സിപിഐഎമ്മിന്റേത് തൊഴിലാളി വിരുദ്ധ നിലപാട്; പാർട്ടി കൈയേറ്റ മാഫിയക്കൊപ്പം; ഗോമതി പെമ്പിളൈ ഒരുമൈയിലേക്കു മടങ്ങി

ചെറുകിട-വൻകിട കൈയേറ്റക്കാരെയും തോട്ടം മുതലാളിമാരേയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേയും സിഐടിയുവിന്റേതുമെന്ന് ചെറിയകാലം കൊണ്ടുതന്നെ ബോധ്യമായി. തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഐഎമ്മിനു സാധിക്കുന്നില്ല. മാത്രമല്ല, തോട്ടംതൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്നങ്ങളോ അവരുടെ അജണ്ടയിലേ ഇല്ല. തൊഴിലാളി പ്രശ്നം മുന്‍നിര്‍ത്തി ഒരു ചെറു പ്രക്ഷോഭം പോലും നടത്താന്‍ ഇതുവരെ അവര്‍ക്കായില്ല. ഇതിനാലാണ് തന്റെ സംഘടനയായ പെമ്പിളൈ ഒരുമൈയിലേക്കു തന്നെ തിരികെ പോവുന്നതെന്ന് ​ഗോമതി വ്യക്തമാക്കി.

സിപിഐഎമ്മിന്റേത് തൊഴിലാളി വിരുദ്ധ നിലപാട്; പാർട്ടി കൈയേറ്റ മാഫിയക്കൊപ്പം; ഗോമതി പെമ്പിളൈ ഒരുമൈയിലേക്കു മടങ്ങി

മൂന്നാർ തേയിലത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം വഹിച്ച പെമ്പിളൈ ഒരുമൈ നേതാവ് ​ഗോമതി സിപിഐഎമ്മിൽ നിന്നും സിഐടിയുവിൽ നിന്നും രാജിവച്ചു. തോട്ടം തൊഴിലാളികള്‍ക്കു വിരുദ്ധമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നതെന്നും മൂന്നാറിലെ കൈയേറ്റക്കാരെയും റിസോർട്ട് മാഫിയയെയും പാര്‍ട്ടി സഹായിക്കുകയാണെന്നും ​ഗോമതി ഇടുക്കി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാനായി ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് താൻ സിഐടിയുവില്‍ ചേര്‍ന്നത്. അധികാരമുള്ള പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമ്പോൾ തൊഴിലാളികൾക്കായി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും തോന്നി. എന്നാൽ ചെറുകിട-വൻകിട കൈയേറ്റക്കാരെയും തോട്ടം മുതലാളിമാരേയും സംരക്ഷിക്കുന്ന നിലപാടാണ് അവരുടേതന്നു ചെറിയകാലം കൊണ്ടുതന്നെ ബോധ്യമായതായും ​ഗോമതി വ്യക്തമാക്കി.


തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഐഎമ്മിനു സാധിക്കുന്നില്ല. മാത്രമല്ല, തോട്ടംതൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്നങ്ങളോ അവരുടെ അജണ്ടയിലേ ഇല്ല. മാത്രമല്ല, തൊഴിലാളി പ്രശ്നം മുന്‍നിര്‍ത്തി ഒരു ചെറു പ്രക്ഷോഭം പോലും നടത്താന്‍ ഇതുവരെ അവര്‍ക്കായില്ല. ഇതിനാലാണ് തന്റെ സംഘടനയായ പെമ്പിളൈ ഒരുമൈയിലേക്കു തന്നെ തിരികെ പോവുന്നത്.

കൈയേറ്റക്കാര്‍ക്കും എസ്‌റ്റേറ്റ് മാഫിയകള്‍ക്കും നിയമത്തെയും ഭരണ സംവിധാനത്തെയും മറികടക്കാന്‍ സഹായിക്കുന്നതിലാണ് അവരിപ്പോൾ അധികാരം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നും ഗോമതി ആരോപിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത ഞങ്ങളെവിടെ പോകും? ഞങ്ങളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്‌കൂളോ കോളേജോ ഇന്ന് മൂന്നാറിലില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്നും സ്വാതന്ത്ര്യം ലഭിക്കാത്തവരാണ് തോട്ടം തൊഴിലാളികളെന്നും ​ഗോമതി വ്യക്തമാക്കി.

സിപിഐഎം പ്രാദേശിക ഘടകങ്ങളുടെയും ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ നിരവധി കൈയേറ്റങ്ങളാണ് മൂന്നാറില്‍ ഇപ്പോഴും അരങ്ങേറുന്നതെന്നും ​ഗോമതി ചൂണ്ടിക്കാട്ടി. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നാക്ക ജനങ്ങള്‍ക്കു കൃഷിഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണെന്നും ​ഗോമതി കൂട്ടിച്ചേർത്തു.

കേരളത്തിലെ മുല്ലപ്പൂ വിപ്ലവം എന്നു വിശേഷിപ്പിക്കപ്പെട്ട സമരമായിരുന്നു മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടേത്. അതിന്റെ മുൻനിരയിൽ നിന്ന വ്യക്തിയായിരുന്നു ​ഗോമതി. സമരം വിജയിച്ചതിനെ തുടർന്ന് പിന്നീട് പെമ്പിളൈ ഒരുമൈ എന്ന പേരിലേക്ക് ആ കൂട്ടായ്മ മാറുകയും തുടർ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയായി ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുകയും തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം രാജിവയ്ക്കുകയും 2016 ജനുവരി 11ന് സിഐടിയുവിൽ ചേരുകയുമായിരുന്നു.


Read More >>