മദ്യപരേ, നിങ്ങള്‍ക്ക് വീണ്ടും കഷ്ടകാലം; ബിയര്‍ പാര്‍ലറുകളും പൂട്ടും

ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന റോഡ് സംബന്ധിച്ച് ഹോട്ടലുടമകള്‍ കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തത ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ദേശീയപാതാ അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചതോടെയാണ് ബാറുകളുടെ കാര്യം പരുങ്ങലിലാകുന്നത്.

മദ്യപരേ, നിങ്ങള്‍ക്ക് വീണ്ടും കഷ്ടകാലം; ബിയര്‍ പാര്‍ലറുകളും പൂട്ടും

ദേശീയ-സംസ്ഥാന പാതകളെ തരംമാറ്റിക്കാണിച്ച് ഹൈക്കോടതിയില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടിയ ബാറുകള്‍ ഉടന്‍ അടച്ചുപൂട്ടും. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന റോഡ് സംബന്ധിച്ച് ഹോട്ടലുടമകള്‍ കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തത ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ദേശീയപാതാ അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചതോടെയാണ് ബാറുകളുടെ കാര്യം പരുങ്ങലിലാകുന്നത്.

സംസ്ഥാനപാതയായും ദേശീയപാതയായും സര്‍ക്കാര്‍ രേഖകളിലും വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിരിക്കുന്ന റോഡുകള്‍ ജില്ലാ റോഡുകളാണെന്നും മറ്റും വാദിച്ചാണ് ബാറുകള്‍ കോടതിയില്‍ നിന്ന് അനുമതി നേടിയിട്ടുള്ളത്. ഇതിനെതിരേ വാദിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ തയ്യാറായിരുന്നുമില്ല. എന്നാല്‍ ഇതിനെതിരേ തൊടുപുഴയിലെ പൊതുപ്രവര്‍ത്തകന്‍ പി കെ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി കൊടുക്കുകയും തൊടുപുഴയില്‍ തുറന്ന മൂന്ന് ബാറുകള്‍ പൂട്ടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് എക്‌സൈസ് വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ദേശീയപാതയില്‍ ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡ് മെട്രോ റോഡാണെന്ന വാദവുമായി ചില ഹോട്ടലുകള്‍ കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയിരുന്നു. എന്നാല്‍ ഈ റോഡില്‍ മെട്രോ റെയിലിന്റെ തൂണുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് ദേശീയപാതയാണെന്ന് വ്യക്തമായതോടെയാണ് നാലു ഹോട്ടലുകള്‍ക്ക് ലൈസന്‍സ് വീണ്ടും നഷ്ടമായത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം നിരവധി ബിയര്‍ പാര്‍ലറുകള്‍ ലൈസന്‍സ് നേടിയതായി എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ്. വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതാണോ അതോ ബാറുടമകള്‍ കൃത്രിമരേഖകള്‍ കോടതിയില്‍ ഹാജരാക്കിയതാണോ എന്ന കാര്യവും എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഹോട്ടലുടമകളുടെ ഹര്‍ജിയില്‍ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പൊതുമരാമത്ത് ചീഫ് എന്‍ജിനിയറെക്കൂടി ഇത്തരം കേസുകളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും എക്‌സൈസ് വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.