എറണാകുളം പൊലീസിന്റെ സദാചാര പൊലീസിങ്; നാരദ റിപ്പോര്‍ട്ടര്‍ക്കും സാമൂഹ്യപ്രവര്‍ത്തകക്കും ഭീകര മര്‍ദ്ദനം

കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് അമൃതയും പ്രതീഷും വിധേയമായിരിക്കുന്നത്. സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തനിക്ക് താങ്ങാനാവാത്ത വിധമുള്ള അവകാശ ലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അമൃത വ്യക്തമാക്കുന്നു. പ്രതീഷിനെ കൈവിലങ്ങണിയിക്കുകയും നഗ്നനാക്കി ലോക്കപ്പിലടയ്ക്കുകയും ചെയ്തു.

എറണാകുളം പൊലീസിന്റെ സദാചാര പൊലീസിങ്; നാരദ റിപ്പോര്‍ട്ടര്‍ക്കും സാമൂഹ്യപ്രവര്‍ത്തകക്കും ഭീകര മര്‍ദ്ദനം

"രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?'' ഈ ജാതി തെറി വിളിച്ചത് വേറാരുമല്ല, എറണാകുളത്തെ ജനമൈത്രി പൊലീസാണ്. കോഴിക്കോട് വടകര സ്വദേശിനിയും ദളിതയും സാമൂഹിക പ്രവര്‍ത്തകയുമായ ബര്‍സ എന്നറിയപ്പെടുന്ന അമൃത ഉമേഷിനെയാണ് ഇത്തരത്തില്‍ ജാതീയമായി പൊലീസ് തെറി വിളിച്ചത്. അവള്‍ ചെയ്ത കുറ്റം രാത്രി ഒറ്റക്ക് റെയില്‍വെ സ്റ്റേഷനിലേയ്ക്ക് യാത്ര ചെയ്തു എന്നതും.

അതിശക്തമായ സദാചാര പൊലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമാണ് അമൃതയും നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമയും വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് വിധേയമായത്. സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാവിലെ രണ്ടര മണിക്കുള്ള ട്രെയിനില്‍ വീട്ടിലേയ്ക്ക് പോകാന്‍ വേണ്ടി നടന്നു പോകുകയായിരുന്ന അമൃതയെ പോലീസുകാര്‍ മാതൃഭൂമി ജങ്ഷനു സമീപം വെച്ച് വളയുകയായിരുന്നു. നേരത്തെ അതുവഴി കടന്നുപോയ രണ്ട് പുരുഷ പൊലീസുകാര്‍ അമൃതയെ ചോദ്യം ചെയ്ത് വിട്ടു. തുടര്‍ന്നാണ് വന്‍ പൊലീസ് സന്നാഹം അമൃതയെ വളയുന്നത്. താന്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞ അമൃതയോട് നേരത്തെ സൂചിപ്പിച്ച തെറിവിളികള്‍ നടത്തുകയായിരുന്നു പോലീസ്.

താന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വരികയാണ് എന്ന് പറഞ്ഞ അമൃതയെ കൊണ്ട് പ്രതീഷിനെ ഫോണില്‍ പൊലീസ് വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരെയും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കുപറ്റിയ പ്രതീഷ് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് രാത്രി ഇരുവരെയും മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തത്. പുറത്തുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കാന്‍ പോലും കഴിയാത്തവിധം ഇരുവരുടെയും ഫോണ്‍ ഉള്‍പ്പെടെ വസ്തുവകകള്‍ പിടിച്ചുവാങ്ങി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്. മഫ്തി വേഷത്തില്‍ വന്ന പുരുഷപൊലീസ് ആണ് അമൃദയ്ക്കു നേരെ ജാതി അധിക്ഷേപം നടത്തിയത്. കയ്യിലും കാലിലും ചരടുണ്ടല്ലോ, ഇവള്‍ മാവോയിസ്റ്റാണ് എന്നാണ് ത്രേസ്യ അമൃതയോട് പറഞ്ഞത്. അമൃതയ്ക്ക് ധാര്‍ഷ്ട്യം കൂടുതലാണ് എന്നാണ് പൊലീസിന്റെ വേറൊരു പരാതി. ത്രേസ്യയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയായ പ്രീത ആന്റണിയും ചേര്‍ന്നാണ് അമൃതയെ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

