മാത്യു സാമുവലിനേയും കുടുംബത്തേയും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഉന്നം വയ്ക്കുന്നു; സിപിഐഎം പിബി അംഗം മുഹമ്മദ് സലീം

ആരോപണ വിധേയരെ സംരക്ഷിക്കുന്ന മമത ബാനര്‍ജി വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം പിബി അംഗം മുഹമ്മദ് സലീം പ്രതികരിച്ചു

മാത്യു സാമുവലിനേയും കുടുംബത്തേയും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഉന്നം വയ്ക്കുന്നു; സിപിഐഎം പിബി അംഗം മുഹമ്മദ് സലീം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയ ഒളിക്യാമറാ ഓപ്പറേഷന്‍ പുറത്തുകൊണ്ടുവന്ന നാരദാന്യൂസ് സിഇഒ മാത്യു സാമുവേലിനെ ഇല്ലാതാക്കുമെന്ന സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും ബംഗാളില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായ മുഹമ്മദ് സലീം. തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ സര്‍ക്കാരും കുടുങ്ങിയ നാരദയുടെ സ്റ്റിങ്‌ ഓപ്പറേഷനില്‍ ആരോപണ വിധേയരായ ആളുകളെ മമത ബാനര്‍ജി സംരക്ഷിക്കുകയാണെന്നും മുഹമ്മദ് സലീം ആരോപിച്ചു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പ്രതികാരത്തോടെയാണ് മമതയും കൂട്ടരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു സാമുവേലിനെയും കുടുംബത്തേയും വ്യക്തിപരമായി ഉന്നം വെക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. കോഴ മേടിച്ച കാര്യമല്ല, മറിച്ച് നാരദാന്യൂസിന് ഇതിനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നും വീഡിയോയുടെ ആധികാരികതയെക്കുറിച്ചുമാണ് അവര്‍ അന്വേഷിക്കുന്നത്. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് സെന്‍ട്രല്‍ സയന്റിഫിക് ലബോറട്ടറിയില്‍ തെളിഞ്ഞതാണെന്നും മുഹമ്മദ് സലീം പറഞ്ഞു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്.

ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More >>