ എന്ന ലേബലില്‍ എന്‍എസ്എസിലെ കോണ്‍ഗ്രസുകാരേയും ബിജെപിക്കാരേയും (കോജെപി എന്നു ട്രോള്‍) ഒന്നിപ്പിച്ച് സമരത്തിലിറക്കിയ സുകുമാരന്‍ നായരുടെ തന്ത്രത്തിന്റെ 'ചെന്നിത്തല'യ്ക്കാണ് അടിയേറ്റത്.

ശബരിമലയില്‍ നടന്ന രാജ്യദ്രോഹ പദ്ധതി എന്തായിരുന്നു എന്നു ശ്രീധരന്‍ പിള്ള പരസ്യമായി വെളിപ്പെടുത്തിയതോടെ കുടുങ്ങിയത് എന്‍എസ്എസും കോണ്‍ഗ്രസുമാണ്. ശബരിമല ലഹള 'നമ്മുടെ കയ്യിലല്ല' ഉള്ളത് എന്ന് വിവാദമായ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറയുന്നുണ്ട്. എന്നുവച്ചാല്‍, അത് എന്‍എസ്എസിന്റെ കയ്യിലെന്നു വ്യക്തമാക്കുകയാണ് പിള്ള. എങ്ങനെയാണ് ബിജെപി പ്രക്ഷോഭത്തില്‍ കയറിപ്പറ്റിയത് എന്ന് അടുത്ത വരികളില്‍ വ്യക്തമാക്കുന്നു- 'നമ്മള്‍ ഒരു അജണ്ട മുന്നോട്ടു വച്ചു. ഓരോരുത്തരായി ആ അജണ്ടയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു'.

ചെന്നിത്തലയാണ് അടിയറവ് പറഞ്ഞത് എന്നും എല്ലാവരും കണ്ടുകഴിഞ്ഞു. രാഹുല്‍ഗാന്ധിയടക്കം എതിര്‍ത്തിട്ടും എന്‍എസ്എസിനു കാല്‍ക്കീഴില്‍ നിരങ്ങുകയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വീണ കെണി ബിജെപി ഒരുക്കിയതായിരുന്നു എന്നു വ്യക്തമാകുന്നു. ഡല്‍ഹിയിലുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ സുപ്രീംകോടതി വിധി വരുന്നതിനു മുമ്പു തന്നെ എന്‍എസ്എസ് നേതൃത്വം സമീപിച്ച് പിന്തുണ തേടിയ വിവരം നാരദയ്ക്ക് ലഭ്യമായിട്ടുണ്ട്. അതായത്, വിധി എതിരാകുമെന്നും ഇത്തരത്തില്‍ പ്രക്ഷോഭം നടത്തണമെന്നു പദ്ധതിയിട്ടത് എന്‍എസ്എസാണ് എന്നു വരുന്നു.

നിലവില്‍ ശബരിമലയില്‍ നടന്ന അക്രമണ സംഭവങ്ങളില്‍ പങ്കില്ലെന്നു പറഞ്ഞ ശ്രീധരന്‍പിള്ള, 'സമരം പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് ബിജെപിയാണ്' എന്നു വ്യക്തമാക്കിയതോടെ ഗൂഢാലോചന മുഴുവനായി പുറത്തുവരുകയാണ്. വിശ്വാസികള്‍ നടത്തുന്ന സമരത്തില്‍ ഒപ്പം നില്‍ക്കുന്നു എന്നാണ് ചെന്നിത്തല ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍, 'ബിജെപി നിര്‍ദ്ദേശിച്ചത് അനുസരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഒരുസ്ഥലത്ത് പോയി നിന്ന് വിജയകരമായി നടപ്പാക്കുകയായിരുന്നു' എന്ന ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ വിശ്വാസികളുടെ സമരം എന്ന ചെന്നിത്തലയുടെ വാദമാണ് പൊളിഞ്ഞത്.

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ പ്രതികരണമായി ഉമ്മന്‍ചാണ്ടിയെ കൂട്ടുപിടിക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് എടുത്ത ശബരിമല നിലപാട് ഇപ്പോഴും തങ്ങളുടേത് എന്നാണ് വാദം. സുപ്രീംകോടതി വിധിയെ തെരുവില്‍ എതിര്‍ക്കുകയും വെല്ലുവിളിക്കുകയും ചെയ്യും എന്ന എന്‍എസ്എസ് നിലപാട് പാര്‍ട്ടിയുടെ തലയില്‍ വച്ചുകെട്ടുകയാണ് ചെന്നിത്തല.

