താനൂരിൽ അതിക്രമം കാണിച്ചത് സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആരംഭിച്ച എം എസ് പി; കണ്ണിൽച്ചോരയില്ലാത്തവരുടെ അഴിഞ്ഞാട്ടത്തിൽ നഷ്ടമായത് മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികൾ

സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച ഈ സേനയെ പിന്നീടു വന്ന സര്‍ക്കാറുകളും പിരിച്ചുവിടാതെ ഉപയോഗിക്കുകയായിരുന്നു. 1947 നു ശേഷം മദ്രാസ് ആസ്ഥാനമായ എം.എസ്.പി യുടെ രണ്ടാം ബറ്റാലിയന്‍ തമിഴ്നാട് പോലീസിന്റെ ഭാഗമായി. തമിഴ്‌നാട്ടിലിത് മദ്രാസ് സ്‌പെഷ്യല്‍ പൊലീസ് എന്ന പേരിലാണറിയപ്പെടുന്നത്. അടിയന്തിരാവസ്ഥ കാലത്തുള്‍പ്പെടെ നിരപരാധികളെ നിര്‍ദാക്ഷണ്യം വേട്ടയാടിയ എം എസ് പിയെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായെങ്കിലും സംസ്ഥാനത്ത് മാറി മാറി ഭരണം കയ്യാളിയ ഇടതു-വലതു സര്‍ക്കാറുള്‍ ഇതിന് തയ്യാറായില്ല. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം എസ് പിയെ പ്രശ്‌നബാധിതപ്രദേശങ്ങളിലാണ് പൊതുവെ നിയോഗിക്കാറുള്ളത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ പോലെ തന്നെയാണ് എംഎസ്പിക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷവും പ്രവര്‍ത്തിച്ചുവരുന്നതെന്ന് ചുരുക്കം

താനൂരിൽ അതിക്രമം കാണിച്ചത് സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആരംഭിച്ച എം എസ് പി; കണ്ണിൽച്ചോരയില്ലാത്തവരുടെ അഴിഞ്ഞാട്ടത്തിൽ നഷ്ടമായത് മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികൾ

സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തിന്റെ മറവില്‍ വീടുകള്‍ കൊള്ളയടിച്ചും മത്സ്യത്തൊഴിലാളികളെ വേട്ടയാടിയും മലപ്പുറം ജില്ലയിലെ താനൂരില്‍ അഴിഞ്ഞാടിയ മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് (എം എസ് പി) സേനയെ രൂപീകരിച്ചത് ബ്രിട്ടീഷുകാരുടെ കാലത്ത്. സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്താന്‍ രൂപീകരിച്ച സേനയാണ് താനൂരില്‍ മത്സ്യത്തൊഴിലാളികളെ വേട്ടയാടി അവരുടെ ജീവിതോപാധികള്‍ നശിപ്പിച്ചത്.

കോര്‍മന്‍ കടപ്പുറത്തെ സംഘര്‍ഷത്തില്‍ പങ്കാളികളല്ലാത്ത ചാപ്പപ്പടിയിലും ആലിന്‍ ബസാറിലുമുള്‍പ്പെടെയുള്ളവരെയാണ് രാത്രിയില്‍ വീടു ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയതത്. എം എസ് പിക്കാരെ കൂടാതെ പാലക്കാടു നിന്നുള്ള ആംഡ് റിസവര്‍വ് ഫോഴ്‌സിലെ നാല് ബറ്റാലിയന്‍ സേനയുമുണ്ട്. കൂടാതെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനയും സ്ഥലത്തെത്തിയിരുന്നു. ഓട്ടോറിക്ഷകളും കാറുകളും വീട്ടുപകരണങ്ങളും വരെ വീട്ടില്‍ക്കയറി തകര്‍ത്താണ് സംഘം മടങ്ങിയത്.

ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിന് മലബാര്‍ കേന്ദ്രീകരിച്ച് 1881-ലാണ് മലപ്പുറം സ്‌പെഷ്യല്‍ പോലീസ് സ്ഥാപിതമാകുന്നത്. 1921-ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോരാളികളുടെ വീടുകള്‍ കയറി കൊള്ളയും കൊള്ളിവെപ്പും നടത്തിയ സേന പിൽക്കാലത്ത് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം എസ് പി) എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1921 സെപ്തമ്പര്‍ 30ന് ആറ് കമ്പനി അംഗബലവുമായാണ് മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. 1932ല്‍ സേനയുടെ അംഗബലം 16 കമ്പനി ആയി ഉയര്‍ത്തി. 1956ല്‍ കേരളം നിലവില്‍ വന്നതോടെ എം.എസ്.പിയെ രണ്ടായി വിഭജിച്ചു.

എം എസ് പിയുടെ ആദ്യത്തെ കമാൻഡന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്കോക്ക് എന്ന ഇംഗ്ലണ്ടുകാരനായിരുന്നു. സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച ഈ സേനയെ പിന്നീട് വന്ന സര്‍ക്കാറുകളും പിരിച്ചുവിടാതെ ഉപയോഗിക്കുകയായിരുന്നു.

1947 നു ശേഷം മദ്രാസ് ആസ്ഥാനമായ എം.എസ്.പിയുടെ രണ്ടാം ബറ്റാലിയന്‍ തമിഴ്നാട് പൊലീസിന്റെ ഭാഗമായി. തമിഴ്‌നാട്ടിലിത് മദ്രാസ് സ്‌പെഷ്യല്‍ പൊലീസ് എന്ന പേരിലാണറിയപ്പെടുന്നത്.

