മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്കു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍; ഏലമലക്കാടുകളിലെ മരം മുറിക്കാനും അനുമതി വേണം

പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇനി റവന്യൂ വകുപ്പിന്റേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അനുമതി വേണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. ഇതുവരെ ഇതിനു മൂന്നാര്‍ പഞ്ചായത്തിന്റെ മാത്രം അനുമതി മതിയായിരുന്നു.

മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്കു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍; ഏലമലക്കാടുകളിലെ മരം മുറിക്കാനും അനുമതി വേണം

മൂന്നാറില്‍ പുതിയ കെട്ടിടനിര്‍മാണങ്ങള്‍ക്കു കര്‍ശന നിയന്ത്രമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍. നിലവിലുള്ള കെട്ടിടങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇനി റവന്യൂ വകുപ്പിന്റേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അനുമതി വേണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. ഇതുവരെ ഇതിനു മൂന്നാര്‍ പഞ്ചായത്തിന്റെ മാത്രം അനുമതി മതിയായിരുന്നു.

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് നിരവധി റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പഞ്ചായത്ത് എന്‍ഒസി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതോടൊപ്പം, അനുമതിയില്ലാതെ ഏലമലക്കാടുകളില്‍ നിന്ന് മരംമുറിക്കാന്‍ പാടില്ലെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരിവിട്ടിട്ടുണ്ട്. കൂടാതെ, 2010 മുതല്‍ എന്‍ഒസി നല്‍കിയ റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും മൂന്നാര്‍ പഞ്ചായത്തിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

അതേസമയം, മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഡീഷണല്‍ എജി രഞ്ജിത് തമ്പാനാണ് ഇക്കാര്യം ട്രൈബ്യൂണലിനെ അറിയിച്ചത്. കേസില്‍ കക്ഷിചേരാന്‍ ദേവികുളം സബ് കളക്ടറും സെറ്റില്‍മെന്റ് ഓഫീസറുമായ ശ്രീറാം വെങ്കട്ടരാമനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി ആഗസ്റ്റ്് എട്ടിനു പരിഗണിക്കും.