വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും നിശബ്ദമായതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം? മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍

എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും പി കെ കുഞ്ഞാലിക്കുട്ടി പര്‍ച്ചേയ്‌സ് ചെയ്‌തെന്ന രീതിയില്‍ ഘടക കക്ഷികള്‍ക്കിടയില്‍പോലും ചര്‍ച്ചയുണ്ട്. കഴിഞ്ഞതവണ മലപ്പുറം മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി നസറുദ്ധീന്‍ എളമരത്തിന് 47,853 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലെ പി ഇസ്മയിലിന് 29,016 വോട്ടുകള്‍ ലഭിക്കുകയുണ്ടായി. ഈ വോട്ടുകള്‍ അപ്പാടെ ലീഗിലേക്ക് മറയ്ക്കാന്‍ വേണ്ടിയാണ് ഇരു പാര്‍ട്ടികളെയും നിശബ്ദമാക്കിയതെന്നാണ് സൂചന. സുന്നി എപി വിഭാഗത്തിന്റെ വോട്ടുകള്‍ ലീഗിന് ഉറപ്പിക്കാനായിട്ടില്ല. ചെറു പാര്‍ട്ടികളെ ചാക്കിലാക്കുകയെന്ന മാർഗം ഇതേത്തുടർന്നാണ് കൈക്കൊണ്ടത്.

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും നിശബ്ദമായതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം? മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ ദളമായ എസ്ഡിപിഐയും മത്സരിക്കാത്തതിന് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രപരമായ നീക്കമെന്ന് വിവരം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും 70,000ത്തലധികം വോട്ടുകളാണ് സ്വന്തമാക്കിയത്. ഇരുപാര്‍ട്ടികളെയും നിശബ്ദമാക്കുന്നതിലൂടെ ഈ വോട്ടുകള്‍ ലഭിക്കുമെന്ന കണക്കൂട്ടലിലാണ് ലീഗ് നേതത്വം. എസ് ഡി പി ഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും പി കെ കുഞ്ഞാലിക്കുട്ടി പര്‍ച്ചേയ്‌സ് ചെയ്‌തെന്ന രീതിയില്‍ ഘടക കക്ഷികള്‍ക്കിടയില്‍പോലും ചര്‍ച്ചയുണ്ട്. കഴിഞ്ഞതവണ മലപ്പുറം മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി നസറുദ്ധീന്‍ എളമരത്തിന് 47,853 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലെ പി ഇസ്മയിലിന് 29,016 വോട്ടുകള്‍ ലഭിക്കുകയുണ്ടായി. ഈ വോട്ടുകള്‍ അപ്പാടെ ലീഗിലേക്ക് മറയ്ക്കാന്‍ വേണ്ടിയാണ് ഇരു പാര്‍ട്ടികളെയും നിശബ്ദമാക്കിയതെന്നാണ് സൂചന. സുന്നി എപി വിഭാഗത്തിന്റെ വോട്ടുകള്‍ ലീഗിന് ഉറപ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ചെറു പാര്‍ട്ടികളെ ചാക്കിലാക്കുകയെന്ന തന്ത്രമാണ് പ്രയോഗിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

