കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചു; മൂന്നാറില്‍ വന്‍കിടക്കാര്‍ക്കെതിരേ നടപടി തുടങ്ങി

ചെറുകിടക്കാരെ ഒഴിപ്പാക്കാതെ വന്‍കിടക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ദൗത്യസംഘത്തിന്റെ നീക്കം. അതിനാല്‍ മുമ്പത്തെപ്പോലെ പൊതുജനങ്ങളെ മുന്നില്‍ നിര്‍ത്തി ദൗത്യസംഘത്തെ തടയാനുള്ള പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രമം വിലപ്പോവില്ല.

കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചു;   മൂന്നാറില്‍ വന്‍കിടക്കാര്‍ക്കെതിരേ നടപടി തുടങ്ങി

മൂന്നാറിലെ വന്‍കിട കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഉജ്ജ്വല തുടക്കം. പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് പൊളിച്ചുമാറ്റിയാണ് ദൗത്യസംഘം ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചിരിക്കുന്നത്. സബ്കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇത് മൂന്നാംതവണയാണ് പാപ്പാത്തിച്ചോലയിലെ കയ്യേറ്റങ്ങള്‍ക്കെതിരേയുള്ള അധികൃതരുടെ നടപടി. ചെറുകിടക്കാരെ ഒഴിപ്പാക്കാതെ വന്‍കിടക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ദൗത്യസംഘത്തിന്റെ നീക്കം. അതിനാല്‍ മുമ്പത്തെപ്പോലെ പൊതുജനങ്ങളെ മുന്നില്‍ നിര്‍ത്തി ദൗത്യസംഘത്തെ തടയാനുള്ള പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രമം വിലപ്പോവില്ല.

കുരിശ് പൊളിച്ചുനീക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാഹനങ്ങള്‍ റോഡിലിട്ട് തടയാനായിരുന്നു ശ്രമമെങ്കിലും ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കി സംഘം മുന്നോട്ടുപോയി. മൂന്നാറിലുള്ളവരല്ല കുരിശടി സ്ഥാപിച്ചതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ വലിയ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യം തന്നെ കുരിശടി നീക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നീക്കം. ആരാധാനലയങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ അറച്ചുനില്‍ക്കില്ലെന്ന സൂചന തന്നെയാകും ഇതിലൂടെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് നല്‍കുന്നത്.മന്ത്രി എംഎം മണിയും, സിപിഐഎമ്മും ഉള്‍പ്പെടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോളാണ് ഈ കയ്യേറ്റമൊഴിപ്പിക്കല്‍ നീക്കമെന്നതും ശ്രദ്ധേയമാണ്. വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു.

ഋഷിരാജ് സിംഗിനും സുരഷ്‌കുമാറിനും സാധിക്കാത്തത് ശ്രീറാം വെങ്കിട്ടരാമന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക ശേഖരിച്ചശേഷമാണ് കഴിഞ്ഞദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ സംഘത്തെ സഹായിക്കാന്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

Read More >>