ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷമെന്ന് വിഎസ് അച്യുതാനന്ദന്‍

പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്ന സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്റെ പ്രതികരണം

ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷമെന്ന് വിഎസ് അച്യുതാനന്ദന്‍

മലപ്പുറത്ത് ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്ന സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്റെ പ്രതികരണം.

അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. നാല് ലക്ഷത്തി എഴുപതിനായിരത്തിലധികം വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

മലപ്പുറം തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്നേറ്റം യുഡിഎഫിന്റെ മതേതര നിലപാടിനുള്ള അംഗീകാരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത് പ്രതീക്ഷിച്ച വിജയമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ലീഡ് ഒരു ലക്ഷം കവിഞ്ഞ അതേസമയത്ത് കുഞ്ഞാലിക്കുട്ടി പാണക്കാട് വീട്ടിലെത്തി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അദേഹത്തെ വിജയത്തൊപ്പി ധരിപ്പിച്ചു. പിന്നീട് മധുര വിതരണവും നടന്നു. മുസ്ലിംലീഗ് നേതാക്കളായ കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എം പി, അബ്ദുറബ്ബ് തുടങ്ങിയവരും പാണക്കാടുണ്ടായിരുന്നു. ഭൂരിപക്ഷം രണ്ടു ലക്ഷം കവിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തങ്ങള്‍ പറഞ്ഞു. രാവിലെ എട്ടോടെ തന്നെ മുസ്ലിംലീഗ് നേതാക്കളെല്ലാം പാണക്കാടെത്തി വോട്ടെണ്ണല്‍ തത്സമയം കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വിജയമുറപ്പിച്ചതോടെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തിയത്. തുടര്‍ന്ന് തങ്ങള്‍ക്കൊപ്പമിരുന്ന് തത്സമയ റിപ്പോര്‍ട്ടിങ് ടിവിയില്‍ കാണുകയും ചെയ്തു.