ടെക്നോ പാർക്കിൽ ജീവനക്കാരനെയും ഭാര്യയെയും രാത്രിയിൽ തടഞ്ഞു നിർത്തി പൊലീസിന്റെ സദാചാര ആക്രമണം; ഭാര്യയാണെന്നതിന് തെളിവ് വേണം: പൊലീസിനെതിരെ ടെക്കികൾ

പരിശോധനയുടെ പേരിൽ പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നാണു പരാതി. ആറുമാസത്തിനിടെ വനിതകളടക്കം ഇരുപതോളം പേർ പൊലീസിനെതിരെ രം​ഗത്തുവന്നു.

ടെക്നോ പാർക്കിൽ ജീവനക്കാരനെയും ഭാര്യയെയും രാത്രിയിൽ തടഞ്ഞു നിർത്തി പൊലീസിന്റെ സദാചാര ആക്രമണം; ഭാര്യയാണെന്നതിന് തെളിവ് വേണം: പൊലീസിനെതിരെ ടെക്കികൾ

ടെക്നോപാർക്കിൽ സുരക്ഷാ പരിശോധനയുടെ പേരിൽ പൊലീസ് നടത്തുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി ടെക്കികൾ. ജീവനക്കാരനെയും ഭാര്യയെയും രാത്രിയിൽ തടഞ്ഞു നിർത്തി അപമാനിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു ടെക്നോപാർക്ക് സിഇഒയ്ക്കും എച്ച്ആർ മാനേജർക്കും ജീവനക്കാരുടെ സംഘടനപരാതി നൽകി. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിയിൽ നിന്നു മാറ്റി നിർത്തണമെന്നാണ് ടെക്കികളുടെ ആവശ്യം.

രാത്രിയിൽ സഹപ്രവർത്തകർക്കൊപ്പം ടെക്നോപാർക്കിലെത്തിയ ജീവനക്കാരനെയും ഭാര്യയെയുമാണു പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞു നിർത്തി അപമാനിച്ചത്. കാർ പ്രധാന കവാടത്തിൽ എത്തിയപ്പോൾ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. യുവതി ഒഴികെ മറ്റുള്ളവരെല്ലാം ഐഡി കാർഡ് നൽകിയിട്ടും കാർ കടത്തിവിട്ടില്ല. യുവതിയെ ഇറക്കിവിട്ട ശേഷം നിങ്ങൾക്കു പോകാം എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.

തന്റെ ഭാര്യയാണെന്നും പ്രവേശനത്തിനു പാസ് എടുക്കാമെന്നും ജീവനക്കാരൻ പറഞ്ഞപ്പോൾ ഭാര്യ ആണെന്നതിന് എന്താണു തെളിവ് എന്നായി പൊലീസുകാരൻ. പിന്നീടു യുവതിയെ റോഡിൽ ഇറക്കി ഏറെ നേരം നിർത്തിച്ചു. ഭർത്താവ് ഇടപെട്ടപ്പോൾ കൂടുതൽ ഷോ കാണിച്ചാൽ നിന്നെ അകത്താക്കുമെന്നായിരുന്നു ഭീഷണി. പ്രശ്നം വിവാദമായതോടെ ജീവനക്കാരനെയും ഭാര്യയെയും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം പറഞ്ഞു വിടുകയായിരുന്നു.

ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കു കയറാനായി എത്തിയ യുവതിയെ ഏറെ നേരം റോഡിൽ നിർത്തിച്ചെന്നാണു മറ്റൊരു ആക്ഷേപം. ഐഡി കാർഡ് എടുക്കാൻ മറന്നുപോയ ജീവനക്കാരി, പ്രവേശനത്തിനായി തന്റെ കമ്പനിയുടെ പേരും ഐടി നമ്പറും ആദ്യം എഴുതി നൽകി.

കമ്പനിയിൽ വിളിച്ചു അന്വേഷിച്ച ശേഷം കടത്തിവിട്ടാൽ മതിയെന്ന് ഇവർ പറഞ്ഞു. കൂടുതൽ വാചകം അടിക്കാതെ അങ്ങോട്ടു മാറി നിൽക്ക് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പിന്നീടു ബോധപൂർവം തിരക്കഭിനയിച്ച് ഉദ്യോഗസ്ഥൻ മാറിനിന്നു. ശേഷം കമ്പനിയിൽ നിന്നു വിളിച്ചുപറഞ്ഞിട്ടും ഉദ്യോഗസ്ഥർ പ്രവേശനം വൈകിപ്പിച്ചു. കുറേ സമയം ചുറ്റിച്ച ശേഷമാണു കടത്തിവിട്ടതെന്നും പരാതിയുണ്ട്.

