നേതാക്കന്മാരെ കാണുന്നത് ചാനലുകളിലും വര്‍ണ്ണ ശബളമായ പരിപാടികളിലും; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പീതാംബര കുറുപ്പ്

ചെറിയ നേതാക്കന്‍മാര്‍ക്ക് വലിയ നേതാക്കളെ കാണാന്‍ പോലും അവസരം ലഭിക്കുന്നില്ല

നേതാക്കന്മാരെ കാണുന്നത് ചാനലുകളിലും വര്‍ണ്ണ ശബളമായ പരിപാടികളിലും; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പീതാംബര കുറുപ്പ്

വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ്. കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ചാനലുകളില്‍ മാത്രമാണെന്നും ഇവര്‍ക്ക് ജനങ്ങളുമായോ പ്രവര്‍ത്തകരുമായോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിറയെ പുഴുക്കുത്തുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലോ തലസ്ഥാനത്തോ വര്‍ണ്ണ ശബളമായ പരിപാടികളിലോ മാത്രമാണ് നേതാക്കന്മാരെ കാണുന്നത്. ചെറിയ നേതാക്കന്‍മാര്‍ക്ക് വലിയ നേതാക്കളെ കാണാന്‍ പോലും അവസരം ലഭിക്കുന്നില്ല.

ഇത് തുടരുകയാണെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഭവിഷ്യത്തുകളുണ്ടാക്കും. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പരാജയപ്പെട്ടതില്‍ കെ. മുരളീധരന് പങ്കില്ല. മുരളി ഒരു കരുത്തുറ്റ കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശക്തനായ നേതാവായതിനാലാണെന്നും പീതാംബര കുറുപ്പ് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കഠിനമായി പ്രവര്‍ത്തിച്ചത് മുരളീധരന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിരുന്നു എന്‍. പീതാംബരക്കുറുപ്പ്. പിന്നീട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു.

Read More >>