മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഫണ്ട് വെട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറിയ്ക്ക് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്ററായി സ്ഥാന കയറ്റം; ലീഗിന് വേണ്ടപ്പെട്ടയാൾ ഇടതു സര്‍ക്കാറിനും ഹലാല്‍

സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റിംഗിലെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ ഓഡിറ്ററായി അബ്ദുല്‍ ലത്തീഫ് കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ചു. 2012ലാണ് അബ്ദുല്‍ ലത്തീഫ് മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്. അതിനു ശേഷം നടന്ന ഓഡിറ്റിംഗിലെല്ലാം തന്നെ വന്‍ തോതില്‍ ഫണ്ട് വെട്ടിപ്പ് കണ്ടെത്തിയിരുന്നു. പ്രതിസ്ഥാനത്ത് പ്രധാനമായും ഉണ്ടായിരുന്നത് മുസ്ലിംലീഗിന് വേണ്ടപ്പെട്ടയാളായ അബ്ദുല്‍ ലത്തീഫും. യു ഡി എഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാകട്ടെ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയും.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഫണ്ട് വെട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറിയ്ക്ക് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്ററായി സ്ഥാന കയറ്റം;   ലീഗിന് വേണ്ടപ്പെട്ടയാൾ ഇടതു സര്‍ക്കാറിനും ഹലാല്‍

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 2013 മുതല്‍ നടന്ന ഫണ്ട് വെട്ടിപ്പുകേസില്‍ പ്രതിയായ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫിന് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്ററായി സ്ഥാന കയറ്റം. സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റിംഗിലെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ ഓഡിറ്ററായി അബ്ദുല്‍ ലത്തീഫ് കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ചു.

2012ലാണ് എ അബ്ദുല്‍ ലത്തീഫ് മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്. അതിന് ശേഷം നടന്ന ഓഡിറ്റിംഗിലെല്ലാം തന്നെ വന്‍ തോതില്‍ ഫണ്ട് വെട്ടിപ്പ് കണ്ടെത്തിയിരുന്നു. പ്രതിസ്ഥാനത്ത് പ്രധാനമായും ഉണ്ടായിരുന്നത് മുസ്ലിംലീഗിന് വേണ്ടപ്പെട്ടയാളായ അബ്ദുല്‍ ലത്തീഫും. യു ഡി എഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാകട്ടെ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയും. ഇപ്പോൾ അദ്ദേഹത്തിന് സ്ഥാന കയറ്റം നല്‍കിയത് സിപിഐഎം ഉള്‍പ്പെടുന്ന എല്‍ ഡി എഫ് സര്‍ക്കാറും.

കഴിഞ്ഞ കാലങ്ങളില്‍ ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിലെല്ലാം തന്നെ സെക്രട്ടറിയെന്ന നിലയില്‍ അബ്ദുല്‍ ലത്തീഫ് തന്നെയാണ് ആരോപണവിധേയനായത്. ഭരണസമിതിക്കൊപ്പം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ഉള്‍പ്പെട്ട സംഭവം നിലനില്‍ക്കെയാണിപ്പോള്‍ അദേഹത്തിന് പിണറായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. അതും ഫണ്ട് വെട്ടിപ്പുകള്‍ ഉൾപ്പടെ കണ്ടെത്തുന്ന ഓഡിറ്റിംഗ് വിഭാഗത്തിലും.


2013-2014ല്‍ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എംഐഇഡി (വ്യവസായ സംരംഭക വികസന ഇന്‍സ്റ്റിറ്റ്യൂട്ട്) ഡയറക്ടറായിരുന്ന വേളയില്‍ പ്രസ്തുത ഫണ്ടില്‍ നിന്നു വ്യാജരേഖ ചമച്ച് 3,61,500 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. മൊബൈല്‍ സര്‍വീസിംഗ് കോഴ്‌സ്, വസ്ത്രനിര്‍മ്മാണ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇത്രയും തുക പിന്‍വലിച്ചത്. പരിശീലനത്തില്‍ പങ്കെടുത്തെന്നു പറയുന്ന 183 പേരുടെ ഹാജര്‍ ബുക്ക് പോലും ഹാജരാക്കിയില്ലെന്നും ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. ജില്ലാ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയില്‍ 63.22 ലക്ഷത്തിന്റെ നഷ്ടവും കണ്ടെത്തുകയുണ്ടായി. നഷ്ടമായ തുക ജില്ലാ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് ഈടാക്കാനും ഓഡിറ്റര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നഷ്ടം വന്ന തുക 2016 ജൂണോടെ സെക്രട്ടറി തന്നെ തിരിച്ചടയ്ക്കുകയാണുണ്ടായത്. 2014ല്‍ നിലമ്പൂര്‍ വ്യാപാര ഭവനില്‍ കിലയുടെ ക്യാമ്പ് നടത്തിയെന്ന പേരിലും ധനാപഹരണം നടന്നിരുന്നു. എന്നാല്‍ നിലമ്പൂരില്‍ ക്യാമ്പ് നടന്നില്ലെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ തെരട്ടമ്മല്‍ ന്യൂട്രിമിക്‌സിന് ജില്ലാ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു. ഇതില്‍ 14 ലക്ഷത്തിന്റെ ക്രമക്കേട് ഓഡിറ്റിംഗിലൂടെ പുറത്തുവന്നു. മലപ്പുറത്ത് പൗള്‍ട്രിഫാം നിര്‍മ്മാണത്തിലും ജില്ലാ പഞ്ചായത്തിലെ അഴിമതി പുറത്തുവന്നിരുന്നു. ഈ സംഭവങ്ങളിലെല്ലാം ഉത്തരവാദിയായ ഉദ്യോഗസ്ഥനെയാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ ബാധ്യസ്ഥമായ ഓഡിറ്റിംഗ് വിഭാഗത്തിലേക്ക് തന്നെ സ്ഥാന കയറ്റം നല്‍കിയിരിക്കുന്നത്.

അതേസമയം ജില്ലാപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ഓഡിറ്റിംഗിലെ പ്രാഥമികമായ കണ്ടെത്തലുകള്‍ പരിശോധിച്ച് പരിഹരിച്ചിരുന്നെന്ന് എ അബ്ദുല്‍ ലത്തീഫ് നാരദാ ന്യൂസിനോടു പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.