റവന്യു വകുപ്പ് കൈയേറ്റ ഫയലുകൾ കൈമാറുന്നില്ല; മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ നിർജീവമായി

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണം, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം, വ്യാജപ്പട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് അന്നത്തെ സർക്കാർ മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ട്രൈബ്യൂണലിലേക്ക് അയക്കണമെന്നാണ് നിബന്ധന. എന്നാൽ കൈയേറ്റങ്ങൾ സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ ഉദ്യോ​ഗസ്ഥർ വീഴ്ച വരുത്തുകയാണ്.

റവന്യു വകുപ്പ് കൈയേറ്റ ഫയലുകൾ കൈമാറുന്നില്ല; മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ നിർജീവമായി

കൈയേറ്റം സംബന്ധിച്ച ഫയലുകൾ കൈമാറുന്നതിൽ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടർന്ന് മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ നിർജീവമായി. മൂന്നാറിലെ കൈയേറ്റ കേസുകളിൽ തീർപ്പുണ്ടാക്കാൻ രൂപീകരിച്ച സ്പെഷ്യൽ ട്രൈബ്യൂണലാണ് ഉദ്യോ​ഗസ്ഥരുടെ നിഷ്ക്രിയത്വം മൂലം മരവിച്ചത്.

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണം, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം, വ്യാജപ്പട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് അന്നത്തെ സർക്കാർ മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ട്രൈബ്യൂണലിലേക്ക് അയക്കണമെന്നാണ് നിബന്ധന. ഇതുപ്രകാരം ഒരു ജില്ലാ ജഡ്ജി ഉൾപ്പെടെ മൂന്നുപേർ അം​ഗങ്ങളായ ട്രൈബ്യൂണലിന്റെ ചുമലിൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും മറ്റും മാത്രമായിരുന്നു ആദ്യകാലം പരിഹരിക്കാനുണ്ടായിരുന്നത്.

എന്നാൽ മൂന്നുവർഷം മുമ്പ് എട്ടു വില്ലേജുകളിലെ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ മുഴുവൻ ഒരു ഹൈക്കോടതി വിധിയിലൂടെ ഇവിടെയെത്തി. ഇതോടെ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം വരെ ട്രൈബ്യൂണലിനു കീഴിൽ വന്നുതുടങ്ങി. പിന്നീട് ഇത്തരം കേസുകളുടെ ആധിക്യം മൂലം നിരവധിയെണ്ണമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഇതിനിടെ, ഒരു സുപ്രധാന വിധിയും ട്രൈബ്യൂണലിൽ നിന്നുണ്ടായി. കേസുകളുമായി ബന്ധപ്പെട്ടു ഹാജരാക്കിയ മൂന്നാറിലെ 40ഓളം പട്ടയങ്ങള്‍ വ്യാജമാണെന്നതായിരുന്നു അത്. ഈ വിധി സുപ്രീംകോടതി വരെ അം​ഗീകരിക്കുകയാണുണ്ടായത്. സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം ട്രൈബ്യൂണലിനു മുന്നിൽ എത്തിക്കണമെന്നിരിക്കെ കൈയേറ്റങ്ങൾ സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ ഉദ്യോ​ഗസ്ഥർ വീഴ്ച വരുത്തുകയാണ്. അതേസമയം, ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിനുള്ള നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം സർക്കാരിന്റെ പരി​ഗണനിയിലാണ്.