മഹിജ ആർഎസ്എസിന്റേയും യുഡിഎഫിന്റേയും കൈയിൽ; പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് എം എം മണി

പൊലീസ് നടപടിയിൽ വീഴ്ച വന്നിട്ടില്ലെന്നും ജിഷ്ണുവിന്റെ കുടുംബം ആർഎസ്എസിന്റെയും യുഡിഎഫിന്റേയും കൈയിലാണെന്നും എം എം മണി പറഞ്ഞു. അവരെ ആ പാർട്ടികൾ ഉപയോ​ഗപ്പെടുത്തുകയാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

മഹിജ ആർഎസ്എസിന്റേയും യുഡിഎഫിന്റേയും കൈയിൽ; പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് എം എം മണി

തിരുവനന്തപുരത്ത് ഡിജിപി ഓഫീസിനു മുന്നിൽ ‌ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി എം എം മണി. പൊലീസ് നടപടിയിൽ വീഴ്ച വന്നിട്ടില്ലെന്നും ജിഷ്ണുവിന്റെ കുടുംബം ആർഎസ്എസിന്റെയും യുഡിഎഫിന്റേയും കൈയിലാണെന്നും എം എം മണി പറഞ്ഞു. അവരെ ആ പാർട്ടികൾ ഉപയോ​ഗപ്പെടുത്തുകയാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ഡിജിപി ഓഫിസിനു മുന്നില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യും. അത് സ്വാഭാവികമാണ്. കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്ത ശേഷം തന്നെ മുഖ്യമന്ത്രി കാണാൻ വന്നാൽ മതിയെന്നാണ് ജിഷ്ണുവിന്റെ അമ്മ പറഞ്ഞിരുന്നത്. ആയിക്കോട്ടെ, അവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. അവർക്കായി സർക്കാരിനെ കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും.

കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകി. ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചു. സുപ്രീംകോടതിയിൽ അവർക്കായി വാദിച്ചു. നിലവിൽ സുപ്രീംകോടതിയിൽ ഉൾപ്പെടെ ആ കേസിനുവേണ്ട കാര്യങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിക്രമത്തിൽ പ്രതിഷേധിച്ചും പ്രതികൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് മഹിജ ആശുപത്രിയിൽ നിരാഹാരസമരം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനെ ന്യായീകരിച്ചു രം​ഗത്തെത്തിയിരുന്നു. എന്നാൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യൂതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിബി അം​ഗം എം എ ബേബിയും പൊലീസ് നടപടിയെ വിമർശിക്കുകയാണുണ്ടായത്. പൊലീസിന്റെ നിലപാടിനെതിരെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് എം എം മണിയുടെ ന്യായീകരണം.

Read More >>