കൊടിഞ്ഞി ഫൈസല്‍ വധത്തിനും താനൂര്‍ സംഭവത്തിനും പിന്നാലെ കൊടും ക്രിമിനലുകളുടെ ശിക്ഷായിളവും മലപ്പുറത്ത് മുസ്ലിംലീഗിന്റെ പ്രചരണായുധം

കൊടിഞ്ഞി സംഭവത്തില്‍ ആര്‍ എസ് എസ്സിനെ പൊലീസ് സംരക്ഷിക്കുന്നെന്ന രീതിയിലാണ് ലീഗ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. താനൂര്‍ തീരദേശമേഖലയില്‍ പ്രശ്‌നങ്ങളുടെ തുടക്കം മുസ്ലിംലീഗില്‍ നിന്നാണെങ്കിലും സിപിഐഎം ആക്രമണം, പൊലീസ് വീടുകള്‍ കയറി ആക്രമിച്ച സംഭവം തുടങ്ങി അടുത്തകാലത്തുണ്ടായ പ്രശ്‌നങ്ങളും ലീഗ് തെരഞ്ഞെടുപ്പിന് പ്രചാരണായുധമാക്കും. അതിന് പിന്നാലെയാണിപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവരെയും ചന്ദ്രബോസ് വധക്കേസിലെ നിസാമിന്റെയും ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനയതു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്

കൊടിഞ്ഞി ഫൈസല്‍ വധത്തിനും താനൂര്‍ സംഭവത്തിനും പിന്നാലെ കൊടും ക്രിമിനലുകളുടെ ശിക്ഷായിളവും മലപ്പുറത്ത് മുസ്ലിംലീഗിന്റെ പ്രചരണായുധം

ആര്‍ എസ് എസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടിഞ്ഞി ഫൈസല്‍ വധവും താനൂര്‍ സംഘര്‍ഷവുമാണ് മുസ്ലിംലീഗ് ഇതുവരെ മലപ്പുറം തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയതെങ്കില്‍ കൊടും ക്രിമിനലുകളുടെ ശിക്ഷാ ഇളവും പ്രചാരണ രംഗത്ത് മുഴങ്ങും.

കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ മാസങ്ങളായിട്ടും പൊലീസിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴാണ് ആറു ആര്‍ എസ് എസ്സു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. മുസ്ലിംലീഗാണ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. കൊടിഞ്ഞി സംഭവത്തില്‍ ആര്‍ എസ് എസ്സിനെ പൊലീസ് സംരക്ഷിക്കുന്നെന്ന രീതിയിലാണ് ലീഗ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.

താനൂര്‍ തീരദേശമേഖലയില്‍ പ്രശ്‌നങ്ങളുടെ തുടക്കം മുസ്ലിംലീഗില്‍ നിന്നാണെങ്കിലും സിപിഐഎം ആക്രമണം, പൊലീസ് വീടുകള്‍ കയറി ആക്രമിച്ച സംഭവം തുടങ്ങി അടുത്തകാലത്തുണ്ടായ പ്രശ്‌നങ്ങളും ലീഗ് തെരഞ്ഞെടുപ്പിന് പ്രചാരണായുധമാക്കും. അതിന് പിന്നാലെയാണിപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവരെയും ചന്ദ്രബോസ് വധക്കേസിലെ നിസാമിന്റെയും ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനയതു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

പത്ത് മാസത്തെ എല്‍ ഡി എഫ് ഭരണത്തിന്റെ വിലയിരുത്തലാവും മലപ്പുറം തെരഞ്ഞെടുപ്പെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തെപ്പോലും ഞെട്ടിപ്പിച്ചിരുന്നു. പത്തു മാസത്തെ ഇടതുഭരണത്തില്‍ കേരള പൊലീസ് പിണറായി സര്‍ക്കാറിനുണ്ടാക്കിയ ക്ഷതം ചെറുതല്ല. ഇതെല്ലാം പ്രചാരണായുധമാക്കിയാണ് യു ഡി എഫ് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇതിനിടെയാണ് കൊടുംക്രിമിനലുകളുടെ ശിക്ഷായിളവും പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രമേയുള്ളുവെന്നിരിക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും എല്‍ ഡി എഫ് വോട്ടു തേടുക. സി പി ഐ ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കെട്ടുറപ്പോടെ മുന്നോട്ടുപോകലും അസാധ്യമാണ്.

നിലമ്പൂര്‍ കാട്ടില്‍ വച്ച് രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിപക്ഷം പിന്തുണച്ചെങ്കിലും ഘടക കക്ഷിയായ സിപിഐ നേരിട്ട് രംഗത്തവന്നിരുന്നു. കാര്യബോധമുള്ള പ്രബല വിഭാഗം ജനങ്ങളും ഇതിനെതിരെ രംഗത്ത് വരികയുണ്ടായി. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും.

തെരഞ്ഞെടുപ്പ് കാലത്ത് ഭരിക്കുന്ന മുന്നണിക്കെതിരെ പ്രചാരണമാക്കാനുതകുന്ന കാര്യങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഭരണപക്ഷത്തിന് അത് പ്രതിരോധിക്കാനും ആവനാഴിയില്‍ അമ്പുകളുടെ ശേഖരമുണ്ടാകും. മലപ്പുറത്ത് എത്തിനില്‍ക്കുമ്പോള്‍ ഇടതുപക്ഷം കൂടുതല്‍ പ്രതിരോധത്തിലാവുകയാണിവിടെ.

യു ഡി എഫിലെത്തന്നെ പ്രഗത്ഭനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് കട്ടയ്ക്ക് നില്‍ക്കാനുള്ള സ്ഥാനാര്‍ഥിയല്ല യഥാര്‍ഥത്തില്‍ എം ബി ഫൈസല്‍. ഈ പേര് തന്നെ പലരും ഇപ്പോഴാണ് കേള്‍ക്കുന്നത് പോലും. ഇതിനിടെയാണ് ആരോപണങ്ങളും സാഹചര്യത്തെളിവുകളും ഇടതുപക്ഷത്തെ തിരിഞ്ഞുകൊത്തുന്നത്.

കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് ഊളിയിട്ടെങ്കിലും പ്രത്യാക്രമണങ്ങളെ ഫലപ്രദമായി നേരിടാനുതകുന്ന പ്രതിരോധ തന്ത്രങ്ങളെല്ലാം ഇടതുപക്ഷത്ത് ദുര്‍ബലമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടി പി വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഐഎം പല ആവര്‍ത്തി വ്യക്തമാക്കിയതാണ്. ഇത് കുറച്ചെങ്കിലും വിശ്വസിച്ചിരുന്ന ഒരു ചെറു ന്യൂനപക്ഷമെങ്കിലും ഉണ്ടായിരുന്നു. ശിക്ഷാ ഇളവ് സംഭവത്തോടെ അതുകൂടി തകര്‍ന്ന നിലയിലാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നതും.