മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്

ടാറ്റയുടെ തന്നെ പുതിയ കണക്കുപ്രകാരം തോട്ടത്തിൽ 16000 പേരേയുള്ളൂ. ആറായിരത്തോളം പേരുടെ കുറവ്. അതുമൂലം ഓഫീസർമാരുടെ ബംഗ്ലാവുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളുമുൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവയെല്ലാം റിസോർട്ടുകൾക്കു മറുപാട്ടത്തിനു നൽകിയെന്ന് റിപ്പോർട്ട് തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു...

മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്

മൂന്നാറിലെ തേയിലത്തോട്ടത്തിൽ ഒഴിഞ്ഞു കിടക്കുന്ന എസ്റ്റേറ്റു ബംഗ്ലാവുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളും നിയമവിരുദ്ധമായി ടാറ്റ റിസോർട്ടുകളാക്കിയെന്ന് ബിജു പ്രഭാകർ റിപ്പോർട്ട്. ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളുമുൾപ്പെടെ 22000 പേർക്കു താമസിക്കാൻ മാത്രം ലാൻഡ് ബോർഡ് അവാർഡു വഴി 2618 ഏക്കർ ഭൂമിയാണ് കമ്പനി കൈക്കലാക്കിയത്.

എന്നാൽ ടാറ്റയുടെ തന്നെ പുതിയ കണക്കുപ്രകാരം തോട്ടത്തിൽ 16000 പേരേയുള്ളൂ. ആറായിരത്തോളം പേരുടെ കുറവ്. അതുമൂലം ഓഫീസർമാരുടെ ബംഗ്ലാവുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളുമുൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവയെല്ലാം റിസോർട്ടുകൾക്കു മറുപാട്ടത്തിനു നൽകിയെന്ന് റിപ്പോർട്ട് തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു.

ടാറ്റയുടെ കൈവശഭൂമിയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. മൂന്നാർ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയ ബംഗ്ലാവുകളുടെ പട്ടികയാണിത്. കൂടുതൽ റിസോർട്ടുകൾ തോട്ടഭൂമിയിലുണ്ടെന്നും റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു.

പാട്ടഭൂമിയാണ് ടാറ്റയുടെ കൈവശമുള്ളത്. സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമി മറുപാട്ടത്തിനു നൽകുന്നത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ


മൂന്നാറിൽ തങ്ങളുടെ കൈവശമുള്ള ഭൂമി മറുപാട്ടത്തിനു കൊടുത്തകാര്യം ടാറ്റ തന്നെ പത്രപ്പരസ്യങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാർ ടൌൺ തങ്ങളുടെ കൈവശമാണെന്നും ടാറ്റ തന്നെ വാദിക്കുന്നു. പാട്ടഭൂമി മറുപാട്ടത്തിനു കൊടുക്കുന്നത് തേയിലകൃഷിയുടെ അനുബന്ധപ്രവർത്തനമാണോ എന്നും റിപ്പോർട്ട് ആരായുന്നു. 1965ൽ ടാറ്റയുടെ എഞ്ചിനീയർ തയ്യാറാക്കിയ മൂന്നാർ ടൌണിന്റെ ഭൂപടം ലാൻഡ് ബോർഡ് ഫയലിലുണ്ടെന്നും 2010ലെ സ്ഥിതി അതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാറിന്റെ നിയന്ത്രണം സർക്കാരിനാകണമെന്നും താലൂക്ക് ഓഫീസും ആർഡിഒ ഓഫീസും ദേവികുളത്തു നിന്നും മൂന്നാറിലേയ്ക്കു മാറ്റി, നാടു ഭരിക്കുന്നത് ആരാണെന്ന് ടാറ്റയ്ക്കു കാട്ടിക്കൊടുക്കണമെന്നും നിർദ്ദേശിച്ചാണ് റിപ്പോർട്ടിന്റെ 6.18 ഖണ്ഡിക അവസാനിക്കുന്നത്.