ശബരിമല അക്രമങ്ങളില്‍ അറസ്റ്റിലായവരില്‍ ഏറെയും എന്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നതും മറച്ചു വയ്ക്കപ്പെട്ടിരുന്നു. അതിക്രമം നടത്താന്‍ പ്രവര്‍ത്തകരെ മറ്റു സമുദായങ്ങളില്‍ നിന്നും ലഭിച്ചില്ല. കരയോഗങ്ങളില്‍ നിന്നു പോയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, അവരാരും തങ്ങളുടെ പ്രവര്‍ത്തകരാണെന്നു ബിജെപി പറഞ്ഞില്ല. അറസ്റ്റിനെതിരെ രംഗത്തു വന്നതും മുഖ്യമായി കോണ്‍ഗ്രസായിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ ജാമ്യത്തിന്റെ കാര്യത്തില്‍ എന്‍എസ്എസും ബിജെപിയും കയ്യൊഴിഞ്ഞു.

ക്ഷേത്രങ്ങളുടെ സ്വത്തവകാശമുള്ള എന്‍എസ്എസ് ആചാരങ്ങളുടെ മറവിലാണ് ദേവസ്വം ക്ഷേത്രങ്ങളടക്കം ഭരിക്കുന്നത്. വമ്പിച്ച സ്വത്തും സ്ഥാപനങ്ങളുമാണ് ഓരോ ക്ഷേത്രങ്ങള്‍ക്കും അനുബന്ധമായി ഉള്ളത്. ഭൂമിയടക്കമുള്ള ഈ സ്വത്തിനു മുകളിലാണ് സമര പദ്ധതിയിട്ടവരുടെ കണ്ണെന്നു വ്യക്തമായി. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് എന്ന പേരില്‍ സര്‍ക്കാര്‍ നല്‍കിയ സംവരണം പോലും എന്‍എസ്എസ് നേതൃത്വം തള്ളിപ്പറഞ്ഞു. എസ്എന്‍ഡിപിയും ഇതേ സംവരണത്തിന്റെ പേരില്‍ തെരുവിലിറങ്ങി സമരത്തിന് ഒരുങ്ങുകയുമാണ്. മുന്നാക്ക സംവരണ വിഷയത്തില്‍ നായര്‍- ഈഴവ, പുലയ സമുദായങ്ങള്‍ക്ക് എതിരഭിപ്രായമാണ്. വിഷയത്തില്‍ ബിജെപി ഒരക്ഷരം മിണ്ടിയതുമില്ല.

മലയരയരുടെ അവകാശം സ്ഥാപിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും എതിര്‍ നിലപാടാണ് കോണ്‍ഗ്രസും ബിജെപിയും എടുത്തത്. ഇത് എന്‍എസ്എസിന്റെ താല്‍പ്പര്യമാണ്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശബരിമല ലഹള കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന ജാതി സംബന്ധമായ വിഷയങ്ങള്‍ കുടിച്ചിട്ട് ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് സമരം.

മലയരയര്‍ക്ക് അവകാശപ്പെട്ട ശബരിമലയില്‍ നിങ്ങള്‍ക്ക് എന്തുകാര്യം എന്ന് എന്‍എസ്എസിനോട് ഉയര്‍ന്ന ചോദ്യം കോജെപിയെ ചുറ്റി മുറുക്കുകയാണ്. ഫലത്തില്‍, രണ്ടാംഘട്ട ശബരിമല അക്രമത്തിന് ഇറങ്ങിയ ദിവസം തന്നെ സമരം ചിന്നിച്ചിതറി. ബിജെപി നടത്തുന്ന സമരമാണ് എന്നതിനെ എന്‍എസ്എസിന് എതിര്‍ക്കാതെ തരമില്ല. എതിര്‍ക്കാത്തപക്ഷം സ്വന്തം അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച നേതൃത്വം ജീവശ്വാസത്തിന് പെടാപ്പാട് പെടും. രാഷ്ട്രീയേതര സമരമാണ് എന്നു പറഞ്ഞാണ് നാമജപ റാലികളിലേയ്ക്ക് കരയോഗങ്ങള്‍ ആളെക്കൂട്ടിയത്. എല്ലാത്തിന്റെയും പിന്നില്‍ ബിജെപിയായിരുന്നു എന്ന ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനത്തെ എന്‍എസ്എസ് നേതൃത്വം എതിര്‍ത്തില്ലെങ്കില്‍, സുകുമാരന്‍ നായര്‍ താമര വിളയാനുള്ള കളമൊരുക്കി എന്നുവരും. കോണ്‍ഗ്രസിനെ ഇല്ലാതാക്കി പകരം ബിജെപിയെ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നു വരുന്നതോടെ കൂട്ടുനിന്ന ചെന്നിത്തലയും സുകുമാരന്‍ നായരും അവരവരുടെ പ്രസ്ഥാനങ്ങളില്‍ കുറ്റക്കാരായി വിലയിരുത്തപ്പെടും.

