കേരളം 'ഭരിക്കുന്നത്' ആലപ്പുഴ സര്‍ക്കാര്‍: ക്യാബിനറ്റ് റാങ്കുള്ള ആറുപേർ ആലപ്പുഴക്കാര്‍!

ഒരു മന്ത്രി പോലുമില്ലാത്ത കോട്ടയവും എറണാകുളവും വയനാടും അസൂയപ്പെട്ടു പോകും- ആലപ്പുഴയില്‍ നാല് മന്ത്രിമാരടക്കം ക്യാബിനറ്റ് റാങ്കില്‍ ആറുപേര്‍!

കേരളം ഭരിക്കുന്നത് ആലപ്പുഴ സര്‍ക്കാര്‍: ക്യാബിനറ്റ് റാങ്കുള്ള ആറുപേർ ആലപ്പുഴക്കാര്‍!

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി കൂടി മന്ത്രിസഭയിലേയ്ക്ക് വരുന്നതോടെ ആലപ്പുഴ ജില്ലയില്‍ നിന്നും ക്യാബിനറ്റ് റാങ്കുള്ള ആറുപേര്‍.

രണ്ടാം വട്ടവും മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും മന്ത്രിസഭയിലെ പ്രധാനികളാണ്. പി. തിലോത്തമന്‍ സിപിഐയുടെ നാല് മന്ത്രിമാരില്‍ ഒരാളാണ്. ഈ മന്ത്രിമാരെ കൂടാതെയാണ് ആദ്യമായി മന്ത്രിയാകാനുള്ള അവസരം തോമസ് ചാണ്ടിക്ക് ലഭിക്കുന്നത്.

ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനെന്ന നിലയില്‍ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആലപ്പുഴക്കാര്‍. ഇതില്‍ വി.എസ് ഒഴികെ അഞ്ചാളും ജയിച്ചതും ആലപ്പുഴയില്‍ നിന്ന്.

മന്ത്രിമാരുടെ എണ്ണമെടുത്താലും നാലുപേര്‍ ആലപ്പുഴയില്‍ നിന്ന്. ജില്ലയിലെ പൊലീസിന് ഈ മന്ത്രിമാരുടെ എസ്‌കോര്‍ട്ട് വലിയ ചുമതലയാകും.

കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രിയെ കൂടാതെ കെ.കെ ശൈലജയും കടന്നപ്പള്ളിയും മന്ത്രിസഭയിലുണ്ട്.

ആലപ്പുഴയ്ക്ക് ഇത്രയധികം മന്ത്രിമാരുള്ളപ്പോഴും അയല്‍ ജില്ലകളായ എറണാകുളത്തും കോട്ടയത്തും മന്ത്രിമാരില്ല. മൂന്നാം തവണയും എംഎല്‍എ ആയ എ.എം ആരീഫ്, പ്രതിഭാ ഹരി, ആര്‍. രാജേഷ് എന്നിവരൊഴികെ ജില്ലയില്‍ നിന്നും ജയിച്ച ഇടതു മുന്നണി എംഎല്‍മാരെല്ലാവരും മന്ത്രിമാരായി.

ഇ.പി ജയരാജന്‍ രാജിവെച്ചില്ലായിരുന്നുവെങ്കില്‍ കണ്ണൂരിലും ആലപ്പുഴയിലും മന്ത്രിമാരുടെ എണ്ണം നാലുവീതമാകുമായിരുന്നു.