കന്നുകാലി കശാപ്പ് നിരോധനം; പ്രതികരിക്കാതെ ലീഗ് നേതൃത്വം, മുസ്ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനമെന്ന് എസ്ഡിപിഐ

നോമ്പുകാലമാചരിക്കാന്‍ തയ്യാറെടുക്കുന്ന മുസ്ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനമെന്നാണ് വിഷയത്തില്‍ എസ്ഡിപിഐ നിലപാട്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്ഡിപിഐ. എ്ന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ്.

കന്നുകാലി കശാപ്പ് നിരോധനം; പ്രതികരിക്കാതെ ലീഗ് നേതൃത്വം, മുസ്ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനമെന്ന് എസ്ഡിപിഐ

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച സംഭവത്തില്‍ പ്രതികരിക്കാതെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. വിഷയത്തില്‍ വ്യക്തത വരാനുണ്ടെന്നും തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാരദാന്യൂസിനോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്ഡിപിഐ രംഗത്തെത്തി. നിരോധനത്തിലൂടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത് തനി ഫാസിസമാണെന്ന് സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി നാരദാന്യൂസിനോട് പറഞ്ഞു.

നോമ്പുകാലമായ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. മുസ്ലീം സമുദായത്തിന് അതികഠിനമായ വേദനയുണ്ടാക്കുന്ന നടപടിയാണിത്. അതോടൊപ്പം കശാപ്പുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങളെയും നിരോധനം പ്രതികൂലമായി ബാധിക്കും. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഭക്ഷണ അടിയന്തരാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഫാസിസം ജനാധിപത്യത്തെ തകര്‍ത്ത് ഏകാധിപത്യത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോവുന്നത്. പൗരാവകാശത്തിനു മേലുള്ള അതിഭീകരമായ കടന്നുകയറ്റമാണിത്. ഫാസിസത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇനിമുതല്‍ കര്‍ഷകര്‍ക്കു മാത്രമേ കന്നുകാലികളെ വില്‍ക്കാന്‍ കഴിയൂ. 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് നിരോധനമേര്‍പ്പെടുത്തിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനം.