മമ്മൂട്ടിയും മോഹന്‍ലാലും കുടിക്കുന്ന വിഷജലം; 35 ലക്ഷം എറണാകുളം നിവാസികളുടെ ജലത്തില്‍ രാസമാറ്റം

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എറണാകുളം ജില്ലയിലെ 35 ലക്ഷം ജനങ്ങള്‍ കുടിവെള്ളത്തിനായി പെരിയാറിനെ ആശ്രയിക്കുന്നുണ്ട്. ദിവസവും മുന്നൂറു ദശലക്ഷം ലിറ്ററിൽ അധികം വെള്ളമാണ് പെരിയാറില്‍ നിന്നു ശുദ്ധീകരിച്ചു വിതരണം നടത്തുന്നത്. പെരിയാര്‍ നദിയുടെ വ്യവസായ മേഖലയുമായി ചേര്‍ന്ന പ്രദേശങ്ങള്‍ രൂക്ഷമായ രാസമാലിന്യങ്ങളുടെ ഹോട്ട്‌സ്‌പോട്ട് ആണെന്ന് 2000ല്‍ ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യാവസായിക -ഗാര്‍ഹിക മാലിന്യങ്ങളോ, ഉപ്പുവെള്ളമോ ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല.

മമ്മൂട്ടിയും മോഹന്‍ലാലും കുടിക്കുന്ന വിഷജലം; 35 ലക്ഷം എറണാകുളം നിവാസികളുടെ ജലത്തില്‍ രാസമാറ്റം

ഗുരുതര രാസമാലിന്യങ്ങളുടെ ഇടമാണു പെരിയാര്‍ നദിയെന്നു വിദേശ സര്‍വ്വകലാശാലകളുടെ അടക്കമുള്ള ഗവേഷണ വിഭാഗങ്ങളുടേയും വിവിധ ഏജന്‍സികളുടേയും അറുപതിലേറെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടും മാലിന്യമൊഴുക്കുന്ന വ്യവസായ ശാലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ലക്ഷക്കണക്കിനു ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാറില്‍ രാസമാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്.

പെരിയാര്‍ നദിയും വേമ്പനാട് കായലും വ്യാപകമായി രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെടുന്നത് 1943 ല്‍ വ്യവസായ മേഖലയുടെ കടന്നുവരവോടുകൂടിയാണ്. ഇന്നു പെരിയാറിന്റെ തീരത്തുള്ള വ്യവസായ മേഖലയില്‍ 270 വ്യവസായ ശാലകളുണ്ട്. റെഡ് കാറ്റഗറിയിലുള്ള (ഗുരുതര മലിനീകരണ സാധ്യതയുള്ളത്) വ്യവസായ ശാലകള്‍ 98 ഉം, ഓറഞ്ച് കാറ്റഗറിയിലുള്ളവ 109-ും ആണ്.

രാസമാലിന്യത്തിന്റെ ഹോട്ട്സ്പോട്ട്

1982ല്‍ വ്യവസായ ശാലകള്‍ പെരിയാറില്‍ തള്ളുന്ന മലിനജലം 260 ദശലക്ഷം ലിറ്ററാണെന്നു കണ്ടെത്തിയിരുന്നു. രാസമലിനജലത്തിലൂടെ പുഴയുടെ വൃഷ്ടിപ്രദേശത്ത് അപകടകരമായ ഘനലോഹങ്ങള്‍ വര്‍ഷം തോറും എത്തിച്ചേരുന്നതു ടണ്‍ കണക്കിലെന്ന തോതിലാണ്. മെര്‍ക്കുറി 2000 കിലോ, സിങ്ക് 7500 കിലോ, ഹെക്സാവാലന്റ് ക്രോമിയം - 1476 കിലോ, കോപ്പര്‍ 327 കിലോ എന്നിങ്ങനെയാണു വർഷംതോറും പെരിയാറില്‍ അടിയുന്ന രാസമാലിന്യങ്ങളുടെ അളവെന്നു പെരിയാര്‍ നദിയിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച ഡോ. ജി ഡി മാര്‍ട്ടിന്‍ പറയുന്നു.


ഒരു മില്ലീഗ്രാം ഘനലോഹങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും അപകടകരമാകുമ്പോഴാണു നിയമന്ത്രണമില്ലാതെ രാസമലിനീകരണം തുടരുന്നത്. പെരിയാറില്‍ നിന്ന് ആവശ്യാനുസരണം വെള്ളമെടുക്കാനും ചെലവുകുറച്ചു ലാഭം വർദ്ധിപ്പിക്കുന്നതിനായി യാതൊരു ശുദ്ധീകരണവും കൂടാതെ രാസമാലിന്യം നിര്‍ബാധം തള്ളാനും പതിറ്റാണ്ടുകളായി മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമാണിത്. 1980ല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പഠനത്തിലാണു പെരിയാറിന്റെ രാസവ്യവസായ മലിനീകരണം അതീവ രൂക്ഷമാണെന്നും ശ്രദ്ധ വേണമെന്നും ആദ്യമായി മുന്നറിയിപ്പു നല്‍കുന്നത്.

പെരിയാര്‍ നദിയുടെ മലിനീകരണത്തിന്റെ രൂക്ഷതയെക്കുറിച്ചു 37 കൊല്ലമായി ഉയര്‍ന്നുവന്നിട്ടുള്ള പഠനങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമെല്ലാം നടപടികളില്ലാതെ വെറും കടലാസില്‍ അവശേഷിക്കുകയാണ്. 2015ല്‍ ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലൂടെ രാസമാലിന്യം പേറി ചുവപ്പ്, ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ പെരിയാര്‍ ഒഴുകിയത് 44 തവണയാണ്. 23 തവണ വലിയ രീതിയില്‍ മത്സ്യക്കുരുതിയുണ്ടായി. 2016ല്‍ പുഴ നിറം മാറി ഒഴുകിയത് 28 തവണ ആണ്. കുടിവെള്ള സംഭരണ മേഖലയിലാണ് ഇതു സംഭിവിക്കുന്നത്.