തിരുവനന്തപുരം നഗരത്തില്‍ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി; ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ താരം

സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പ് ഒരു സൗഹൃദ സദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ത്ത തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം നഗരത്തില്‍ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി; ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ താരം

സൂപ്പര്‍സ്റ്റാര്‍ പരിവേഷമില്ലാതെ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരം നഗരം ചുറ്റാനിറങ്ങിയതിന്റെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കേരള കൗമുദിയാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിള്‍ ചവിട്ടിയ മോഹന്‍ലാല്‍ അഞ്ചുമണിയോടെ തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിന് തൊട്ടുമുന്നെയായിരുന്നു സൈക്കിള്‍ സവാരി.

ഒരുകാലത്ത് താന്‍ ഒരുപാട് സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സൈക്കിളില്‍ കറങ്ങണമെന്നത് മോഹന്‍ലാലിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അന്ന് സ്വന്തം സ്‌കൂട്ടരിലും ചിലപ്പോള്‍ കൂട്ടുകാരുടെ സൈക്കിളിന്റെ പിറകിലും മുന്‍പിലുമൊക്കെയായാണ് മോഹന്‍ലാല്‍ വീട്ടിലേക്ക് പാതിരാത്രിയില്‍ തിരിച്ചുപോയിരുന്നത്. സ്റ്റാച്യുവിലെ മാധവന്‍ നായരുടെ പ്രതിമചുറ്റി എംജി റോഡിലൂടെ വടക്കോട്ടുപോയ മോഹന്‍ലാല്‍ കോഫിഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നു. പുലര്‍ച്ചെയായതിനാല്‍ നഗരത്തില്‍ ആളുകള്‍ തീരെ കുറവായിരുന്നു. എങ്കിലും പ്രഭാതസവാരിക്കിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോട് പുഞ്ചിരിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. കോഫിഹൗസിന് മുന്നിലൂടെ സൈക്കിള്‍ തള്ളിക്കൊണ്ട് നടന്നു.

സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പ് ഒരു സൗഹൃദ സദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ത്ത തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ട്. സൈക്കിള്‍ യാത്രയില്‍ അടുത്ത സുഹൃത്തുക്കളും താരത്തിനൊപ്പമുണ്ടായിരുന്നു.