അമൃതയുടെ വീട്ടുകാരെ രാത്രി തന്നെ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചു. കോഴിക്കോട് വടകരയാണ് അമൃതയുടെ വീട്. വീട്ടുകാര്‍ രാവിലെ 11 മണിയോടെ പൊലീസ് സ്‌റ്റേഷനിലെത്തുന്നതുവരെ അമൃതയെ സ്‌റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു. മറ്റുള്ളവരെയൊന്നും വിളിക്കാനോ വിവരം അറിയിക്കാനോ സമ്മതിച്ചില്ല എന്നുമാത്രമല്ല, എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ അമൃതയോട് അപമര്യാദയായി പെരുമാറുകയും വൃത്തികെട്ട അശ്ലീലങ്ങള്‍ അടങ്ങിയ തെറികള്‍ വിളിക്കുകയുമായിരുന്നു.

അമൃതയുടെ ബാഗ് മുഴുവനും പോലീസ് പരിശോധിക്കുകയും അമൃതയുടെ സ്വകാര്യ ഡയറി പരസ്യമായി വായിക്കുകയും അവളെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു പൊലീസ്. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കില്ല എന്നുള്ള കടുത്ത ധാര്‍ഷ്ട്യമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല ഇതേ ഡയറി അവളുടെ അച്ഛനെക്കൊണ്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് വായിപ്പിക്കുകയും ചെയ്തു.

പ്രതീഷ് അമൃതയുടെ ബോയ്ഫ്രണ്ടാണോ, എല്ലാ ദിവസവും പ്രതീഷിന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ടോ, തുടങ്ങിയ വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്ന അശ്ലീലം നിറഞ്ഞ ചോദ്യങ്ങളും അമൃതയ്ക്ക് ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹമാണെന്നുള്ളതെന്നും പൊലീസ് പറഞ്ഞതായി അമൃത പറഞ്ഞു.

പ്രതീഷിനോട് പൊലീസ് ചെയ്തത്

മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് രമയെ അതി ക്രൂരമായാണ് പൊലീസ് കൈകാര്യം ചെയ്തത്. അമൃതയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചു വരുത്തിയ പ്രതീഷിനെ വന്നപാടെ തന്നെ പൊലീസ് അസഭ്യം വിളിക്കാന്‍ തുടങ്ങി. അമൃതയോടും തന്നോടും അപമര്യാദയായി പെരുമാറിയ പൊലീസിനോട് ഞങ്ങള്‍ കുറ്റവാളികളല്ല എന്നും ഇവിടെ പൗരന് ലഭിക്കുന്ന അവകാശങ്ങളുണ്ട് എന്നും പ്രതീഷ് പറയുകയായിരുന്നു. ഇത് കേട്ടപാടെ, ''ഞങ്ങളെ പൗരാവകാശം പഠിപ്പിക്കാറായോ തായോളി'' എന്ന തെറിവിളിയോടെ പ്രതീഷിനെ വിനോദ് എന്ന പൊലീസുകാരന്‍ തലപിടിച്ച് അടുത്തുള്ള കടയുടെ ഷട്ടറില്‍ ഇടിയിക്കുകയും നിരക്കുകയും ചെയ്തു. താനും അമൃതയും നേരിടുന്ന ആക്രമണത്തെ ഫേസ്ബുക്ക് ലൈവ് കാണിക്കാന്‍ ശ്രമിച്ച പ്രതീഷിന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും പ്രതീഷിനെ കൈവിലങ്ങണിയിച്ച് ജീപ്പിലേയ്ക്ക് എറിയുകയായിരുന്നു. വിനോദ് ജീപ്പിന്റെ മുമ്പില്‍ ഇരുന്നുകൊണ്ട് മുഖത്തടിയ്ക്കുകയും പ്രതീഷിനെ വളച്ച് കുനിച്ച് മുതുകത്ത് മുട്ടുകയറ്റിയിടിക്കുകയും ചെയ്തു. അപ്പോഴൊക്കെയും പ്രതീഷ് അവരോട് അവര്‍ ചെയ്യുന്നത് മനുഷ്യാവകാശലംഘനമാണെന്നും താനൊരു മാധ്യമപ്രവര്‍ത്തകനാണ് എന്നും വ്യക്തമാക്കിക്കൊണ്ടിരുന്നു. അത് കേട്ട അവര്‍ വീണ്ടും വീണ്ടും പ്രതീഷിനെ തല്ലുകയായിരുന്നു.

