മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ മതിയായ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം

മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സർക്കാർ ഭൂമി ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനം. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ദേവികുളം സബ് കളക്ടറുടെ ചേമ്പറിലും ഇടുക്കി കളക്ടറുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ മതിയായ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിനു ശേഷം മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനം. മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സർക്കാർ ഭൂമി ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനം. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ദേവികുളം സബ് കളക്ടറുടെ ചേമ്പറിലും ഇടുക്കി കളക്ടറുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

മതിയായ പൊലീസ് സഹായം ഉറപ്പാക്കിയതിനു ശേഷം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. ഒഴിപ്പിക്കൽ നടപടിക്കായി ഒരു എസ്ഐയുടെ കീഴിൽ ഏഴ് പൊലീസുകാരെയാണു നിയമിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയും പൊലീസുകാരെ മാത്രം ഉപയോഗിച്ച് നടപടിയുമായി മുന്നോട്ടു പോകാനാവില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കി.

ജില്ലയിലെ ഭൂസംരക്ഷണ സേനാംഗങ്ങളുടെ പ്രവർത്തനം ദേവികുളം കേന്ദ്രീകരിച്ചാക്കാനും സബ് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഒൻപതു ഭൂസംരക്ഷണ സേനാംഗങ്ങൾ മാത്രമാണുള്ളത്. ഇതിൽ ദേവികുളത്തുള്ളതു നാലു പേർ മാത്രവും. മറ്റുള്ളവർ ഉടുമ്പൻ‌ചോല, പീരുമേട് താലൂക്കുകളിലാണ്. അവരെക്കൂടി ദേവികുളത്തേക്കു കൊണ്ടുവരാനാണ് തീരുമാനം. 15 ഭൂസംരക്ഷണ സേനാംഗങ്ങളുണ്ടെങ്കിൽ മാത്രമേ കയ്യേറ്റം ഒഴിപ്പിക്കാനാകൂവെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.