ഹാപ്പി ബോംബ് പൊട്ടിയില്ല; ഈ കിടു മച്ചാനെയാണ് നിങ്ങൾ വിമാന റാഞ്ചിയാക്കിയത്

'വിമാനം ഹൈജാക്ക് ചെയ്യുമെന്നു ഫോണില്‍ ഡയലോഗ് വിട്ട യാത്രക്കാരൻ പിടിയിൽ' എന്ന വാർത്തയുടെ സത്യം അന്വേഷിച്ചപ്പോൾ നാരദ കണ്ടുമുട്ടിയത് ഒരു ലോകോത്തര മലയാളിയെ. നമ്മളെത്ര വേ​ഗമാണ്, എത്ര ലളിതമായാണ്, എത്ര ഉദാസീനമായാണ് ഒരാളെ ഭീകരാനാക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല. അപ്പോൾ ചോദ്യമിതാണ്, നിങ്ങൾ വിമാന റാഞ്ചിയാക്കി അപമാനിച്ച ക്ലിൻസ് സത്യത്തിൽ ആരാണ്?

ഹാപ്പി ബോംബ് പൊട്ടിയില്ല; ഈ കിടു മച്ചാനെയാണ് നിങ്ങൾ വിമാന റാഞ്ചിയാക്കിയത്

നാരദയ്ക്ക് ക്ലിൻസിനെ അറിയില്ല. വിമാന റാഞ്ചിയുടെ വാർത്തയറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. വിമാന റാഞ്ചിയുടെ ഫോൺ നമ്പർ ചോദിച്ചു. തരാൻ പൊലീസ് തയ്യാറായില്ല. റാഞ്ചിയുടെ അഭിഭാഷകന്റെ നമ്പർ തരാനും കൂട്ടാക്കിയില്ല. എന്നാൽ ഫേസ്ബുക്കിൽ തപ്പാമെന്നായി. ഫേസ്ബുക്കിൽ എബൗട്ടിൽ നിന്ന് നമ്പർ കിട്ടി. വിളിച്ചപ്പോൾ, "ആ വിമാന റാഞ്ചി ഞാൻ തന്നെയാ മച്ചാനേ"യെന്ന് ചിരിക്കുന്ന സ്വരം അപ്പുറത്ത്.ആ ചിരിയുടെ ഉടമയെ പറ്റി മാധ്യമങ്ങൾ പറഞ്ഞിട്ടുള്ളതല്ല മറ്റു ചിലർ പറഞ്ഞിട്ടുള്ളത്. സദസിനെ കയ്യിലെടുക്കുന്ന ക്ലിൻസിന്റെ കഴിവ് അപാരമെന്ന് ദീപികാ പാദുകോൺ. റോക്ക് സ്റ്റാറിന്റെ പ്രഭാവമുള്ള ക്ലിൻസിന്റെ വ്യക്തിത്വം ഊർജ്ജസ്വലത സംക്രമിപ്പിക്കുന്നതെന്ന് കരൺ ജോഹർ. അഭിഷേക്ത ബച്ചൻ, സിദ്ധാർത്ഥ് മൽഹോത്ര, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ പ്രശംസയുടെ സർട്ടിഫിക്കറ്റ് വേറെ. ഇവരിലേയ്ക്കെല്ലാം സന്തോഷം പരത്തുന്ന മോട്ടിവേഷണൽ റോക്ക് സ്റ്റാറാണ് തൃശൂർ സ്വദേശിയായ ഈ മച്ചാൻ; ക്ലിൻസ് വർ​ഗീസ്. എംടിവിയുടെ പ്രശസ്തമായ ദി ​ഗ്രേറ്റ് സെൽഫി ചലഞ്ച് എന്ന ഷോയിലൂടെ സെൽഫി കിങ് എന്നറിയപ്പെടുന്ന താരം.ഉള്ളിലെ സന്തോഷം മറ്റുളളവരിലേക്ക് പകരുന്ന എം.ടി.വി വി.ജെ, ലക്ഷങ്ങളെ ഇരമ്പിമറിക്കുന്ന ആങ്കർ... ഈ മലയാളി കിക്കിടിലോൽക്കിടിലൻ ;) സ്നാപ് ചാറ്റിലും ഇനസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും ക്ലിൻസ് വീഡിയോകളിലൂടെ സന്തോഷം പരത്തുന്നയാൾ.