സ്റ്റേഷനില്‍ വളരെ സമയമെടുത്താണ് പോലീസ് എത്തിച്ചേര്‍ന്നത്. റോഡിലൂടെ ചുറ്റുകയായിരുന്നു. ''നീ കൂടുതല്‍ ഞങ്ങളോട് കളിക്കണ്ട. വേണ്ടിവന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും'' എന്നാണ് വിനോദും കൂട്ടരും പ്രതീഷിനോട് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പ്രതീഷിനെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. ''ഇവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയണം'' എന്ന് പറഞ്ഞാണ് പൊലീസ് പ്രതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

തന്നെ മുഖത്തും മുതുകത്തും പൊലീസ് പൊതിരെ തല്ലിയിട്ടുണ്ട്, അത് രേഖപ്പെടുത്തണമെന്ന് അവിടെ വെച്ച് ഡോക്ടറോട് പ്രതീഷ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അത് റെക്കോര്‍ഡ് ചെയ്തു. അപ്പോള്‍ പരിഹസിച്ച് ചിരിക്കുകയായിരുന്നു പൊലീസ്. വാഹനത്തില്‍ വെച്ച് പ്രതീഷിനെ മാവോയ്‌സ്റ്റ് ആയി ചിത്രീകരിക്കാനുള്ള ശ്രമവും ഇതിനകം പൊലീസ് ചെയ്യുന്നുണ്ടായിരുന്നു. താനൊരു മാധ്യമപ്രവര്‍ത്തകനാണെന്ന് പ്രതീഷ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

സ്‌റ്റേഷനില്‍ എത്തിയിട്ടും പൊലീസിന്റെ കലി അടങ്ങിയില്ല. തളര്‍ന്ന് കസേരയില്‍ വീണുപോയ പ്രതീഷിനെ അവര്‍ അവിടെ നിന്നും എഴുന്നേല്‍പ്പിക്കുകയും കസേര അവിടെന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പ്രതീഷിന്റെ വസ്ത്രങ്ങളെല്ലാം പൊലീസ് നിര്‍ബന്ധിച്ച് അഴിച്ചുമാറ്റി. വെറും അണ്ടര്‍വയറില്‍ പ്രതീഷിനെ സെല്ലിലിട്ടു പൂട്ടി.

സെല്ലിനു നേരെ ഒരു സിസി ടിവി ക്യാമറ പോലീസ് സ്‌റ്റേഷനില്‍ ഉണ്ട്. അതിന്റെ ഡിസ്‌പ്ലെ സ്റ്റേഷനു പുറത്തെ റിസപ്ഷനിലാണ് വെച്ചിരിക്കുന്നത്. വരുന്നവരും പോകുന്നവരും ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് പോകുക. അത്രമാത്രം പരിഹാസവും പീഡനവുമാണ് പൊലീസില്‍ നിന്ന് നേരിട്ടത് എന്ന് പ്രതീഷ് പറഞ്ഞു.

