ഞാൻ നാദാപുരത്തിന്റെ കപട സദാചാരത്തിന്റെ ഇര: അജിൻ ലാല്‍

സുഹൃത്തുക്കളും ബന്ധുക്കളും വിളച്ചറിയിച്ചപ്പോഴാണ് പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് അജിന് ബോധ്യമായത്. കോളേജ് അധികൃതര്‍ ഈ വിഷയത്തിലിടപെട്ടില്ല. രണ്ടു ദിവസത്തേക്ക് കോളേജിലേക്ക് വരേണ്ടന്ന് കോളേജ് അധികൃതര്‍ അജിനെ വിളിച്ചറിയിച്ചു. സംഭവം നാട്ടിലറിഞ്ഞതോടെ നിശ്ചയിച്ചുറപ്പിച്ച സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലെത്തി. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ജോലി രാജിവയ്ക്കാൻ തീരുമാനിച്ചു- എംഇടി കോളേജിലെ അധ്യാപകൻ അജിൻ ലാല്‍ സംസാരിക്കുന്നു

ഞാൻ നാദാപുരത്തിന്റെ കപട സദാചാരത്തിന്റെ ഇര: അജിൻ ലാല്‍

സ്വപ്‌ന സ്ഖലനത്തെക്കുറിച്ച് കവിത എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അധ്യാപകന് നേരെ വിദ്യാര്‍ത്ഥികളുടെ സൈബര്‍ ആക്രമണവും വ്യക്തിഹത്യയും. കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകന്‍ അജിന്‍ ലാലാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. കവിതകളും കുറിപ്പുകളുമെഴുതുന്ന അജിന്‍ കഴിഞ്ഞദിവസമാണ് പ്രണയത്തെക്കുറിച്ചും സ്വപ്‌നസ്ഖലനത്തെക്കുറിച്ചു നാലുവരി കവിത കുറിച്ചത്. 'സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ് സ്വപ്ന സ്ഘലനം സംഭവിക്കുന്നത്... ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു. എന്റെ തുടകള്‍ നനഞ്ഞു എന്നു ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള്‍ തന്നെ ആയിരുന്നു.' - എന്ന പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ അധ്യാപകനു നേരെ ഫേസ്ബുക്കില്‍ ആക്രമണം തുടങ്ങുകയായിരുന്നു.


ലൈംഗികതയുമായി ബന്ധപ്പെട്ട വരികള്‍ അശ്ലീലമാണെന്ന് ആരോപിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ കമന്റുകള്‍ ചെയ്തു. കുറച്ചു വിദ്യാര്‍ത്ഥികള്‍ ഇന്‍ബോക്‌സിലെത്തി കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിച്ചുവെന്ന് അജിന്‍ പറയുന്നു. വരികള്‍ ഏതു വിദ്യാര്‍ത്ഥിനിയെ ഉദ്ദേശിച്ചാണ് എഴുതിയതെന്ന് ചിലര്‍ ചോദിച്ചു. വൈകുന്നേരത്തോടെ അജിന് പിന്തുണ പ്രഖ്യാപിച്ച് സഹൃത്തുക്കള്‍ പോസ്റ്റിട്ടതോടെ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കിലെ ആക്രമണം നിര്‍ത്തി വാട്ട്‌സ്ആപ്പിലേക്ക് കേന്ദ്രീകരിച്ചു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രചരിപ്പിച്ച് ​ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ ആരംഭിച്ചു. എംഇടി കോളേജിലെ അധ്യാപകന്റെ മനസ്സിലരിപ്പ് ഇതാണ്, ഇവനെ പുറത്താക്കാന്‍ മാക്‌സിമം ഷെയര്‍ ചെയ്യുക എന്ന അടിക്കുറിപ്പോടെ സ്‌ക്രീന്‍ ഷോട്ട് നാദാപുരത്ത് വൈറലായി.