മലപ്പുറത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുസ്ലിംലീഗിനോട് ഉടക്കി നില്‍ക്കുകയാണ്. പല പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും എതിരാളികളാണ്. ആര്യാടന്‍ മുഹമദ് ലീഗിനോട് സന്ധിയായെന്ന് പറയപ്പെടുകയല്ലാതെ അതിപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. ആര്യാടനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിലെ പ്രബല വിഭാഗം ഇപ്പോഴും ലീഗുമായി അത്ര നല്ല സുഖത്തിലല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഐഎമ്മിലേക്ക് പോകുമോയെന്ന ഭയം ലീഗിനുണ്ട് താനും. കഴിഞ്ഞ തവണ ഇ അഹമദ് 1,94,745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഈ മൃഗീയ ഭൂരിപക്ഷത്തില്‍ നിന്ന് ഒരു വോട്ടും പോലും കുറഞ്ഞാല്‍ അത് കുഞ്ഞാലിക്കുട്ടിയ്ക്ക് ഉണ്ടാക്കുന്ന അഭിമാനക്ഷതം ചെറുതാവില്ല. ഇ അഹമദല്ല, കുഞ്ഞാലിക്കുട്ടി. അദേഹം ലീഗിന്റെ എല്ലാമെല്ലാമാണ്. അതുകൊണ്ടുതന്നെ ജയിച്ചാല്‍ മാത്രം പോര, ഭൂരിപക്ഷം പഴയതിലും വര്‍ധിക്കേണ്ടതുണ്ട്. ഇവിടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കുടിലനീക്കം. എസ്ഡിപിഐയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും ലീഗില്‍ നിന്നുള്ള വോട്ടുകളാണ് സാധാരണ നിലയില്‍ ചോരാറുള്ളത്. സിപിഐഎമ്മിന്റെ ഉറച്ച വോട്ടുകള്‍ എവിടെയും പോകില്ലെങ്കിലും കഴിഞ്ഞതവണ പി കെ സൈനബ ഇടതു സ്ഥനാര്‍ഥിയായതോടെ വോട്ടുകളില്‍ കുറവുണ്ടായിരുന്നു. പി കെ സൈനബ ഇസ്ലാമിന്റെ ആചാരങ്ങളില്‍ നിന്ന് വഴി മാറി നടക്കുന്നതാണ് യാഥാസ്തിക വിഭാഗത്തിന്റെ വോട്ട് സിപിഐഎമ്മിന് നഷ്ടമാകാന്‍ അന്ന് കാരണമായത്.

എസ്ഡിപിഐയും വെല്‍ഫെയര്‍പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയെങ്കിലും ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ പരസ്യനിലപാടെടുക്കാത്തതിന്റെ കാരണവും ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ന് തൃശൂരില്‍ ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ പിന്തുണ പരസ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ നേതൃത്വത്തിനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും അതുണ്ടായാലുടന്‍ പിന്തുണ പ്രഖ്യാപിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നാരദാന്യൂസിനോട് പറഞ്ഞു.ഇരുപാര്‍ട്ടികള്‍ക്കും മലപ്പുറത്താണ് കാര്യമായ സ്വാധീനമുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ഈ മാസം 29ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതിലാകട്ടെ പരസ്യമായ പിന്തുണ ലീഗിനെന്ന പ്രഖ്യാപനമുണ്ടാകില്ലെന്നാണറിയുന്നത്. മത്സരിക്കുന്നില്ലയെന്നത് യാഥാര്‍ഥ്യമാണെന്നും മറ്റുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര നാരദാ ന്യൂസിനോട് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗ് ആശയപരമായുള്ള വിയോജിപ്പുണ്ടെങ്കിലും ഈയടുത്തകാലത്ത് ഏകീകൃത സിവില്‍കോഡ്, മുത്തലാഖ് വിഷയങ്ങളില്‍ ഒരേ പ്ലാറ്റ് ഫോമില്‍ നിന്നാണ് പ്രതിഷേധമുയര്‍ത്തയത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് ലീഗ് പരസ്യമായിത്തന്നെ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് സംജാതമായപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇങ്ങനയൊരു നീക്കുപോക്കുണ്ടാകുന്നതിന്റെ കാരണവും ഇതാണ്. എസ്ഡിപിഐയ്ക്കിപ്പോള്‍ പഴയ ലീഗ് വിരുദ്ധതയൊന്നുമില്ലതാനും. അതേസമയം, രണ്ട് പാര്‍ട്ടികളും പരസ്യമായി പിന്തുണയറിയിച്ചാല്‍ ലീഗിന് തിരിച്ചടിയാവുക തന്നെ ചെയ്യും. മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമാകുമെന്ന് ലീഗ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു.

Read More >>