''ഞാന്‍ ഈ ദിവസത്തെ തന്നെ വെറുക്കുന്നു. പിറ്റേദിവസം വൈകുന്നേരമായിക്കാണും ഈ പീഡനങ്ങള്‍ നീണ്ടത് എന്ന് കരുതി അടുത്തുള്ള പൊലീസിനോട് ഞാന്‍ സമയം ചോദിച്ചു. അപ്പോഴാണ് രാവിലെ 9 മണി മാത്രമേ ആയിട്ടുള്ളു എന്ന് മനസിലാകുന്നത്. അപ്പോള്‍ ഞാന്‍ എത്രമാത്രം കാരാഗ്രഹത്തിലായിരിക്കും അടയ്ക്കപ്പെട്ടത് എന്ന് ഊഹിക്കാമല്ലോ. ജീവിതത്തില്‍ ഇത്രേം അപമാനം അനുഭവിച്ച ദിവസം വേറെയില്ല.'' പ്രതീഷ് പറഞ്ഞു.

രാവിലെ 9 മണിയോടെ എസ്ഐ വിപിന്‍ ദാസ് സ്റ്റേഷനില്‍ ട്രാക് സ്യൂട്ടില്‍ എത്തി. ''നീ വലുതായിട്ട് കളിക്കാന്‍ നില്‍ക്കണ്ട. നിന്റെ തലയില്‍ വലിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ ഞങ്ങള്‍ക്കാകും. മറക്കണ്ട'' വിപിന്‍ദാസ് പ്രതീഷിനെ ഭീഷണിപ്പെടുത്തുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് പുറത്തുപോയ വിപിന്‍ ദാസ് പത്തരയോടെയാണ് സ്‌റ്റേഷനില്‍ എത്തിയത്. അവിടെ വരുന്നവരും പോകുന്നവരുമായ എല്ലാ പോലീസുകാരും തന്നെ അവഹേളിച്ചുവെന്ന് പ്രതീഷ് പറയുന്നു.

പതിനൊന്നര മണിയോടെയാണ് പ്രതീഷിനെ സ്റ്റേഷനില്‍ നിന്നും പുറത്തുവിട്ടത്. അപ്പോഴാണ് പ്രതീഷിന് ഫോണ്‍ ലഭിക്കുന്നതും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതും. അപ്പോഴും പൊലീസ് ക്രൂരത കാണിച്ചു. തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ടാകാതിരിക്കാന്‍ അതിലെ മൊത്തം വിവരങ്ങളും ഡിലീറ്റ് ചെയ്തു എന്ന് മാത്രമല്ല സോഫ്ട് വെയര്‍ തകര്‍ക്കുകയും ചെയ്തു. ആൻഡ്രോയിഡ് അക്കൗണ്ട് തന്നെ ഡിലീറ്റാക്കി. ഒരു ഫോണ്‍നമ്പറും പ്രതീഷിന് ലഭിക്കരുത് എന്നും പെട്ടെന്ന് ആരുമായും ബന്ധപ്പെടരുത് എന്നും പൊലീസുകാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

പ്രതീഷിനെ കൈവിലങ്ങണിയിക്കുകയും നഗ്നനാക്കി ജയിലിലടയ്ക്കുകയും ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് അമൃതയും പ്രതീഷും വിധേയമായിരിക്കുന്നത്. സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തനിക്ക് താങ്ങാനാവാത്ത വിധമുള്ള അവകാശ ലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന് അമൃത വ്യക്തമാക്കുന്നു.

രാത്രി അമൃതയെ കസ്റ്റഡിയിലെടുത്തതും പ്രതീഷിനെ വിളിച്ചു വരുത്തിയതും നോര്‍ത്ത് പൊലീസ് സമ്മതിച്ചു. രാത്രി അസമയത്ത് സ്ത്രീകള്‍ റോഡില്‍ കണ്ടാല്‍ പിന്നെ എന്തു ചെയ്യണം എന്ന് നാരദയോട് പൊലീസ് ചോദിക്കുന്നു. രാവിലെ വടകരയില്‍ നിന്ന് അമൃതയുടെ പിതാവിനെ വിളിച്ചു വരുത്തിയതും സമ്മതിച്ചു. സദാചാര ഗുണ്ടായിസമല്ല, സ്ത്രീ സുരക്ഷയാണ് നടപ്പാക്കിയതെന്നാണ് പൊലീസിന്റെ ഭാഷ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതീഷും അമൃതയും പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Read More >>