കുറ്റ്യാടിക്കടുത്ത് പൊലീസുകാര്‍ക്ക് ലീഗുകാരുടെ ക്രൂര മര്‍ദ്ദനം: വാനിനകത്തിട്ട് കത്തിക്കാനും ശ്രമം

പൊലീസുകാരില്‍ ഒരാളുടെ പാന്റ്സ് വലിച്ചു കീറുകയും നഗ്നനാക്കി മര്‍ദിച്ചു അവശനാക്കുകയും ചെയ്തതായി ആരോപണമുണ്ട്‌

കുറ്റ്യാടിക്കടുത്ത് പൊലീസുകാര്‍ക്ക് ലീഗുകാരുടെ ക്രൂര മര്‍ദ്ദനം: വാനിനകത്തിട്ട് കത്തിക്കാനും ശ്രമം

കോഴിക്കാട് ജില്ലയിലെ വേളം പൂമുഖത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ പ്രകടനം തടയാനെത്തിയ പൊലീസുകാര്‍ക്കെതിരെയാണ് ലീഗുകാര്‍ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടത്. കുറ്റ്യാടി പഞ്ചായത്തിലെ വടയത്ത് നിന്ന് വേളം വലക്കെട്ടിലേക്ക് എസ്ഡിപിഐക്കാര്‍ നടത്തിയ പ്രകടനം പൂമുഖം ടൗണിന്റെ മൂന്ന് കിലോമീറ്റര്‍ മുമ്പ് വെച്ച് പൊലീസ് തടയുകയുണ്ടായി.

ഇതേസമയം പ്രകടനം തടയാന്‍ സംഘടിച്ചെത്തിയ 500 ഓളം വരുന്ന ആയുധധാരികളായ ലീഗുകാര്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പേരാമ്പ്ര സിഐ യുടെ വാഹനം തല്ലിത്തകര്‍ത്ത് വയലിലേക്ക് മറിച്ചിടുകയും പോലീസ് വാനിനകത്ത് അകപ്പെട്ട പോലീസുകാരെ വാനിനകത്തിട്ട് അടിക്കുകയും വാന്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസുകാരില്‍ ഒരാളുടെ പാന്റ്‌സ് വലിച്ചു കീറുകയും നഗ്‌നനാക്കി മര്‍ദിച്ചു അവശനാക്കിയെന്നും ആരോപണമുണ്ട്‌. പൊലീസുകാരുടെ മൊബൈല്‍ ഫോണ്‍, ലാത്തി, ജാക്കറ്റ്, ഹെല്‍മറ്റ് തുടങ്ങിയവ തട്ടിയെടുത്തതായും പരാതിയുണ്ട്. പരിക്കേറ്റ 15 ഓളം പോലീസുകാരെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.