സുഹൃത്തുക്കളും ബന്ധുക്കളും വിളച്ചറിയിച്ചപ്പോഴാണ് പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് അജിന് ബോധ്യമായത്. കോളേജ് അധികൃതര്‍ ഈ വിഷയത്തിലിടപെട്ടില്ല. രണ്ടു ദിവസത്തേക്ക് കോളേജിലേക്ക് വരേണ്ടന്ന് കോളേജ് അധികൃതര്‍ അജിനെ വിളിച്ചറിയിച്ചു. സംഭവം നാട്ടിലറിഞ്ഞതോടെ നിശ്ചയിച്ചുറപ്പിച്ച സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലെത്തി. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ജോലി രാജിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയ അജിന്‍ നിലപാട് വിശദീകരിച്ച് മറ്റൊരു പോസ്റ്റ് കൂടി ഇട്ടു. കവിത വായിച്ചു മനസ്സിലാക്കാനുള്ള ആസ്വാദന ശേഷിയില്ലെങ്കിലും കുഴപ്പമില്ല, വളച്ചൊടിച്ച് വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ദുഃഖത്തിന്റെ പശ്ചാത്തലത്തിലെഴുതിയ വരികളുടെ പേരില്‍ 17 വര്‍ഷം കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയ കരിയര്‍ ഉപേക്ഷിക്കുകയാണ് എന്നതായിരുന്നു വിശദീകരണ പോസ്റ്റിലെ ഉള്ളടക്കം. പോസ്റ്റ് വായിച്ച കുറച്ചു വിദ്യര്‍ത്ഥികള്‍ കമന്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചു. എന്നാല്‍ മറ്റൊരിടത്ത് അജിനെതിരായുള്ള വിദ്വേഷ പ്രചരണം നടക്കുന്നുണ്ടായിരുന്നു.


എംഇടി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അജിന്‍ പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഇതേ കോളേജിലേക്ക് അധ്യാപകനായി മടങ്ങിയെത്തിയത് ഇഷ്ടപ്പെടാത്ത ചിലരാണ് ഇതിനു പിന്നിലെന്ന് അജിന്‍ പറയുന്നു. വീട്ടിലെ ഏക സ്ഥിര വരുമാനക്കാരനായ താന്‍ ജോലി രാജി വച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ചിന്തിച്ചതിനു ശേഷമാണ് ചെന്നൈക്കു പോകാന്‍ തീരുമാനമെടുത്തത്. പല ജോലികളും ചെയ്തിട്ടുണ്ടെങ്കിലും അധ്യാപനം അത്രയും ഇഷ്ടമായതുകൊണ്ടാണ് പഠിപ്പിക്കാന്‍ വരുന്നത്. എന്റെ ജോലിയില്‍ ആരുമെന്നെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അജിന്‍ പറയുന്നു.


വിശദീകരണ പോസ്റ്റിനു ശേഷം നാല് സഹപ്രവര്‍ത്തകര്‍ അജിനെ കണ്ടു പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു ഫോണ്‍ കോൾ പോലുമുണ്ടായിട്ടില്ലെന്ന് അജിൻ പറയുന്നു. ഒരു വിശദീകരണമെങ്കിലും ആവശ്യപ്പെടാത്തതില്‍ വിഷമമുണ്ടെന്ന് അജിന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ നല്ലവരായ സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ജോലി രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നു പിൻമാറിയെന്ന് അജിന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.


ഫേസ്ബുക്കില്‍ നാലുവരി എഴുതിയതിന്റെ പേരില്‍ തനിക്കു നഷ്ടമായത് മാനവും മൂന്നു പ്രവൃത്തി ദിവസങ്ങളുമാണ്. നാദാപുരത്തിന്റെ കപട സദാചാരത്തിന്റെ ഇരയാണ് താന്‍. ഈ വിഷയത്തില്‍ ജോലി രാജി വച്ചുപോയാല്‍ തനിക്കൊരിടത്തും അധ്യാപകനായി ജോലി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ പിന്തുണയുടെ ധൈര്യത്തില്‍ മുന്നോട്ടുന്നെ പോകാനാണ് തീരുമാനമെന്ന് അജിന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


Read More >>