മുംബൈയിൽ താമസിക്കുന്ന ക്ലിൻസ് രണ്ടു ദിവസമായി കേരളത്തിലുണ്ടായിരുന്നു. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ് വളരെ ഹാപ്പിയായി തിരിച്ചു പോവുന്ന വഴി ക്ലിൻസിന് ഒരു പണി കിട്ടി. വിമാനത്തിലേക്ക് കയറും മുമ്പ് എപ്പോഴും ചെയ്യാറുള്ള ഒരു സെൽഫി വീഡിയോ എടുത്തു. "ആം സോ എക്സൈറ്റഡ് ​ടു ​ഗോ ബാക്ക് ഹൈജാക്കിം​ഗ് വിത്ത് ഹാപ്പി വൈബ്സ്... ബൂം ഷക്കലക്ക..." ഇതായിരുന്നു വീഡിയോയുടെ ഒപ്പം പറഞ്ഞ വാചകം. ഹൈജാക്കിം​ഗ് എന്നു കേട്ടപാതി, കേൾക്കാത്ത പാതി, സുരക്ഷാ ജീവനക്കാരൻ ക്ലിൻസിനെ നോട്ടമിട്ടു. അവസാനം പറഞ്ഞ "ബൂം ഷക്കലക്ക"യെ അദ്ദേഹം ബോംബെന്നാണ് കേട്ടതെന്ന് തോന്നുന്നു. അദ്ദേഹം സുരക്ഷ വിഭാ​ഗത്തെ അറിയച്ചതിനെ തുടർന്ന് ഉദ്യോ​ഗ​സ്ഥരെത്തി ക്ലിൻസിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ക്ലിൻസ് വിമാനം റാഞ്ചിയായി. എൻ.ഐ.എ മുതൽ നെടുമ്പാശേരി പൊലീസ് വരെ ക്ലിൻസിനെ ചോദ്യം ചെയ്തു. സകലയിടത്തും വിമാനം റാഞ്ചിയുടെ ഭീകരകഥ പരിന്നു. ആ കഥയുടെ ക്ലിൻസ് വേർഷനാണ് ഇനി പറയുന്നത്.


ആ ബോംബ് കഥ
പത്തു ദിവസത്തെ കേരള പര്യടനം കഴിഞ്ഞ് നെടുമ്പാശേരി എയർപോർട്ടിലെത്തിയതായിരുന്നു ക്ലിൻസ്. കോളേജിൽ സീനയറായി പഠിച്ച സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷമായിരുന്നു മടക്കം. അജയ് മേനോൻ എന്നൊരു സുഹൃത്തും കൂടെയുണ്ടായിരുന്നു. വിമാനത്തിൽ കയറും മുമ്പ് എന്നും ചെയ്യാറുള്ളത് പോലെ ഒരു സെൽഫി വീഡിയോ എടുത്തു വിമാനത്തിൽ കയറി.

ക്ലിൻസിന്റെ "ബൂം ഷക്കലക്ക"യെ തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാർ ക്ലിൻസിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. "നിങ്ങൾക്ക് ആള് മാറിയതാണ് സാറമ്മാരെ" എന്ന് പറഞ്ഞു നോക്കിയെങ്കിലും നോ രക്ഷ. വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരെയും അവരുടെ ബാ​ഗേജുകളും പുറത്തിറക്കി വിമാനം വിശദമായി പരിശോധിച്ചു. ഇതു മൂലം രണ്ടു മണിക്കൂറാണ് വിമാനം വൈകിയത്.
"ഫ്ലൈറ്റ് ഓവർടേക്ക് ചെയത് ഹാപ്പിനെസ് നിറയ്ക്കും എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. വീഡിയോ എടുത്തതാണ് പ്രശ്നമെന്ന് വിചാരിച്ച് അത് അവരെ കാണിക്കുകയും ചെയ്തു. വീഡിയോ വേണേല് ഡിലീറ്റ് ചെയ്യാം. പക്ഷെ ഈ ഫ്ലൈറ്റിൽ തന്നെ എന്നെ ബോംബെയ്ക്ക് വിടണമെന്ന് അവരോട് പറഞ്ഞു." - ക്ലിൻസ് നാരദയോട് പറഞ്ഞു.വീഡിയോ കാണിച്ചപ്പോൾ വിമാനത്തിൽ നിന്നിറക്കിയ സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും കാര്യം മനസിലായി. പക്ഷെ നൂലാമാലകൾ അവിടെയും തീർന്നില്ല. സി.ഐ.എസ്.എഫ് മുതലുള്ള സുരക്ഷാ ഏജൻസികളിലെല്ലാം വിവരം പോയിട്ടുണ്ടായിരുന്നു. അവർ തന്നെ ക്ലിൻസിനെ വീണ്ടും പരിശോധിച്ചു. ബാ​ഗുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ട് ഒരു 'ബ്ലേഡ്' പോലും കിട്ടിയല്ല. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചോദ്യം ചെയ്യലുകൾക്ക് വിധേയമാകേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്തു പരിശോധനങ്ങൾക്കും ചോദ്യം ചെയ്യലിനും സഹകരിക്കാൻ ക്ലിൻസ് തയ്യാറായി.

എൻ.ഐ.എ, ഐ.ബി., കംസ്റ്റസ്, സി.ഐ.എസ്.എഫ്, പൊലീസ് തുടങ്ങിയ ഏജൻസികളെല്ലാം ക്ലിൻസിനെ ചോദ്യം ചെയ്തു. ​ഗൗരവപരമായ ഒരു ഭീഷണിയല്ലെന്നും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ കേസാണെന്നും ഏജൻസികൾക്ക് മനസിലായതോടെ ക്ലിൻസിനെയും സുഹൃത്തിനെയും നെടുമ്പാശേരി പൊലീസിന് കൈമാറി. അവരാകട്ടെ ഐ.പി.സി 118 സെക്ഷൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടു.ഇനി നമ്മുടെ മാധ്യമങ്ങളുടെ ആ കിടിലൻ വെർഷൻ

ഇന്നലത്തെ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയെക്കുറിച്ച് ക്ലിൻസിന് 'നല്ല' അഭിപ്രായമാണുള്ളത് എന്ന് പറയാതിരിക്കാൻ വയ്യ.
"തൃശൂർ സ്വദേശി ക്ലിൻസ് വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തി"യെന്ന് ഏഷ്യാനെറ്റ് ന്യൂസ് ബ്രേക്ക് ചെയ്തു. പിന്നെ എല്ലാ ചാനലുകളും ആ വാർത്ത "കോപി പേസ്റ്റ്" ചെയ്തുകൊണ്ടേയിരുന്നു. നാഷണൽ എജൻസികളും വാർത്ത ചെയ്തു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഫോൺ വിളിയോട് വിളി.
"മുംബൈ മിറർ മാത്രമാണ് എന്നെ വിളിച്ച് എന്റെ വെ‍ർഷൻ കൊടുക്കാൻ തയ്യാറായത്. ബാക്കി എല്ലാരും പറഞ്ഞിരിക്കുന്നത് ‍ ഞാനിപ്പോഴും ഭീകരനാണെന്ന വിധമാണ്. ഞാനൊരു മോട്ടിവേഷണൽ സ്പീക്കറാണ്. എനിക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിരന്തരം യാത്രകൾ ചെയ്ത് പരിപാടികൾ അവതരിപ്പിക്കാറുണ്ട്. വിമാന യാത്രകൾ എന്റെ കരിയറിന്റെ ഭാ​ഗമാണ്. പക്ഷെ കേരളത്തിലെ മീഡയകൾ നമ്മളെ നെ​ഗറ്റീവ് കഥാപാത്രമായാണ് അവതരിപ്പിച്ചത്. " - ക്ലിൻസ് പറയുന്നു.തിരിച്ചറിവ്

ഇങ്ങനെയൊരു സെൻസിറ്റീവ് ഏരിയയിൽ അങ്ങനെയൊരു വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു എന്നാണ് ഈ സംഭവം കൊണ്ട് തനിക്ക് മനസിലായതെന്ന് ക്ലിൻസ് പറഞ്ഞു. അറിഞ്ഞോ അറിയാതെയൊ താൻ കാരണം നിരവധി ആളുകളുടെ സമയം നഷ്ടമായതിൽ വിഷമമുണ്ട്. തെറ്റായിട്ടൊന്നും താൻ ചെയ്തിട്ടില്ല. മസാലയിട്ടാണ് പലരും വാർത്ത ചെയ്തതെന്നും ക്ലിൻസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ക്ലിൻസ് ഇപ്പോൾ തൃശൂരിലുള്ള വീട്ടിലുണ്ട്. ഇന്നലത്തെ സംഭവത്തിൽ നിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോളുകൾ നിന്നിട്ടില്ല.


മലയാളിയായ ക്ലിൻസ് ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഇദ്ദേഹത്തിന്റെ കുടംബം തൃശൂരാണ്. കോളേജിൽ പഠിക്കുന്ന കാലം തൊട്ട് അവതാരകനായിരുന്നു. 2015 സീസൺ ഐ.പി.എല്ലിൽ പൂനെ ടീമിന്റെ ഔദ്യോ​ഗിക ആങ്കറായിരുന്നു. ട്രാക്ക് സ്റ്റാർ 2, ​ഗ്രേറ്റ് സെൽഫി ഷോ എന്ന യാത്ര പരിപാടിയും ക്ലിൻസ് എം.ടി.വിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെയാണ് 'സെൽഫി കിങ്' എന്നറിയപ്പെടാൻ തുടങ്ങിയത്. ക്ലിൻസ് കളക്ടീവ്, വാട്ട്സ് ഇൻ ദ നെയിം എന്നീ രണ്ടു ബാൻഡുകൾ ക്ലിൻസിന്റേതായിട്ടുണ്ട്. ഫാറ്റ് വെഡ്ഡിങ് എന്ന പേരിൽ വലിയ കല്യാണങ്ങളുടെ ആങ്കറായും ക്ലിൻസ് പ്രവൃത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് ടീം ട്രെയിനറായ ക്ലിൻസ് ലെനൊവ ഫോണിന്റെ ഡിജിറ്റൽ ബ്രാൻഡ് അംബാസിഡറായിരുന്നു.

Read More >>