രാത്രി വനിതാജീവനക്കാരെ പിക് ചെയ്യാൻ വരുന്ന ബന്ധുക്കളോടും പൊലീസ് മോശമായിട്ടാണ് പെരുമാറുന്നത്. എച്ച്ആർ മാനേജർ ഒപ്പിട്ടു സീൽ ചെയ്ത ജീവനക്കാരുടെ ഐഡി കാർഡിന്റെ പകർപ്പ് ഉണ്ടെങ്കിൽ പിക് ചെയ്യാൻ വരുന്നവരെ പാർക്കിലേക്കു കടത്തി വിടണമെന്നാണു വ്യവസ്ഥ. രാത്രി ഡ്യൂട്ടിയായതിനാൽ പെൺകുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണു പല മാതാപിതാക്കളും അവരെ വിളിക്കാൻ എത്തുന്നത്.

അടുത്തിടെ മകളെ വിളിക്കാൻ വന്ന ശ്രീകാര്യം സ്വദേശിയുടെ പക്കൽ ഐഡി കാർഡിന്റെ കോപ്പി ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ ഇന്നലെ മഴനനഞ്ഞു കോപ്പി നശിച്ചെന്നും പുതിയതു നാളെ ഒപ്പിട്ടു കിട്ടുമെന്നും ഇന്ന് ഒരു ദിവസത്തേക്കു കടത്തിവിടണമെന്നും അദ്ദേഹം അപേക്ഷിച്ചു.

എന്നാൽ ഉദ്യോഗസ്ഥൻ പ്രവേശനത്തിനു അനുമതി നൽകാൻ തയാറായില്ല. വീണ്ടും അപേക്ഷ ഉയർന്നതോടെ കോപ്പി ഇല്ലാതെ കടത്തിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞു. കമ്പനി വിട്ടപ്പോൾ അച്ഛനെ കാണാത്തതു കൊണ്ടു ജീവനക്കാരി കമ്പനി ബസിൽ കയറി കഴക്കൂട്ടത്ത് ഇറങ്ങി. മൊബൈൽ ഫോൺ കൈവശമില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ആ പിതാവു നന്നേ പരിഭ്രമിച്ചു. മകളുടെ നമ്പർ കാണാതെ അറിയാത്തതിനാൽ വഴിയാത്രക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്കു വിളിച്ച ശേഷം മകളുടെ നമ്പർ തരപ്പെടുത്തി. ഒടുവിൽ മകളെ ഫോണിൽ വിളിച്ച ശേഷം ബസ് സ്റ്റോപ്പിൽ എത്തി മകളെയും കൂട്ടി വീട്ടിലേക്കു പോയി.

വാഹനങ്ങൾ തടഞ്ഞു നിർത്തി ഐഡി കാർഡ് പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു ഗതാഗത തടസ്സത്തിനും ജീവനക്കാരുടെ സമയനഷ്ടത്തിനും കാരണമാകുന്നുവെന്നാണു പരാതി. ഡ്യൂട്ടി സമയത്തെ ഫോൺ ഉപയോഗം ശരിയായ പരിശോധനയ്ക്കും തടസ്സമാണ്. ചില സമയങ്ങളിൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ വാഹനങ്ങളെ തടയുന്നത്.

പരിശോധനയുമായി സഹകരിക്കാൻ എല്ലാ ജീവനക്കാരും തയാറാണ്. പക്ഷേ അതിന്റെ പേരിൽ സദാചാര ചോദ്യം ചെയ്യൽ ഉണ്ടായാൽ ശക്തമായി ഇടപെടും. നിലവിൽ ഉണ്ടായ സംഭവം പരിശോധിച്ചു തെറ്റു തിരുത്താൻ ഉദ്യോഗസ്ഥർ തയാറാവണമെന്നും ടെക്കികളുടെ പ്രതിനിധികൾ പറഞ്ഞു. പരിശോധനയുടെ പേരിൽ പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നാണു പരാതി. ആറുമാസത്തിനിടെ വനിതകളടക്കം ഇരുപതോളം പേർ പൊലീസിനെതിരെ രം​ഗത്തുവന്നു. ഏറെ നേരം തടഞ്ഞു നിർത്തുന്നതു മൂലം പഞ്ചിങ് മുടങ്ങി തിരികെ പോകേണ്ടി വരുന്നുവെന്നും ചിലർ പറഞ്ഞു.

Read More >>