അടിയന്തിരാവസ്ഥ കാലത്തുള്‍പ്പെടെ നിരപരാധികളെ നിര്‍ദാക്ഷിണ്യം വേട്ടയാടിയ എം എസ് പിയെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായെങ്കിലും സംസ്ഥാനത്ത് മാറി മാറി ഭരണം കയ്യാളിയ ഇടതു-വലതു സര്‍ക്കാറുള്‍ ഇതിന് തയ്യാറായില്ല. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം എസ് പിയെ പ്രശ്‌നബാധിതപ്രദേശങ്ങളിലാണ് പൊതുവെ നിയോഗിക്കാറുള്ളത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ പോലെ തന്നെയാണ് എംഎസ്പിക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷവും പ്രവര്‍ത്തിച്ചുവരുന്നതെന്ന് ചുരുക്കം.

1950 മെയ് മൂന്നിന് അര്‍ധരാത്രില്‍ പാടിക്കുന്നില്‍ മൂന്ന് കമ്യൂണിസ്റ്റുകാരെ മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് വെടിവച്ചുകൊന്നിരുന്നു. പൊലീസുമായി ഏറ്റുമുട്ടി മൂന്ന് കമ്യൂണിസ്റ്റുകാര്‍ മരിച്ചെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

1948ല്‍ കണ്ണൂര്‍ ചേലേരിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പി സി അനന്തന്‍ എന്ന ഇരുപതുകാരനെ ജീവച്ഛവമാക്കി പായയില്‍ കെട്ടി വളപട്ടണം പുഴയില്‍ എറിഞ്ഞുകൊന്നത് എം എസ് പിക്കാരായിരുന്നെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആരോപിച്ചിരുന്നു. പൂഴ്ത്തിവെയ്പ്പിനെതിരെയുള്ള സമരകാലത്തായിരുന്നിത്. സമരനാളില്‍ സ്ഥലത്തില്ലാതിരുന്ന പി സി അനന്തന്‍ പിറ്റേന്നാണ് ഇരിക്കൂറില്‍ നിന്ന് നടന്ന് നാട്ടിലെത്തുന്നത്. ആനപ്പാപ്പാനായ അച്ഛനെ കാണാനാണ് ഇരിക്കൂറില്‍ പോയത്. പനിപിടിച്ച് നടന്ന് തളര്‍ന്നെത്തിയ അനന്തന്‍ കടയില്‍ നിന്ന് ചായപ്പൊടിയും പഞ്ചസാരയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു.

പൊടുന്നനെ ഒരു സംഘം ആളുകള്‍ അനന്തനെ വളഞ്ഞു. പിടിച്ചുകെട്ടി ചേലേരി മുതല്‍ കമ്പില്‍ വരെ തല്ലി വീഴ്ത്തിയും പിടിച്ചെഴുന്നേല്‍പ്പിച്ച് വീണ്ടും തല്ലിയും നടത്തിച്ചു. വഴിയില്‍ എം എസ് പിക്കാരും കൂടെ ചേര്‍ന്നു. അനന്തനെ അവിടെ കൊണ്ടിട്ട് മര്‍ദനം തുടര്‍ന്നു. മരിച്ചിട്ടുണ്ടാകുമെന്നു കരുതി പായയില്‍ കെട്ടി പുഴയില്‍ ഒഴുക്കി. കമ്പില്‍- കയരളം പൊലീസ് ക്യാമ്പുകള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത് അങ്ങനെയായിരുന്നു.

1976 ഫെബ്രുവരി 28നു ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നു. ആ കേസ് തെളിയിക്കാനാണ്, കക്കയത്ത് പൊലീസ് ക്യാമ്പ് സ്ഥാപിച്ചത്. പലരെയും പിടിച്ചു; ചോദ്യംചെയ്തു. സൂചനയൊന്നും കിട്ടിയില്ല. മര്‍ദനത്തിന്റെ പുതിയ രീതികള്‍ ഓരോ ശരീരത്തിലും പരീക്ഷിക്കപ്പെട്ടു. റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിച്ചു. സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28നു രാത്രി പി രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവമായിരുന്നു. അടുത്തദിവസം രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ച് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയി. നിരപരാധിത്വം കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ല. തല്ലിയും ഇടിച്ചും ഉരുട്ടിയും അവര്‍ ആ ചെറുപ്പക്കാരന്റെ ജീവനെടുത്തു. മൃതദേഹം എവിടെ നശിപ്പിച്ചെന്ന് ഇന്നും അറിയില്ല. ഇതിലെല്ലാം തന്നെ എം എസ് പിയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് പിണറായി വിജയന് അറിയാത്ത കാര്യവുമല്ല.

1948 മേയ് ഒന്നിന് കണ്ണൂര്‍- കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ആറു കര്‍ഷകരെ എം എസ് പിക്കാര്‍ വെടിവച്ചുകൊന്നിരുന്നു. സ്വാതന്ത്ര്യാനന്തരം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷകപ്രക്ഷോഭങ്ങളെ എം എസ് പിയെ ഇറക്കിയാണ് സര്‍ക്കാര്‍ അടിച്ചൊതുക്കിയത്. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ രൂപീകരിച്ച സേന രാജ്യത്തെ പൗരന് എത്രത്തോളം ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് മനസ്സിലാകണമെങ്കില്‍ ഇപ്പോള്‍ താനൂര്‍ പോയാലും മതി.

Read More >>