സർക്കാർ സ്കൂൾ ഓഡിറ്റോറിയം 'സ്വാമി'യുടെ പേരിലാക്കി; ഒത്താശ ചെയ്തത് ഹെഡ്മാസ്റ്റർ

നിർമാണം നടക്കുന്നതിനിടെ ഇത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ കാറ്റിൽപ്പറത്തിയാണ് ​ഗേറ്റ് നിർമാണത്തിന് ഹെഡ്മാസ്റ്റർ എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുത്തതെന്ന് ഡിവൈഎഫ്ഐ മുതലമട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ വിനേഷ് നാരദാ ന്യൂസിനോടു പറഞ്ഞു.

സർക്കാർ സ്കൂൾ ഓഡിറ്റോറിയം സ്വാമിയുടെ പേരിലാക്കി; ഒത്താശ ചെയ്തത് ഹെഡ്മാസ്റ്റർ

പാലക്കാട് മുതലമടയിൽ സർക്കാർ സ്കൂളിന്റെ ഓ‍‍ഡിറ്റോറിയം സ്ഥലത്തെ 'സ്വാമി'യുടെ പേരിലാക്കി. നടപടിക്ക് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഒത്താശ. പാലക്കാട് മുതലമട പഞ്ചായത്തിലെ ചള്ള സർക്കാർ എൽപി സ്കൂളിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഓപ്പൺ ഓഡിറ്റോറിയമാണ് സ്വാമി സുനിൽദാസ് എന്നയാളുടെ പേരിലാക്കിയിരിക്കുന്നത്.

ദിവസങ്ങൾക്കു മുമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിന് ഇരുമ്പ് വാതിൽ നിർമിച്ചിരുന്നു. ഓപ്പൺ ഓഡിറ്റോറിയത്തിൽ എന്തിനാണ് വാതിലെന്നു പ്രദേശവാസികളിൽ ചിലർ ഹെഡ്മാസ്റ്ററോടു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ വാതിലിന്റെ പണി കഴിഞ്ഞ ശേഷം ഓഡിറ്റോറിയത്തിനു 'സ്വാമി സുനിൽദാസ് ഓഡിറ്റോറിയം' എന്നു നാമകരണം നൽകുകയായിരുന്നു. ഇരുസൈഡിലും സ്വാമി സുനിൽദാസിന്റെ വലിയ ചിത്രം ഉൾപ്പെടെയാണ് ബോർഡ് വച്ചിരിക്കുന്നത്.

നിർമാണം നടക്കുന്നതിനിടെ ഇത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ കാറ്റിൽപ്പറത്തിയാണ് ​ഗേറ്റ് നിർമാണത്തിന് ഹെഡ്മാസ്റ്റർ എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുത്തതെന്ന് ഡിവൈഎഫ്ഐ മുതലമട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ വിനേഷ് നാരദാ ന്യൂസിനോടു പറഞ്ഞു.


തുടർന്ന്, ഇതുസംബന്ധിച്ച് ബ്രാഞ്ച് കമ്മിറ്റിയം​ഗങ്ങൾ ഹെഡ്മാസ്റ്ററോട് ചോദിച്ചപ്പോൾ, വാതിൽ പണി കഴിപ്പിക്കാൻ പണം ചെലവാക്കിയത് സ്വാമിയാണെന്നായിരുന്നു മറുപടി. അതിനാൽ അയാൾ പറഞ്ഞതനുസരിച്ച് ഫോട്ടോ വയ്ക്കുകയായിരുന്നുവെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു ഹെഡ്മാസ്റ്ററുടെ വാദം.

ഇതിനെതിരെ ബ്രാഞ്ച് കമ്മിറ്റി രം​ഗത്തെത്തുകയും നവമാധ്യമങ്ങളിലൂടെ ഇക്കാര്യം ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ ഒരു സമാധാന ചർച്ചയിൽ പങ്കെടുത്ത ശേഷം ബിജെപി, കോൺ​​ഗ്രസ്, നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയാണ് ഹെഡ്മാസ്റ്റർ ചെയ്തതെന്നു ബ്രാഞ്ച് കമ്മിറ്റിയം​ഗങ്ങൾ പറയുന്നു.

ഒരു സർക്കാർ സ്കൂളിന്റെ ഓപ്പൺ ഓഡിറ്റോറിയം സ്വാമിയുടെ പേരിലാക്കിയതിനെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിരവധി തട്ടിപ്പുകൾ സുനിൽദാസ് നടത്തിയവരുന്നതായി മുതലമട ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. ഇയാളുടെ പ്രവർത്തനങ്ങൾക്കുള്ള മാർക്കറ്റിങ് തന്ത്രമാണ് ഓഡിറ്റോറിയത്തിനു നൽകിയ നാമകരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഓ‍ഡിറ്റോറിയത്തിൽ നിന്നും സുനിൽദാസിന്റെ പേരും ചിത്രവും മാറ്റണമെന്നും ഇതിന് ഒത്താശ ചെയ്ത ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർക്കെതിരെ നടപടിയെടുക്കണെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുതലമട ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

Read More >>