ശബരിമല സമരം ഉടന്‍ അവസാനിപ്പിച്ച് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുക മാത്രമാണ് ഇനി രക്ഷ. പണ്ഡിത സഭ വിളിച്ചു ചേര്‍ത്ത് സ്ത്രീപ്രവേശനത്തിന് ആചാരപരമായ പരിഹാരം പ്രഖ്യാപിക്കുവാനാകും ഇനി ഇവരുടെ ശ്രമം. എന്‍എസ്എസില്‍ സുകുമാരന്‍ നായരുടേയും കോണ്‍ഗ്രസില്‍ ചെന്നിത്തലയുടേയും ബിജെപിയില്‍ ശ്രീധരന്‍പിള്ളയുടേയും നില ആപ്പിലാകുന്ന ദിവസങ്ങളാണ് വരുന്നത്. ഇവര്‍ മൂവരും ചേര്‍ന്നൊരുക്കിയ നായര്‍ ലഹള പൊളിഞ്ഞ സ്ഥിതിക്ക് വേഗം തലയൂരാനാകും ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുക. പക്ഷെ, മന്ത്രിസഭയെ വലിച്ചു താഴെയാടാന്‍ എന്‍എസ്എസ് നടത്തിയ നീക്കങ്ങളുടെ മുഴുവന്‍ തെളിവുകളും സര്‍ക്കാര്‍ ശേഖരിച്ചു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്; സുകുമാരന്‍ നായര്‍ക്ക് പിണറായി വിജയനു മുന്നില്‍ ക്ഷമ പറഞ്ഞ് തടിയൂരുകയേ ഇനി മാര്‍​ഗമുള്ളു. ജാതിത്തെറി വിളിച്ചതിന് അടക്കം ക്ഷമ പറയേണ്ടി വരും. തങ്ങളെ കുഴപ്പത്തില്‍ ചാടിച്ച സുകുമാരന്‍ നായരോട് എന്‍എസ്എസ് അംഗങ്ങള്‍ പ്രതികരിക്കുന്നതും മയത്തിലായിരിക്കില്ല.

റിവ്യു ഹര്‍ജികളുടെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ മണ്ഡലകാലത്ത് യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് തന്ത്രി പ്രഖ്യാപനം നടത്തുകയും ബാക്കിയുള്ളവര്‍ അതിനോട് മൗനം കൊണ്ട് ഐക്യപ്പെടുകയാകും സംഭവിക്കുക- നായര്‍ ലഹള ചരിത്രത്തിലെ പരാജയപ്പെട്ട രണ്ടാം വിമോചന സമരമായി മാറി! മുഖ്യമന്ത്രി പിണറായി വിജയനെ ജാതിത്തെറി വിളിച്ച ദിവസമാണ് സകല പദ്ധതിയും പൊളിഞ്ഞത്, പിന്നീട് ഓരോ ദിവസവും കുടം തുറന്ന് പുറത്തു വന്നത് ജാതിയുടെ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ശബരിമലയില്‍ അവകാശം പുനഃസ്ഥാപിക്കാന്‍ ഈഴവ സമുദായവും സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തിന്റെ ജാതി യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രമായി. ഹിന്ദു ഐക്യം എന്നത് നായര്‍ ശാഠ്യങ്ങളാല്‍ കേരള ചരിത്രത്തില്‍ പലവട്ടം പരാജയപ്പെട്ടിട്ടുണ്ട്; വീണ്ടും ഹിന്ദു ഐക്യം എന്നത് ജാതി ഹിന്ദുവിന്റെ ഐക്യം മാത്രമായി- മുഖ്യമന്ത്രി പിണറായി വിജയനടക്കം ജാതി എടുത്തു പറഞ്ഞ് പ്രസംഗിക്കുകയും ചെയ്തു. നിലവില്‍ ശബരിമല സമരം എങ്ങനെയും അവസാനിപ്പിക്കേണ്ടത് തല കുടുങ്ങിയ ഗൂഢാലോചനക്കാരുടെ ആവശ്യമായി മാറിക്കഴിഞ്ഞു. സമരം ചെയ്തു ജയിലിലാകുന്ന അടിമ പണിക്ക് ഒരാളും പോകരുതെന്ന നിര്‍ദ്ദേശം എസ്എന്‍ഡിപി കൊടുത്തു കഴിഞ്ഞു. ജയിക്കും വരെ സമരം ചെയ്യാനുള്ള ശേഷി എന്‍എസ്എസിനും ഇല്ല. ഇനി ചെയ്യാനാവുന്നത്, ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുക എന്നതു മാത്രമാണ്

Read More >>